നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (നിഡ്സ്)യും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി രണ്ട് കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പമേള സംഘടിപ്പിച്ചു. നിഡ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന 36 സ്വയംസഹായ സംഘങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനസഹായമാണ് വായ്പമേളയിലൂടെ വിതരണം ചെയ്തത്.
ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന പരിപാടിയിൽ നിഡ്സ് ഡയറക്ടർ വെരി. റവ. ഫാ. ക്രിസ്റ്റഫർ ഏശായ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ വായ്പമേള ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജർ അനില, സെക്ഷൻ ഓഫീസർ രാഹുൽ, നിഡ്സ് കമ്മീഷൻ സെക്രട്ടറി ഫാ. സുജിൻ, പ്രോജക്ട് ഓഫീസർ മൈക്കിൾ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിന്ദു, മേഖല ആനിമേറ്റർ ബീന കുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സ്വയംസഹായ സംഘങ്ങളിലൂടെ സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി നടപ്പാക്കുന്നത്.

