കൊച്ചി: ആത്മീയ ചിന്തകളും തിരുവചന വ്യാഖ്യാനങ്ങളും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകളും സർഗാത്മകമായ ചിത്രരചനയും വഴി അനേകരുടെ ജീവിതത്തെ സ്വാധീനിച്ച കർമ്മലീത്താ വൈദികൻ ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഒ സി ഡി -യുടെ ആകസ്മിക വേർപാടിൽ ദുഃഖം.വാക്കും വരയും ദൈവദാനമായി സ്വീകരിച്ച ഫാ. ആന്റണി ഇട്ടിക്കുന്നത്ത്, ആത്മീയ പ്രബോധനങ്ങളിലൂടെ വൈദികരെയും സമർപ്പിതരെയും അല്മായരെയും ഒരുപോലെ പ്രചോദിപ്പിച്ച വ്യക്തിയായിരുന്നു.
വ്യക്തിപരമായ ആത്മപരിശോധനയിലേക്കും ദൈവാനുഭവത്തിലേക്കും വിശ്വാസികളെ നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രത്യേകത.ഷാലോം ടെലിവിഷൻ ഉൾപ്പെടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും ക്രൈസ്തവ ആത്മീയതയും തിരുവചനസന്ദേശവും അദ്ദേഹം നിരവധി പേരിലേക്ക് എത്തിച്ചു. മനഃശാസ്ത്രവും മാനവികതയും തിരുവചനവും സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്റെ അവതരണശൈലി ഏറെ ശ്രദ്ധേയമായിരുന്നു.ചിത്രരചനയിലും എഴുത്തിലും മികവ് തെളിയിച്ചിരുന്ന അച്ചൻ സർഗാത്മകതയെ ആത്മീയ ശുശ്രൂഷയുടെ ഭാഗമാക്കി മാറ്റി. തകർന്ന മനസ്സുകൾക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങൾ. ആത്മീയതയെ നിയമങ്ങളുടെ മാത്രം ചട്ടക്കൂടിൽ കാണാതെ ആത്മബോധത്തിലേക്കും ദൈവാനുഭവത്തിലേക്കുമുള്ള യാത്രയായി അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ വേർപാട് സഭയ്ക്കും ആത്മീയ സന്ദേശങ്ങളിലൂടെ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന അനേകർക്കും നികത്താനാവാത്ത നഷ്ടമാണ്. “ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാണ്; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും” എന്ന യേശുവിന്റെ വചനത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥനകൾ ഉയരുകയാണ്.

