പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെയും കടല്‍ സാഹചര്യങ്ങളെയും നേരിടാന്‍ കേരളത്തിന്റെ ദുരന്ത പ്രതിരോധ, പ്രതികരണ സംവിധാനങ്ങള്‍ എത്രത്തോളം അപര്യാപ്തമാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കടല്ക്ഷോഭത്തിലുണ്ടായ അത്യാപത്തുകള്‍. ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെയും ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിലുണ്ടായ കടല്‍ അപകടങ്ങളില്‍ ഏതാനും ജീവനുകള്‍ പൊലിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റു; ലക്ഷക്കണക്കിനു രൂപയുടെ യാനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് മണ്‍സൂണ്‍ കാലത്തെ ചാകരക്കോളിനായി കാത്തിരുന്ന മത്സ്യത്തൊഴിലാളി സമൂഹം ദുരന്ത സാഹചര്യങ്ങളുടെ ആഘാതത്തില്‍ വിറങ്ങലിച്ചുനില്ക്കുന്നു.
നീണ്ടകര അഴിമുഖത്തെ പുലിമുട്ടിനടുത്ത് ഉയര്‍ന്ന തിരമാലയില്‍പ്പെട്ട് മീന്‍പിടിത്ത വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണ (26), മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന് (31), വിഴിഞ്ഞം തീരത്തുനിന്ന് 18-20 മൈല്‍ പടിഞ്ഞാറായി അപകടത്തില്‍പ്പെട്ട കരുംകുളം പുല്ലുവിള സ്വദേശി ജോണി മത്യാസ് (54) എന്നിവരെ രണ്ടാഴ്ചയായി വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. ഗൗതം കൃഷ്ണയുടെ അച്ഛന് പുത്തന്‍തുറ കടവുങ്കല്‍ രാധാകൃഷ്ണനും (46), മുത്തച്ഛന് പുത്തന്‍തുറ പൂമുഖം വീട്ടില്‍ യു. രാജീവനും (74) അപകടത്തില്‍ മരിച്ചു. ഷിജിനൊപ്പം പൊഴിമുഖത്ത് അപകടത്തില്‍പെട്ട ഫ്രീമോന്‍ (26) എന്ന തൊഴിലാളിയുടെ മൃതദേഹം മുതലപ്പൊഴിക്ക് 20 കിലോമീറ്റര്‍ തെക്കായി തുമ്പ തീരത്ത് മൂന്നു ദിവസം കഴിഞ്ഞ് കണ്ടെത്തി. യുഎഇയിലെ ഷാര്‍ജയില്‍ ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷിജിന് ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നു മാസം മുന്‍പാണ് അഞ്ചുതെങ്ങില്‍ തിരിച്ചെത്തിയത്. രണ്ടു ചെറിയ കുട്ടികളുണ്ട്. മൂന്നു വയസുള്ള മകന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് ഷിജിന് പ്രക്ഷുബ്ധമായ കാലാവസ്ഥയിലും പണിക്കിറങ്ങിയത്. ഓഖി ചുഴലിക്കാറ്റിനെയും മറ്റ് അപകടാവസ്ഥകളെയും അതിജീവിച്ച് കരയില്‍ തിരിച്ചെത്തിയിട്ടുള്ള കടലാളനാണ് ജോണി മത്യാസ്.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ രണ്ടു വള്ളങ്ങളും കോസ്റ്റല്‍ പൊലീസിന്റെ ഒരു ബോട്ടും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വാടകയ്ക്കെടുത്ത ഫിഷിങ് ബോട്ടുകളും മറൈന്‍ ആംബുലന്‍സും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷനില്‍ നിന്നുള്ള അനഘ് ഫാസ്റ്റ് പട്രോള്‍ കപ്പലും ഇന്റര്‍സെപ്റ്റര്‍ ബോട്ടും ഹെലികോപ്റ്ററും നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനവും ‘റെസ്ക്യൂ ആന്‍ഡ് സെര്‍ച്ച്’ മിഷന് നിയോഗിക്കപ്പെട്ടുവെങ്കിലും, പ്രതികൂല കാലാവസ്ഥയില്‍ ദൗത്യസംഘങ്ങള്‍ പിന്മാറുന്ന അവസ്ഥയുണ്ടായി. