കഴിഞ്ഞ രണ്ടു മാസം ലോകത്തിലെ മാധ്യമങ്ങളിലെല്ലാം ഏറ്റവുമധികം കേട്ടൊരു പേരാണ് ലയണൽ മെസ്സി. ലയണൽ മെസ്സിക്ക് ആ പേര് ലഭിക്കാൻ കാരണമായത് ഒരു പാട്ടായിരുന്നു.നല്ലൊരു സംഗീതാസ്വാദകയായിരുന്ന മെസ്സിയുടെ അമ്മ സേലിയ മരിയയാണ് ഈ പേര് കുഞ്ഞിനായി തെരെഞ്ഞെടുത്തത്. 1980-കളിൽ ലോകമെങ്ങും പ്രശസ്തനായിരുന്ന അമേരിക്കൻ ഗായകൻ ലയണൽ റിച്ചിയുടെ പാട്ടുകളുടെ ആരാധകരായിരുന്നു മെസ്സിയുടെ കുടുംബം.
1986 ആഗസ്റ്റ് 5-നു ലയണൽ റിച്ചി പുറത്തിറക്കിയ ആൽബത്തിൽ ‘ഡാൻസിങ് ഓൺ ദി സീലിംഗ്’ എന്ന ഗാനം ഉണ്ടായിരുന്നു. ആൽബത്തിനും ഇതേ പേര് തന്നെയാണ് നൽകിയിരുന്നത്. ഈ ആൽബം റിലീസ് ചെയ്ത് ലയണൽ റിച്ചിയുടെ പാട്ടുകൾ തരംഗമായി അലയടിക്കുന്ന കാലത്താണ് മെസ്സിയുടെ ജനനം.(1987 ജൂൺ 24). അർജന്റീനയിൽ സാധാരണയായി ലിയോണൽ എന്ന പേര് കുഞ്ഞുങ്ങൾക്ക് നൽകാറുണ്ട്.ലിയോണൽ എന്ന പേരിടാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ലയണൽ റിച്ചിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ലിയോണൽ എന്നത് ലയണൽ എന്നാക്കി മാറ്റുകയായിരുന്നു. ലിയോണൽ എന്ന് സ്പാനിഷ് ഭാഷയിൽ വിളിക്കുന്ന പേര് ഇംഗ്ലീഷ് ശൈലിയിൽ ലയണൽ എന്നു മാറ്റുകയായിരുന്നു. 2010-ൽ അർജന്റീനയിലെ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മെസ്സിയുടെ അമ്മ തന്നെയാണ് പേരിനു പിന്നിലെ കഥ ലോകത്തോട് പറഞ്ഞത്.
കുറച്ചു നാളുകൾക്ക് ശേഷം സംഗീതലോകത്തെ ലയണലും കാൽപ്പന്തു കളിയിലെ ലയണലും നേരിൽ കാണുകയും ചെയ്തു.ലയണൽ റിച്ചിയുടെ സംഗീതജീവിതത്തിലെ മൂന്നാമത്തെ ആൽബമായിരുന്നു ‘ഡാൻസിങ് ഓൺ ദി സീലിംഗ്’. ലയണൽ റിച്ചിക്ക് ഓസ്കർ അവാർഡ് നേടിക്കൊടുത്ത ‘സേ യൂ സേ മീ’ എന്ന ഗാനവും ഈ ആൽബത്തിൽ ചേർത്തിട്ടുണ്ട്. ഒരു ആൽബത്തിലെ പാട്ടിനു ഓസ്കാർ അവാർഡ് ലഭിക്കുകയില്ല. മുൻപ് ആൽബങ്ങളിൽ റിലീസ് ചെയ്യാത്തതും ഒരു സിനിമയ്ക്കു വേണ്ടി തയ്യാറാക്കിയതുമായ പാട്ടുകളേ ഓസ്കർ അവാർഡുകളിൽ ബെസ്ററ് ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുകയുള്ളൂ. സിനിമയുടെ പ്രധാന ഭാഗത്തോ സിനിമ അവസാനിക്കുമ്പോൾ ക്രെഡിറ്റ്സ് എഴുതി കാണിക്കുന്ന സമയത്തോ വ്യക്തമായി കേൾപ്പിക്കുന്ന പാട്ടുകൾക്കാണ് അവാർഡ് നൽകുന്നത്.
