കൊച്ചി: മലയാള സിനിമയുടെ നിർമാണചരിത്രത്തിൽ വേറിട്ട അധ്യായം സൃഷ്ടിച്ച പ്രമുഖ ചലച്ചിത്ര നിർമാതാവ് എൻ.ജി. ജോൺ (90) അന്തരിച്ചു. മലയാള സിനിമയെ കേരളത്തിന് പുറത്തേക്കും വിദേശരാജ്യങ്ങളിലേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ നിർമാണത്തിന് നേതൃത്വം നൽകി.
സംസ്കാരം വെള്ളിയാഴ്ച (ഓഗസ്റ്റ് 21) വൈകിട്ട് നാലിന് എറണാകുളം ഇടപ്പള്ളി തോപ്പിൽ മേരി ക്യൂൻസ് പള്ളിയിൽ നടക്കും.‘മിനിമോൾ’, ‘ഇനിയും പുഴയൊഴുകും’, ‘ഏഴാം കടലിനക്കരെ’, ‘മീൻ’, ‘ഈനാട്’, ‘ഇനിയെങ്കിലും’, ‘ഉണരൂ’, ‘തുഷാരം’, ‘രജനിഗന്ധി’, ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’, ‘ഇത്രയും കാലം’ തുടങ്ങി 11 ചിത്രങ്ങളാണ് എൻ.ജി. ജോൺ നിർമിച്ചത്. ചിത്രീകരണത്തിനായി പുതിയ സ്ഥലങ്ങളും വിദേശ ലൊക്കേഷനുകളും കണ്ടെത്തി മലയാള സിനിമയുടെ പരിധി വികസിപ്പിച്ച നിർമാതാവായിരുന്നു അദ്ദേഹം. ‘ഏഴാം കടലിനക്കരെ’ അമേരിക്കയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായി ശ്രദ്ധ നേടി. കശ്മീരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകത ‘തുഷാര’ത്തിനുണ്ട്. ഹോങ്കോങ്ങിലും ജപ്പാനിലും ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് ‘ഇനിയെങ്കിലും’.ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളിലും ചിത്രീകരണം നടത്താനുള്ള സാധ്യതകൾ മലയാള സിനിമയിൽ അവതരിപ്പിക്കുന്നതിൽ എൻ.ജി. ജോൺ നിർണായക ഇടപെടലുകൾ നടത്തി.
നിർമാണരംഗത്തെ പരീക്ഷണങ്ങളിലൂടെയും വ്യത്യസ്തമായ സിനിമാ സമീപനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.1936 ഓഗസ്റ്റ് 20ന് കോട്ടയത്ത് എട്ടുപറ എൻ.എക്സ്. ജോർജിന്റെയും നിധീരി ഏലിയാമ്മയുടെയും മകനായി ജനിച്ച എൻ.ജി. ജോൺ കോട്ടയം എം.ഡി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ലയോള കോളേജിൽനിന്ന് ബി.എസ്.സി. ബിരുദം നേടി.ജിയോ പിക്ചേഴ്സ്, ജിയോ മൂവീസ്, ജിയോ ഫിലിംസ് എന്നിവയുടെ മാനേജിങ് പാർട്ണറായും പ്രവർത്തിച്ചു. ആറു വർഷം കേരള ഫിലിം ചേംബർ പ്രസിഡന്റായിരുന്ന അദ്ദേഹം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.മലയാള സിനിമയുടെ ഏഴു പതിറ്റാണ്ടിന്റെ ചരിത്രവും തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളും രേഖപ്പെടുത്തിയ ‘സിനിമയും ഞാനും–70 വർഷങ്ങൾ’ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.