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും തിരച്ചിലിലും വീഴ്ച വരുത്തി എന്ന പരാതിയുമായി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ നീണ്ടകരയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനു മുന്നിലും, ഷിജിന്റെ ഭാര്യ സ്റ്റീജിയും ബന്ധുക്കളും അഞ്ചുതെങ്ങിലും ഉപവാസ സമരം നടത്തുകയും, ജോണിയുടെ മകള്‍ ജിജി മാധ്യമങ്ങളിലൂടെ ഭരണസംവിധാനത്തിന്റെ അനാസ്ഥയെ തുറന്നുകാട്ടുകയും ചെയ്തിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോണും സി.പി ജോണും എംഎല്‍എമാരായ എം. വിന്‍സെന്റും രമ്യാ ഹരിദാസും മറ്റും തിരച്ചിലിനും ദുരിതാശ്വാസത്തിനും നേതൃത്വം നല്‍കാനും ദുരന്തബാധിതരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിനും രംഗത്തുണ്ടായിരുന്നു. മുതലപ്പൊഴിയില്‍ സ്കൂബാ ഡൈവിങ് ടീമിനെയും പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തിരച്ചില്‍ സംഘത്തെയും വിന്യസിച്ചത് തീരദേശ പാതയിലെ പ്രദേശവാസികളുടെ ഉപരോധം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകളുടെ ഭാഗമായാണ്.
മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ആഭ്യന്തര മന്ത്രിയും ദുരന്തബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കടലില്‍ അപകടമുണ്ടായി 11-ാം നാളിലാണ്. കടലൊഴുക്കിന്റെ ദിശ നോക്കി തമിഴ്നാട് തീരത്ത് മുട്ടം, ഇനയം, തേങ്ങാപ്പട്ടണം, രാമേശ്വരം-രാമനാഥപുരം വരെ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ തിരച്ചിലിനും വ്യോമനിരീക്ഷണത്തിനും തമിഴ്നാടിന്റെ സഹകരണം തേടാന്‍ നിര്‍ദേശമുണ്ടായി. കൊച്ചിയില്‍ നിന്ന് നാവികസേനയുടെ ഐഎന്‍എസ് കല്പേനി കപ്പല്‍, പ്രതികൂല സാഹചര്യത്തിലും കടലിനടിയില്‍ പരിശോധന നടത്താനാകുന്ന പോര്‍ട്ടബിള്‍ സോണാര്‍ സംവിധാനങ്ങളോടെ നേവിയുടെ മുങ്ങല്വിദഗ്ധരുമായി നീണ്ടകരയിലും മുതലപ്പൊഴിയിലും തിരച്ചിലിനെത്തിയത് പത്താം നാളിലാണ്. ഇതിനിടെ, കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടതിനെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠം കൊല്ലം അമൃതപുരി എന്‍ജിനിയറിങ് കോളജ് ഗ്രൗണ്ടില്‍ നീണ്ടകരയിലെ നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് അടിയന്തരമായി ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിര്‍മിച്ചു. ഹെലികോപ്റ്ററുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഐഒസി ടാങ്കറും ഏര്‍പ്പാടാക്കി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ ഇവിടെ നിരീക്ഷണപറക്കലിന് എത്തിച്ചേര്‍ന്നു.
അപകടമുണ്ടായി ഏറ്റവും നിര്‍ണായകമായ ആദ്യമണിക്കൂറുകളില്‍ (ഗോള്‍ഡന്‍ അവര്‍) വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് തിരച്ചില്‍ നടത്താന്‍ കഴിയാതെപോയതിന് പ്രായശ്ചിത്തമെന്നോണം കൂടുതല്‍ ഊര്‍ജിതമായി ഈ ദിനങ്ങളില്‍ സമഗ്രവും വിപുലവുമായ തിരച്ചില്‍ തുടരുകയാണ്.
കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താനും ഏതു കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനവും ദുരന്തനിവാരണവും കാര്യക്ഷമമാക്കുന്നതിനും സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ (എസ്ഒപി) നടപടിക്രമം അംഗീകരിച്ച് ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി ആധുനിക സാങ്കേതികവിദ്യയും കടലിന്റെ അടിയൊഴുക്കുകള്‍, ഒഴുക്കിന്റെ ദിശ തുടങ്ങിയവ കൃത്യമായി കണക്കാക്കാന്‍ ശേഷിയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടല്അറിവുകളും സംയോജിപ്പിക്കും. അപകട സൂചന ലഭിച്ചാല്‍ തല്‍ക്ഷണം കേന്ദ്ര-സംസ്ഥാന ഏജന്‍സികളെ ഏകോപ്പിച്ച് എത്രയുംവേഗം തിരച്ചില്‍ ആരംഭിക്കാനുള്ള ടൈംലൈന്‍ പുതിയ പ്രോട്ടോകോളില്‍ വ്യവസ്ഥ ചെയ്യും. സ്വന്തം ബോട്ടുകളും വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധന ആനുകൂല്യവും രക്ഷാദൗത്യത്തിനിടയില്‍ സംഭവിക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും. പ്രാദേശിക മുങ്ങല്‍വിദഗ്ധരെയും രക്ഷാദൗത്യ ടീമിന്റെ ഭാഗമാക്കും.
ഏകീകൃത കമാന്‍ഡ് സിസ്റ്റം നിലവില്‍ വരും. ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയെ ഏകോപിപ്പിക്കുന്ന മാസ്റ്റര്‍ കണ്ട്രോള് റൂം തുറക്കും. ഐഎസ്ആര്‍ഒ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത നവ്മിത്ര ആശയവിനിമയ ഉപകരണങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) എന്നിവ നല്കുന്ന തത്സമയ സമുദ്ര കാലാവസ്ഥ വിവരങ്ങളും രക്ഷാദൗത്യ സംഘങ്ങള്‍ക്കു കൈമാറും. ഉയര്‍ന്ന തിരമാലകളെക്കുറിച്ചും കടല്ക്ഷോഭത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പുകള്‍ ഇന്‍കോയിസ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുന്നുണ്ട്. മുതലപ്പൊഴി അടക്കം അപകടസാധ്യതയേറിയ പൊഴിമുഖങ്ങളിലും ഹാര്‍ബറുകളിലും രാത്രികാല തിരച്ചിലിനായി ജീവരക്ഷാ ഡ്രോണുകളും ഹൈറെസല്യൂഷന്‍ സ്മാര്‍ട്ട് ക്യാമറകളും വരും.
ഉയര്‍ന്ന തിരമാലകള്‍, കടല്‍ക്ഷോഭം, കാറ്റിന്റെ അവസ്ഥ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങള്‍ തടസ്സപ്പെടുത്തുന്നതിനാല്‍, മത്സ്യബന്ധനത്തിന് അനുകൂലമായ ദിവസങ്ങളുടെ എണ്ണം വളരെ കുറഞ്ഞുവരികയാണ്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മൂലം കടലില്‍ ഇറങ്ങാനാവാത്തവര് ജീവിതോപാധിയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ നേരിടുമ്പോള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ക്കൊപ്പം കൃത്യസമയത്തുള്ള ഉപജീവന നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍നഷ്ടപ്പെടുന്ന ദിനങ്ങള്‍ക്ക് 200 രൂപയുടെ ധനസഹായമാണ് നല്‍കിവരുന്നത്. ഇത് വര്‍ധിപ്പിക്കുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തുക നിശ്ചയിച്ചിട്ടില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് മിനിമം 600 രൂപ വേതനമാണ്. സംസ്ഥാനത്തെ 1,21,637 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ 60 ശതമാനവും (72,507) ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.
