മട്ടാഞ്ചേരി: സെന്റ് മേരീസ് കോച്ചേരി ദേവാലയത്തിന്റെ ഇടവക പ്രഖ്യാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.
ഫോർട്ട്കൊച്ചി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. ഇടവകയുടെ ആത്മീയ വളർച്ചയും വിശ്വാസപാരമ്പര്യവും സാമൂഹിക സേവന പ്രവർത്തനങ്ങളും അനുസ്മരിക്കുന്നതായിരിക്കും ദശാബ്ദി ആഘോഷങ്ങളെന്ന് സംഘാടകർ അറിയിച്ചു.ഇടവക വികാരി ഫാ. ജോസഫ് അജിൻ ചാലപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ക്രിസ്റ്റി ചക്കാലക്കൽ, സെൻട്രൽ കമ്മിറ്റി കൺവീനർ ജോൺസൺ റാഫേൽ, കൈക്കാരൻമാരായ ഹാരി ജൂഡ് ഫെർണാണ്ടസ്, ലിജു ജോസഫ്, സോഫി ജോൺസൺ, ജെഫിൻ ജോസഫ്, മേരി റോസ്, ചിന്ന വിൻസന്റ്, ജോയി കുറുപ്പശ്ശേരി, ആൻ മരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16-ന് ദീപശിഖ പ്രയാണവും വിളംബര റാലിയും സംഘടിപ്പിക്കും. വിവിധ ആത്മീയ, സാംസ്കാരിക, സാമൂഹിക പരിപാടികളോടെ ആഘോഷങ്ങൾ തുടർന്നുകൊണ്ട് ഡിസംബർ 17-ന് സമാപന സമ്മേളനം നടക്കും.

