സഭാ ചരിത്രത്തിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാരെകുറിച്ചാണല്ലോ നമ്മള് ചര്‍ച്ച ചെയ്യുന്നത്. പാദുവായിലെ വിശുദ്ധ അന്തോണീസിനെ കുറിച്ച് നമ്മള് മനസിലാക്കിക്കഴിഞ്ഞു. ക്രൈസ്തവ ആത്മീയചരിത്രത്തില്‍ നൂറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും ജ്വലിച്ചുനില്ക്കുന്ന മറ്റൊരു മഹത്തായ വ്യക്തിത്വമാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസ് (അന്തോണിയോസ്). ലോകത്തിന്റെ കോലാഹലങ്ങളില്‍നിന്ന് അകന്ന്, മരുഭൂമിയുടെ നിശ്ശബ്ദതയില്‍ ദൈവത്തെ തേടിയ ഈ മഹാതപസ്വി, സ്വന്തം ജീവിതത്തിലൂടെ ഒരു പുതിയ ആത്മീയ സംസ്കാരത്തിന് തുടക്കം കുറിച്ചു.
ക്രൈസ്തവ സന്ന്യാസജീവിതത്തിന് സംഘടിതമായ രൂപം നല്‍കുകയും തലമുറകളെ ആത്മീയതയുടെ പാതയിലേക്ക് നയിക്കുകയും ചെയ്ത അദ്ദേഹത്തെ ലോകം ആദരവോടെ ‘ക്രൈസ്തവ സന്ന്യാസപരമ്പരയുടെ പിതാവ്’ എന്ന് വിളിക്കുന്നു.വിശുദ്ധ അന്തോണീസിന്റെ ജീവിതം നമ്മെ കൊണ്ടുപോകുന്നത് മൂന്നാം നൂറ്റാണ്ടിലെ ഈജിപ്തിലേക്കാണ്. റോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ആ ദേശം സംസ്കാരങ്ങളുടെ സംഗമഭൂമിയായിരുന്നു. ഫറവോന്മാരുടെ പുരാതന പൈതൃകവും ഗ്രീക്ക് ചിന്തയും റോമന്‍ ഭരണസംവിധാനവും പരസ്പരം ഇഴചേര്‍ന്നിരുന്ന കാലം. എന്നാല്‍ ഈ രാഷ്ട്രീയവും സാംസ്കാരികവുമായ ചലനങ്ങള്‍ക്കിടയില്‍ നിശ്ശബ്ദമായി വളര്‍ന്നുവന്ന മറ്റൊരു ശക്തിയുണ്ടായിരുന്നു ക്രിസ്തുവിശ്വാസം.
അന്നത്തെ ക്രൈസ്തവര്‍ക്ക് വിശ്വാസം ഏറ്റുപറയുക എന്നത് ജീവന് പണയംവെക്കുന്നതിന് തുല്യമായിരുന്നു. ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട പീഡനങ്ങളില്‍ അനേകം വിശ്വാസികള്‍ രക്തസാക്ഷികളായി. രക്തസാക്ഷിത്വം സഭയുടെ മഹത്തായ സാക്ഷ്യമായിരുന്നെങ്കിലും, എല്ലാവര്ക്കും ആ വിളി ലഭിച്ചിരുന്നില്ല. അങ്ങനെയാണ് മറ്റൊരു ആത്മീയ മാര്‍ഗം രൂപംകൊണ്ടത്. ലോകത്തിന്റെ ശബ്ദങ്ങളില്‍നിന്ന് അകന്ന്, ദൈവത്തെ മാത്രം അന്വേഷിക്കുന്ന ഒരു ജീവിതം. ആ വഴിയാണ് പിന്നീട് ‘മരുഭൂമിയിലെ സന്ന്യാസജീവിതം’ എന്നറിയപ്പെട്ടത്.
ക്രിസ്തുവര്‍ഷം ഏകദേശം 251-ല്‍, ഈജിപ്തിലെ മധ്യഭാഗത്തുള്ള കോമ എന്ന ഗ്രാമത്തിലാണ് അന്തോണീസ്ജനിച്ചത്. സമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ചെങ്കിലും ഭൗതികസമ്പത്തോ ലോകമഹിമയോ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. യുവാവായിരിക്കെ ദൈവവചനത്തില്‍ മുഴുകിയ അദ്ദേഹം യേശുക്രിസ്തുവിന്റെ ആഹ്വാനം ഹൃദയത്തില്‍ ഏറ്റെടുത്തു. തന്റെ സ്വത്തുക്കള്‍ ദരിദ്രര്‍ക്കു ദാനം ചെയ്തശേഷം ലൗകികജീവിതത്തോട് വിടപറഞ്ഞ് ദൈവത്തെ മാത്രം അന്വേഷിക്കുന്ന തപസ്സിന്റെ വഴിയിലേക്ക് അദ്ദേഹം പ്രവേശിച്ചു. ആദ്യകാലത്ത് ഗ്രാമപ്രദേശങ്ങളില്‍ ആത്മീയ പരിശീലനം നടത്തിയ അന്തോണീസ് പിന്നീട് നൈല്‍ നദിക്കരയിലെ പിസ്പിര്‍ എന്ന മലനിരകളിലേക്ക് മാറി. അവിടെ വര്‍ഷങ്ങളോളം അദ്ദേഹം പൂര്‍ണ ഏകാന്തതയില്‍ ജീവിച്ചു. ആ ഏകാന്തജീവിതം ലോകത്തില്‍നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല; മറിച്ച് ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയായിരുന്നു.
