വത്തിക്കാൻ സിറ്റി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ആഹ്വാനം ചെയ്തു. വിശുദ്ധ അഗതയുടെ തിരുശേഷിപ്പുകൾ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് സിസിലിയിലെ കത്താനിയയിലേക്ക് മാറ്റിയതിന്റെ ഒൻപതാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അച്ചി കാസ്തേല്ലോയിൽ നടന്ന ജാഗരണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെ പേരിൽ ജീവൻ സമർപ്പിച്ച വിശുദ്ധ അഗാത്തയുടെ ജീവിതസാക്ഷ്യം ഉയർത്തിക്കാട്ടിയ കർദ്ദിനാൾ, ദൈവവിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും പേരിൽ ഇന്നും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി ക്രൈസ്തവർ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. സഹനങ്ങളിലൂടെ കടന്നുപോകുന്ന ഈ വിശ്വാസികൾക്കായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസിസമൂഹത്തോട് ആവശ്യപ്പെട്ടു.ക്രിസ്തുവുമായുള്ള ആഴമായ ഐക്യമാണ് വിശുദ്ധ അഗാത്തയ്ക്ക് പീഡനങ്ങളെ നേരിടാനുള്ള കരുത്ത് നൽകിയതെന്ന് കർദ്ദിനാൾ പറഞ്ഞു. അധികാരികളുടെ ഭീഷണികൾക്കും വാഗ്ദാനങ്ങൾക്കും മുന്നിൽ വഴങ്ങാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ഈ ആത്മീയശക്തി അവരെ സഹായിച്ചു.വിശ്വാസം പരീക്ഷണങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും, മറിച്ച് അവയെ അതിജീവിക്കാനുള്ള പുതിയ കരുത്തും ദൈവസാന്നിധ്യത്തിന്റെ ഉറപ്പും നൽകുന്നതാണെന്നും കർദ്ദിനാൾ പരൊളീൻ വ്യക്തമാക്കി.മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വംശജയായ വിശുദ്ധ അഗാത്തയുടെ തിരുശേഷിപ്പുകൾ 1126 ഓഗസ്റ്റ് 17നാണ് കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് സിസിലിയിലെ കത്താനിയയിൽ എത്തിച്ചത്. ഇതിന്റെ 900-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വിവിധ ആത്മീയ പരിപാടികൾ സംഘടിപ്പിക്കുന്നത്.അഗാത്തയുടെ രക്തസാക്ഷിത്വം അക്രമത്തിന് മുന്നിലെ പരാജയമല്ലെന്നും, യാതൊരു പീഡനത്തിനും കെടുത്താനാകാത്ത ക്രിസ്തുസ്നേഹത്തിന്റെ സാക്ഷ്യമായിരുന്നെന്നും കർദ്ദിനാൾ പരൊളീൻ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