പാട്ടുകളുടെ വരികളും സംഗീതവും ആലാപനവും സിനിമയുമായി ചേർന്നു പോകുന്നതുമായിരിക്കണം. 1985-ൽ പുറത്തിറങ്ങിയ ‘വൈറ്റ് നൈറ്റ്സ്’ എന്ന സിനിമയിലെ ഗാനത്തിനാണ് ലയണൽ റിച്ചിക്ക് ഓസ്കർ അവാർഡ് ലഭിക്കുന്നത്.സിനിമ റിലീസ് ചെയ്തശേഷം പാട്ടിനു വലിയ പ്രചാരം ലഭിച്ചു. അങ്ങനെയാണ് തന്റെ അടുത്ത ആൽബത്തിൽ റിച്ചി ഈ ഗാനം ചേർക്കുന്നത്. 1986-ലെ ഓസ്കർ കൂടാതെ നാലു ഗ്രാമി അവാർഡുകളും റിച്ചിക്കു ലഭിച്ചിട്ടുണ്ട്.1949 ജൂൺ 20 നു യു.എസ്.എ.യിലെ അലബാമയിൽ ജനിച്ച ലയണൽ റിച്ചി ഗാനരചയിതാവ്,സംഗീത സംവിധായകൻ,ഗായകൻ,അഭിനേതാവ്,ടി.വി.അവതാരകൻ,സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ പ്രതിഭയാണ്. ഇപ്പോഴും വേദികളിൽ സജീവമായി തുടരുന്ന അദ്ദേഹത്തിന്റെ പാട്ടുകൾ പുതുതലമുറയ്ക്കും ഇഷ്ടമാണ്.മൈക്കിൾ ജാക്സനോടൊപ്പം പാടിയ ‘വീ ആർ ദി വേൾഡ്’ ,ഡയാന റോസിനോടൊപ്പം പാടിയ ‘എൻഡ്ലെസ്സ് ലവ്’ എന്നീ ഗാനങ്ങൾ റിച്ചിയുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളതാണ്.
ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ലയണൽ റിച്ചി അൾത്താരബാലനായി ഏറെക്കാലം സേവനം ചെയ്തിട്ടുണ്ട്. പുരോഹിതനാകാൻ ആഗ്രഹിച്ചു സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ടസ്കീഗി യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ റിച്ചി ആരംഭിച്ച ‘ദി കമ്മഡോർസ്’ എന്ന ബാൻഡിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ മുഴുവൻ സമയ സംഗീതപ്രവർത്തകനാക്കി മാറ്റുകയായിരുന്നു. താൻ നല്ലൊരു പുരോഹിതനാകാൻ പറ്റിയ ആളല്ലെന്നു മനസിലായപ്പോഴാണ് വൈദികൻ ആകാനുള്ള തീരുമാനം മാറ്റിയതെന്ന് റിച്ചി തന്നെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ലഭിച്ച ക്രൈസ്തവ ശിക്ഷണമായിരിക്കാം ലോകപ്രശസ്തനായി മാറിയപ്പോഴും പട്ടിണി അനുഭവിക്കുന്ന കുട്ടികൾക്കായി പാടാനും പണം ശേഖരിച്ചു കൈമാറാനും റിച്ചിയെ പ്രേരിപ്പിച്ചത്.തന്റെ പാട്ടുകൾ താൻ ഉണ്ടാക്കുന്നതല്ലെന്നും ദൈവത്തിൽ നിന്നു സ്വീകരിക്കുന്നതാണെന്നും റിച്ചി ഇപ്പോഴും പറയാറുണ്ട്. റിച്ചി പാടിയ ‘ജീസസ് ഈസ് ലവ്’, യെഹോവാ എന്നീ ഭക്തിഗാനങ്ങൾ അതി പ്രശസ്തമാണ്. പാട്ടുകൾ കൊണ്ട് ലോകം കീഴടക്കിയ ലയണൽ റിച്ചിയുടെ പേര് സ്വീകരിച്ച ലയണൽ മെസ്സി പന്തു കൊണ്ട് ലോകം കീഴടക്കിയ കാഴ്ചയാണ് ഈ ദിനങ്ങളിൽ ലോകം കണ്ടത്. രണ്ടു ലയണൽമാരും ഇനിയും തിളങ്ങട്ടെ.

