തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം.
ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിലുള്ളവർക്കായി നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികൾക്ക് തുടക്കമായി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ രജതജൂബിലി സ്മാരകമായി നിർമിച്ച 40 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പാവപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതിയും ചടങ്ങിൽ ആരംഭിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ പദ്ധതിയുടെ പ്രകാശനം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് സഹായമാകുന്നതാണ് പദ്ധതി.കർദിനാൾ മാർ ക്ലീമിസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ സമൂഹബലിയോടെയാണ് സമാപന പരിപാടികൾക്ക് തുടക്കമായത്. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി.പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ എന്നിവർ മുഖ്യാതിഥികളായി.വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും ജനപ്രതിനിധികളും സാമൂഹിക-വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ജോസഫ് മാർ ദിവന്നാസിയോസ്, പത്മശ്രീ എം.എ. യൂസഫലി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ. മുരളീധരൻ, കെ.എൻ. ബാലഗോപാൽ എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.രജതജൂബിലി ആഘോഷങ്ങൾക്ക് ലഭിച്ച പിന്തുണയ്ക്ക് മാർ ക്ലീമിസ് ബാവ നന്ദി പറഞ്ഞു.