മനുഷ്യഹൃദയത്തിന്റെ ദൗര്‍ബല്യങ്ങളെയും പ്രലോഭനങ്ങളെയും നേരിട്ട് അഭിമുഖീകരിച്ച ആത്മീയ പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ തപസ്സ്.വിശുദ്ധ അന്തോണീസിന്റെ ജീവിതത്തെക്കുറിച്ചുള്ള പരമ്പരാഗത വിവരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് സാത്താനുമായുള്ള അദ്ദേഹത്തിന്റെ ആത്മീയ സമരമാണ്. പ്രലോഭനങ്ങളുടെ കൊടുങ്കാറ്റുകള്‍ അദ്ദേഹത്തെ നിരന്തരം വളഞ്ഞു. വിശുദ്ധന്റെ ജീവചരിത്രമെഴുതിയ (‘ലൈഫ് ഓഫ് സെന്റ് ആന്റണി’ ) അലക്സാണ്ട്രിയയിലെ മെത്രാനായ വിശുദ്ധ അത്തനാസിയോസിന്റെ രേഖകള്‍ പ്രകാരം, സാത്താന് പലവിധ ദര്‍ശനങ്ങളിലൂടെയാണ് അന്തോണിയോസിനെ പരീക്ഷിച്ചത്. ചിലപ്പോള്‍ ഉപവാസകാലത്ത് അപ്പം കൊണ്ടുവരുന്ന സന്ന്യാസിയുടെ രൂപത്തിലും, ചിലപ്പോള്‍ കാട്ടുമൃഗങ്ങളായും സ്ത്രീകളായും സൈനികരായും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ഭയപ്പെടുത്തുകയും മര്‍ദിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരണം.
പലപ്പോഴും മരണാസന്നനിലയിലേക്കു വരെ അദ്ദേഹത്തെ എത്തിച്ചുവെന്ന് പറയപ്പെടുന്നു. ശാരീരികമായും മാനസികമായും അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിച്ച ഈ ആക്രമണങ്ങള്‍ക്കു മുന്നില്‍ അന്തോണീസ് ഒരിക്കലും പതറിയില്ല. പ്രാര്‍ഥനയും ഉപവാസവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവുംകൊണ്ട് അദ്ദേഹം ഓരോ പ്രലോഭനത്തെയും അതിജീവിച്ചു.ഈ ആത്മീയ പോരാട്ടങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യ അനുഭവങ്ങള്‍ മാത്രമായിരുന്നില്ല; മനുഷ്യന്റെ ഉള്ളിലെ നന്മയും തിന്മയും തമ്മിലുള്ള അനന്തസമരത്തിന്റെ പ്രതീകമായിരുന്നു അവ. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി ചിത്രകാരന്മാരുടെയും ശില്പികളുടെയും സാഹിത്യകാരന്മാരുടെയും ഭാവനയെ ഈ കഥകള്‍ ആഴത്തില്‍ സ്വാധീനിച്ചു. ഹിയറോണിമസ് ബോഷ് മുതല്‍ സാല്‍വദോര്‍ ദാലി വരെയുള്ള ലോകപ്രശസ്ത ചിത്രകാരന്മാരും ഗുസ്താവ് ഫ്ലോബെര് പോലുള്ള എഴുത്തുകാരും വിശുദ്ധ അന്തോണീസിന്റെ പ്രലോഭനങ്ങളെ തങ്ങളുടെ സൃഷ്ടികളില്‍ അനശ്വരമാക്കി.വര്‍ഷങ്ങളുടെ ഏകാന്തജീവിതത്തിനുശേഷം അന്തോണീസ് വീണ്ടും മനുഷ്യരുടെ ഇടയിലേക്ക് മടങ്ങിയെത്തി. അദ്ദേഹത്തിന്റെ വിശുദ്ധജീവിതത്തില്‍ ആകൃഷ്ടരായി അനേകം യുവാക്കള്‍ മരുഭൂമിയിലേക്ക് ഒഴുകിയെത്തി. അവര്‍ ഓരോരുത്തരും തപസ്വികളായി ജീവിക്കാന്‍ ആഗ്രഹിച്ചു. ആ ദൗത്യം ഏറ്റെടുത്ത അന്തോണീസ് അവരുടെ ജീവിതത്തിന് ക്രമവും ശിക്ഷണവും നല്കി.
