ന്യൂയോർക്ക്: കുടുംബങ്ങളിലെ കുട്ടികളെ ദൈവവചനവുമായി കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രശസ്തമായ ‘ദ ബൈബിൾ ഇൻ എ ഇയർ’ പദ്ധതിയുടെ പുതിയ പതിപ്പായ ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ 2027 ജനുവരി 1 മുതൽ ആരംഭിക്കും. കത്തോലിക്കാ പ്രസാധന-മീഡിയ ശൃംഖലയായ അസെൻഷൻ ആണ് പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
7 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പോഡ്കാസ്റ്റ് ഒരുക്കുന്നത്. കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ഭാഷയിലും അവതരണശൈലിയിലും വിശുദ്ധ ലിഖിതങ്ങളിലൂടെ രക്ഷാകര ചരിത്രം പരിചയപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.അമേരിക്കൻ വൈദികനായ ഫാ. ജോഷ് ജോൺസൺ പോഡ്കാസ്റ്റിന് നേതൃത്വം നൽകും. ഓരോ എപ്പിസോഡിലും തിരുവചന വായന, കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാവുന്ന വ്യാഖ്യാനം, വിശ്വാസജീവിതവുമായി ബന്ധപ്പെട്ട സന്ദേശം, കുട്ടികൾ സാധാരണയായി ചോദിക്കുന്ന ബൈബിൾ ചോദ്യങ്ങൾക്കുള്ള മറുപടികൾ, പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തും.
പ്രതിദിനം ഏകദേശം അരമണിക്കൂർ സമയം ചെലവഴിച്ച് ഒരു വർഷംകൊണ്ട് മുഴുവൻ ബൈബിളും വായിച്ച് മനസ്സിലാക്കാൻ സഹായിച്ച ‘ദ ബൈബിൾ ഇൻ എ ഇയർ’ പോഡ്കാസ്റ്റ് ലോകമെമ്പാടും വലിയ സ്വീകാര്യത നേടിയിരുന്നു. അമേരിക്കൻ വൈദികൻ ഫാ. മൈക്ക് ഷ്മിറ്റ്സ് നയിച്ച ഇംഗ്ലീഷ് പതിപ്പിനൊപ്പം, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ അവതരിപ്പിച്ച മലയാളം പതിപ്പും വിശ്വാസികൾക്കിടയിൽ ശ്രദ്ധേയ വിജയമായിരുന്നു. പുതിയ ‘ഫാമിലി എഡിഷൻ’ കുട്ടികളെയും കുടുംബങ്ങളെയും ദൈവവചന പഠനത്തിലേക്ക് കൂടുതൽ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

