സെയൂൾ: ആധുനിക ലോകത്ത് സമാധാനവും പരസ്പര ധാരണയും വളർത്തിയെടുക്കാൻ മതങ്ങൾ തമ്മിലുള്ള സംവാദം അനിവാര്യമാണെന്ന് വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
ദക്ഷിണ കൊറിയയിലെ സെയൂളിലുള്ള സോഗാങ് സർവകലാശാലയിൽ ആഗസ്റ്റ് 4, 5 തീയതികളിലായി നടക്കുന്ന ക്രൈസ്തവ-കൺഫ്യൂഷ്യൻ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കൊറിയയിലെ കത്തോലിക്കാ മെത്രാൻ സമിതി, സോഗാങ് സർവകലാശാല, കൊറിയൻ കൺഫ്യൂഷ്യൻ അക്കാദമി എന്നിവയുടെ സഹകരണത്തോടെ വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയാണ് ഈ ചരിത്രപരമായ സംഗമം സംഘടിപ്പിച്ചത്.
“പുതിയ ആകാശവും പുതിയ ഭൂമിയും, ദാതോങ് (മഹത്തായ ഐക്യം): ഉദാത്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രൈസ്തവ-കൺഫ്യൂഷ്യൻ സംവാദം” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സമ്മേളനം നടക്കുന്നത്.വിദ്യാഭ്യാസം, ധാർമ്മിക രൂപീകരണം, സമാധാന നിർമ്മാണം എന്നീ മേഖലകളിൽ ക്രിസ്തുമതത്തിന്റെയും കൺഫ്യൂഷ്യൻ പാരമ്പര്യത്തിന്റെയും സഹകരണം ശക്തിപ്പെടുത്തുകയാണ് പ്രഥമ സംവാദത്തിന്റെ പ്രധാന ലക്ഷ്യം.
ഇരു പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖയുടെ കരട് അവതരിപ്പിച്ചു കൊണ്ടാണ് സമ്മേളനത്തിന് തുടക്കമായത്.മതങ്ങൾ തമ്മിലുള്ള ആത്മാർത്ഥമായ സംവാദവും സഹകരണവും മനുഷ്യസൗഹൃദവും നീതിയും സമാധാനവും നിറഞ്ഞ സമൂഹനിർമാണത്തിന് വഴിയൊരുക്കുമെന്ന് കർദിനാൾ കൂവക്കാട് തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
