ചെന്നൈ: ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശവും മനുഷ്യജീവന്റെ മഹത്വവും ഉയർത്തിപ്പിടിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച അഞ്ചാമത് മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി. മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ നേതൃത്വത്തിൽ സ്റ്റെല്ല മാരീസ് കോളജിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം പ്രോ-ലൈഫ് മുന്നേറ്റത്തിന് പുതിയ ഊർജം പകർന്നു.
മിനി മാരത്തണോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ദിവ്യകാരുണ്യ ആരാധനയും പ്രോ-ലൈഫ് പ്രദർശനവും സംഘടിപ്പിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ഭാഗമായി നടത്തിയ ജെറീക്കോ മാർച്ച് വിശ്വാസസാക്ഷ്യത്തിന്റെ വേദിയായി മാറി. മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ജപമാലയുമായി നിരവധി പേർ റാലിയിൽ അണിനിരന്നു.യുവജന സംഗമത്തിലെ അനുഭവപങ്കുവയ്ക്കൽ സെഷനും ശ്രദ്ധേയമായി. തൃശൂർ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ്, ഒരു സ്ത്രീക്ക് ഒമ്പത് സിസേറിയൻ പ്രസവങ്ങൾ നടത്തിയ അനുഭവം പങ്കുവച്ചു. യുവജനങ്ങൾ നേതൃത്വം നൽകിയ പ്രെയ്സ് ആൻഡ് വർഷിപ്പ് പരിപാടിയും ഏറെ ശ്രദ്ധ നേടി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂല, മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷൻ ജോർജ് ആന്റണി സ്വാമി, ആർച്ചുബിഷപ്പുമാരായ ഫ്രാൻസിസ് കാലിസ്, ബിഷപ്പുമാരായ ജെറാൾഡ് മത്തിയാസ്, അന്തോണി സ്വാമി നീതിനാഥൻ, നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ, കാരുണ്യ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പോൾ ദിനകരൻ തുടങ്ങിയവർ പ്രസംഗിച്ചു.ജീവന്റെ മഹത്വത്തെക്കുറിച്ചുള്ള ബോധവത്കരണവും ഗർഭച്ഛിദ്രത്തിനെതിരായ പ്രോ-ലൈഫ് നിലപാടും ശക്തിപ്പെടുത്തുന്നതിനൊപ്പം, യുവതലമുറയെ ജീവന്റെ സംരക്ഷണ ദൗത്യത്തിലേക്ക് ആകർഷിക്കാനും മാർച്ച് ഫോർ ലൈഫ് വേദിയായി.