ഇത്രയേറെ ഭയാനകമായ അപകടങ്ങള്‍ ഉണ്ടായിട്ടും മണ്‍സൂണ്‍ കാലത്ത് എന്തുകൊണ്ടാണ് ഇത്രയും മത്സ്യത്തൊഴിലാളികള്‍ മരണപ്പൊഴി എന്നു വിശേഷിപ്പിക്കപ്പെടുന്ന മുതലപ്പൊഴിമുഖം താണ്ടുന്നത്? ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണിലാണ് കണവയും ആവോലിയും ചെമ്മീനും അടക്കം ഏറ്റവും കനപ്പെട്ട കടല്‍വിഭവങ്ങള്‍ കിട്ടുന്നത്. കുടുംബത്തിന്റെ അവസ്ഥയാണ് മിക്കവരെയും ഈ പൊഴിമുഖത്തെ ജീവന്മരണ പോരാട്ടത്തിന് ധൈര്യം നല്‍കുന്നത്.
മുതലപ്പൊഴിയില്‍ 177 കോടി രൂപ ചെലവില്‍ ഹാര്‍ബര്‍ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം 2025 ഓഗസ്റ്റില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നിര്‍വഹിച്ചതാണ്. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് 200 മീറ്റല്‍ വീതിയുള്ള പൊഴിമുഖത്ത് മണല്‍തിട്ടകള്‍ വന്നടിയുന്നതിനും ആപല്‍ക്കരമായ പ്രക്ഷുബ്ധതയ്ക്കും കാരണമെന്ന് പുണെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. തെക്കേ പുലിമുട്ടിന്റെ നീളം 455 മീറ്റര്‍ തെല്ല് വളച്ച് നീട്ടിയെടുക്കാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. പുലിമുട്ടിന്റെ പണി 240 മീറ്റര്‍ ആയപ്പോഴേക്കും സ്ഥിതി വഷളായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ഇടപെട്ട് പണി നിര്‍ത്തിവച്ചിരിക്കയാണ്. പൊഴിമുഖത്തെ ചാനലിന്റെ ആഴം അപകടകരമായി കുറയാന്‍ ഇടവരുത്തുന്ന മണല്‍തിട്ടകള്‍ ഡ്രെജ് ചെയ്യുന്നതിന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് മൂന്നുവട്ടം ടെന്‍ഡര്‍ വിളിച്ചിട്ടും ഡ്രെജിങ് നടത്തുന്നത് ആരും എത്തിയില്ല. ഈ സാഹചര്യത്തിലാണ് ദേശീയപാത 66 കടമ്പാട്ടുകോണം-കാട്ടാക്കട സ്ട്രെച്ചിലെ ആറുവരിപാത നിര്‍മാണത്തിനുള്ള മണല്‍ മുതലപ്പൊഴിയില്‍ നിന്നു ഡ്രെജ് ചെയ്യാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കടലിലെ അതിതീവ്ര സാഹചര്യങ്ങള്‍ തീരദേശത്തെ ഉപജീവനമാര്‍ഗങ്ങളെ തകിടംമറിക്കുമ്പോള്‍, കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം എത്ര ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടെ 469 മത്സ്യത്തൊഴിലാളികള്‍ കടലില്‍ മരിക്കുകയും 160 പേരെ കാണാതാവുകയും ചെയ്തു എന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍. മറൈന്‍ ഫിഷറീസ് റെഗുലേഷന് എന്‍ഫോഴ്സ്മെന്റിനു കീഴില്‍ നടന്ന 5,072 രക്ഷാപ്രവര്ത്തനങ്ങളിലായി 47,773 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും പറയുന്നുണ്ട്.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 18 കോടി രൂപ ചെലവഴിച്ച് വാങ്ങിയ ഫിഷറീസ് വകുപ്പിന്റെ മൂന്ന് മറൈന്‍ ആംബുലന്‍സുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണ്. വൈപ്പിനിലേതു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു സ്റ്റേഷനിലും സ്വന്തം ബോട്ടില്ല. ഒന്‍പതു സ്റ്റേഷനിലും ഉപയോഗിക്കുന്നത് വാടക ബോട്ടുകളാണ്. പഴകിയ ഈ മത്സ്യബന്ധന ബോട്ടുകളില്‍ തിരച്ചിലിനു പോകുന്നവര്‍ക്ക് സുരക്ഷയില്ല.
