സെയൂൾ : 2027ൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സെയൂളിൽ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമത്തിന് മുന്നോടിയായി ‘കാത്തലിക് കൾച്ചർ ഫെയർ’ (കത്തോലിക്കാ സാംസ്കാരിക മേള) സംഘടിപ്പിച്ചു. കൊറിയൻ പശ്ചാത്തലത്തിൽ കത്തോലിക്കാ വിശ്വാസത്തിൽനിന്ന് ഉരുത്തിരിഞ്ഞ സാംസ്കാരിക വിനിമയങ്ങളും സഭയുടെ വിവിധ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം.
ഓഗസ്റ്റ് 8, 9 തീയതികളിലായിരുന്നു മേള. കൊറിയയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന കനത്ത ചൂടിനെയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് മേളയിൽ പങ്കെടുത്തത്. 48ലധികം സന്യാസസഭകളും അപ്പസ്തോലിക കൂട്ടായ്മകളും വിവിധ സന്നദ്ധ സംഘടനകളും മേളയിൽ പങ്കാളികളായി.സഭയുടെ വിവിധ മേഖലകളെക്കുറിച്ച് അടുത്തറിയാനും സന്യാസികളുമായും വിവിധ സംഘടനകളുടെ പ്രതിനിധികളുമായും നേരിട്ട് സംവദിക്കാനും സന്ദർശകർക്ക് അവസരമൊരുക്കി.
സമർപ്പിത ജീവിതത്തെക്കുറിച്ച് യുവജനങ്ങൾക്ക് കൂടുതൽ മനസ്സിലാക്കുന്നതിനായി ‘വൊക്കേഷൻ കഫേ’യും പ്രത്യേകമായി ഒരുക്കിയിരുന്നു.പ്രാർത്ഥനയ്ക്കും അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനുമായി ‘റീകൺസിലിയേഷൻ പാർക്ക്’ എന്ന പ്രത്യേക സൗകര്യവും മേളയിൽ സജ്ജീകരിച്ചു.

