ബെയ്റൂട്ട്: ചരിത്രത്തിലെ ദുരന്തങ്ങളും തുടർച്ചയായ പീഡനങ്ങളും അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസത്തെ തകർത്തില്ലെന്നും മറിച്ച് അവരുടെ ക്രൈസ്തവ സ്വത്വം കൂടുതൽ ദൃഢമാക്കിയെന്നും അർമേനിയൻ കത്തോലിക്ക സഭയുടെ തലവൻ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തൊന്നാമൻ മിനാസിയാൻ.‘ഇഡബ്ല്യുടിഎൻ ന്യൂസ്’ ‘എസിഐ മെന’യുമായി സഹകരിച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പാത്രിയാർക്കീസ് ഇക്കാര്യം വ്യക്തമാക്കിയത്.
1915-ലെ അർമേനിയൻ വംശഹത്യ ഉൾപ്പെടെയുള്ള ചരിത്രത്തിലെ ദുരന്തങ്ങൾ അർമേനിയൻ ജനതയുടെ വിശ്വാസജീവിതത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചെങ്കിലും, അവ പ്രത്യാശ കൈവിടാൻ കാരണമായില്ലെന്ന് അദ്ദേഹം പറഞ്ഞു.പീഡനങ്ങളുടെയും പ്രതിസന്ധികളുടെയും കാലഘട്ടങ്ങളിൽ ക്രിസ്തീയ വിശ്വാസത്തിൽ കൂടുതൽ ഉറച്ചുനിൽക്കാനും തങ്ങളുടെ ദൗത്യത്തിൽ വിശ്വസ്തരായിരിക്കാനും അർമേനിയൻ ക്രൈസ്തവർക്ക് കഴിഞ്ഞതായി പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലും മറ്റു പ്രദേശങ്ങളിലും ക്രൈസ്തവർ വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്ന സാഹചര്യത്തിലും ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അർമേനിയൻ ക്രൈസ്തവർക്കും സഭയുടെ സ്വത്തുക്കൾക്കുമെതിരെ ഉയരുന്ന സമ്മർദ്ദങ്ങളിലും ബാഹ്യ ഇടപെടലുകളിലും ജാഗ്രതയും ആവശ്യമായ ഇടപെടലുകളും വേണമെന്നും പാത്രിയാർക്കീസ് പറഞ്ഞു.
ദൈവത്തിന്റെ ദിവ്യപരിപാലനത്തിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന അർമേനിയൻ കത്തോലിക്കർ ക്രിസ്തുവിനും അവിടുത്തെ രക്ഷാകര ദൗത്യത്തിനും സാക്ഷികളായി തുടരണമെന്നും പാത്രിയാർക്കീസ് ബെദ്രോസ് അഭ്യർത്ഥിച്ചു. പ്രതിസന്ധികൾക്കിടയിലും വിശ്വാസവും പ്രത്യാശയും കൈവിടാതെ പ്രവർത്തിക്കുന്നതിലൂടെയാണ് ക്രിസ്ത്യാനികൾ ലോകത്തിന് രക്ഷയുടെയും നിത്യജീവന്റെയും സന്ദേശം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