കടലില്‍ കാണാതെ പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏഴു വര്‍ഷം കാത്തിരിക്കണം എന്ന നിയമവ്യവസ്ഥയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഓഖി ദുരന്തത്തിന് ഇരകളായവര്‍ക്ക് ഈ ആനുകൂല്യം അനുവദിക്കുകയുണ്ടായി. ഏഴു വര്‍ഷം എന്ന കാലയളവിനു പകരം മൂന്നു മാസത്തിനകം ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശം ഉയരുന്നുണ്ട്.
ദേശീയ/ സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്/ എസ്ഡിആര്‍എഫ്) മാതൃകയില്‍ കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക ഭാഷയും കടലിന്റെ ആവാസവ്യവസ്ഥയും അറിയാവുന്ന പ്രത്യേക തീരദേശ രക്ഷാസേനയെ (മറൈന്‍ റെസ്ക്യൂ ഫോഴ്സ്) വാര്‍ത്തെടുക്കേണ്ടതുണ്ട്. കേരളത്തിലെ 15 ഹാര്‍ബറുകളിലായി 100 രക്ഷാപ്രവര്‍ത്തക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നാണ് സങ്കല്പം.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സ്ഥിരമായ സംവിധാനങ്ങള്‍ വേണം. ദുരന്തമുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാകണം. അപകടത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉടനടി സാമ്പത്തികവും മാനസികവുമായ പിന്തുണ ലഭിക്കണം. കടലില്‍ ജീവന് നഷ്ടപ്പെടുന്ന ഓരോ മത്സ്യത്തൊഴിലാളിയുടെയും കുടുംബം ഒറ്റപ്പെടാതിരിക്കാന്‍ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. ഇവയെല്ലാം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. സാമൂഹ്യ സംഘടനകള്‍ക്കും സഭാ നേതൃത്വത്തിനും ഇതില്‍ വലിയ പങ്കുണ്ട്.
2018-ലെ മഹാപ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ ദുരിതക്കയത്തിലാണ്ട സഹോദരങ്ങളെ രക്ഷിക്കാന്‍ കടല്വള്ളങ്ങളുമായി ഇടനാട്ടിലേക്ക് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്നു നാം വിളിച്ചു. അന്ന് സ്വന്തം പണം ചെലവഴിച്ച് വള്ളങ്ങളില്‍ ഇന്ധനം നിറച്ച്, പകലും രാത്രിയും ആയിരക്കണക്കിന് ജീവനുകളെ അവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. കേരളത്തിലെ ഏറ്റവും കരുത്തരായ തീരദേശത്തെ മനുഷ്യരുടെ ഹൃദയത്തിന്റെ നന്മ 2026-ലെ തീവ്രമഴ പ്രളയത്തിലും പത്തനംതിട്ടയിലെയും ചെങ്ങന്നൂരിലെയും വെള്ളംകയറിയ വീടുകളിലെ നിസ്സഹായരായ വയോധികരും കുഞ്ഞുങ്ങളും സ്ത്രീകളും ഒരിക്കല്‍ കൂടി കണ്ടറിഞ്ഞു. ആരില്‍ നിന്നും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതം, ‘ഇനി ആരെയെങ്കിലും രക്ഷിക്കാനുണ്ടോ’ എന്നു ചോദിച്ച് ദുരന്തഭൂമിയിലൂടെ കടന്നുപോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ അപകടത്തില്‍പ്പെടുമ്പോള്‍ അവരെ രക്ഷിക്കാന്‍ ആരുമില്ല എന്നു വരുന്നത് എങ്ങനെ സഹിക്കാനാകും!

