കെ.ആർ.എൽ.സി.സി പ്രൊഫഷണൽസ് കോണ്‍ക്ലേവ് 2026
കൊച്ചി : കേരളത്തിന്റെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പത്ത് ഹോട്ട്സ്പോട്ടുകളിൽ 4000 കോടി രൂപയുടെ പദ്ധതി അടിയന്തരമായി നടപ്പിലാക്കുമെന്ന് കേരള വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയ രൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (KRLCC) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രൊഫഷണൽസ് കോണ്‍ക്ലേവ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് കടൽവെള്ളം ശുദ്ധികരിക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ വൈദഗ്ദ്യം ഉള്ളവരുടെ സേവനം സമൂഹ വികസനത്തിന് അനിവാര്യമാണ്. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമത്തിൽ കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ മേഖലയിൽ പ്രവർത്തിക്കുന്നവർ സമൂഹത്തിൽ വികസനം നിഷേധിക്കപ്പെട്ടവർക്ക് സുവിശേഷമായി മാറണം.
വിജയപുരം രൂപത മെത്രാനും കെആർഎൽസിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് ഡോ. സെബാസ്റ്റിൻ തെക്കത്തെച്ചേരിൽ, സഹായ മെത്രാൻ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജുഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി മെറ്റിൽഡ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.കേരള സർക്കാർ മുൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ലിഡാ ജേക്കബ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മാർട്ടിൻ പാട്രിക്, അഡ്വ. ഷെറി ജെ. തോമസ്, ഡോ. മനോജ് കുരിശ്ശിങ്കൽ, ഇഗ്നേഷ്യസ് മൺറോ, ജോയി സെബാസ്റ്റിൻ, പി.ആർ. കുഞ്ഞച്ചൻ, ഫാ. ഡോ. ഏ.ആർ. ജോൺ എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
“പ്രൊഫഷണലുകളുടെ നിപുണതയും വൈദഗ്ദ്യവും സമൂഹത്തിന്റെ ശക്തീകരണത്തിനും മുന്നേറ്റത്തിനും” എന്ന ലക്ഷ്യത്തോടെയാണ് വിജയപുരം രൂപതയുടെ ആതിഥേയത്വത്തിലാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.ഗവേഷകർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, സംരംഭകർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മുന്നൂറിലധികം ലത്തീൻ കത്തോലിക്കാ പ്രൊഫഷണലുകളാണ് പങ്കെടുത്തത്.