അങ്ങനെ വ്യക്തിഗത തപസ്സില്നിന്ന് സംഘടിത സന്ന്യാസസമൂഹങ്ങളിലേക്കുള്ള വളര്‍ച്ചയ്ക്ക് തുടക്കമായി. പിന്നീട് ലോകമെമ്പാടും വളര്‍ന്ന ക്രൈസ്തവ ആശ്രമപരമ്പരയുടെ വിത്തുകള്‍ വിതച്ചത് മരുഭൂമിയിലെ ഈ മഹാതപസ്വിയായിരുന്നു. പിന്നീട് അദ്ദേഹം ചെങ്കടലിനും നൈല്‍ നദിക്കും ഇടയിലുള്ള കിഴക്കന്‍ മരുഭൂമിയിലേക്ക് താമസം മാറ്റി. അവിടെ ഇന്നും നിലനില്‍ക്കുന്ന ദെയര്‍ മാരി അന്തോണിയോസ് ആശ്രമം അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യമായി നിലകൊള്ളുന്നു. ജീവിതത്തിന്റെ അവസാനകാലത്തുപോലും വിശ്വാസത്തെ ഭീഷണിപ്പെടുത്തിയ ആറിയന്‍ മതവിരുദ്ധവാദത്തിനെതിരെ അലക്സാണ്ട്രിയയില്‍ എത്തി അദ്ദേഹം ധീരമായി പ്രസംഗിച്ചു. ഏകാന്തതയില്‍ ജീവിച്ച സന്ന്യാസിയായിരുന്നെങ്കിലും, സഭയുടെ വിശ്വാസം അപകടത്തിലായപ്പോള്‍ സമൂഹത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹം മടിച്ചില്ല.ഒരു ശിഷ്യന് ഒരിക്കല്‍ ചോദിച്ചു:’പിതാവേ, പ്രാര്‍ഥനയോ ജോലിയോ ഏതാണ് കൂടുതല്‍ പ്രധാനം?’അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘പക്ഷിക്ക് രണ്ട് ചിറകുകള് വേണം. ഒരു ചിറകുകൊണ്ട് അതിന് പറക്കാനാവില്ല. അതുപോലെ പ്രാര്‍ഥനയും ജോലിയും ചേര്‍ന്നാലേ ആത്മാവ് ദൈവത്തിലേക്ക് ഉയരൂ.’വിശുദ്ധ അന്തോണീസിന്റെ ആത്മീയ പാരമ്പര്യം അദ്ദേഹത്തിന്റെ ജീവിതകാലംകൊണ്ട് അവസാനിച്ചില്ല.
അദ്ദേഹത്തിന്റെ ഉപദേശങ്ങളും ജീവിതശൈലിയും പിന്നീട് സന്ന്യാസനിയമങ്ങളായി ക്രോഡീകരിക്കപ്പെട്ടു. ഇന്നും കോപ്റ്റിക് സഭയിലെയും അര്‍മേനിയന്‍ സന്ന്യാസസമൂഹങ്ങളിലെയും വിഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയ പാരമ്പര്യം പിന്തുടരുന്നു.മധ്യകാലഘട്ടത്തില്‍ വിശുദ്ധ അന്തോണീസിനോടുള്ള ഭക്തി യൂറോപ്പിലാകെ വ്യാപിച്ചു. ഫ്രാന്‍സില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിതമായ ആശുപത്രിയില്‍ സന്ന്യാസസഭ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. അവരുടെ കറുത്ത വസ്ത്രവും സംഭാവന തേടിയിറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന ചെറിയ മണികളും പിന്നീട് വിശുദ്ധ അന്തോണീസിന്റെ പ്രതീകങ്ങളായി കലാചരിത്രത്തില്‍ ഇടംനേടി.വിശുദ്ധ അന്തോണീസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ സത്യം, യഥാര്‍ഥ ആത്മീയ വിജയം പുറംലോകത്തെ കീഴടക്കുന്നതിലല്ല, സ്വന്തം ഹൃദയത്തെ ദൈവത്തിനായി സമര്പ്പിക്കുന്നതിലാണെന്നതാണ്. മരുഭൂമിയുടെ നിശ്ശബ്ദതയില്‍ അദ്ദേഹം കണ്ടെത്തിയ ദൈവസാന്നിധ്യം ഇന്നും ലോകമെമ്പാടുമുള്ള അനേകം ആത്മാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ വിശുദ്ധ അന്തോണീസ് ഒരു ചരിത്രപുരുഷന് മാത്രമല്ല; എല്ലാ കാലത്തും ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യന്റെ ശാശ്വത മാതൃകയാണ്.ക്രൈസ്തവ സന്ന്യാസിമാരുടെയും, കശാപ്പുകാരുടെയും, ശവസംസ്കാര പ്രവര്‍ത്തകരുടെയും, ശ്മശാനങ്ങളുടെയും, കൊട്ട നിര്‍മ്മാതാക്കളുടെയും, ബ്രഷ് നിര്‍മ്മാതാക്കളുടെയും, മൃഗങ്ങളുടെയും മധ്യസ്ഥവിശുദ്ധനായി സഭ അദ്ദേഹത്തെ വണങ്ങുന്നു.സിഇ 356 ജനുവരി 17-ന് ഏകദേശം നൂറ്റിയഞ്ചാം വയസ്സില്‍ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. അവസാനകാലത്ത് ശിഷ്യന്മാരെ വിളിച്ചു വരുത്തി അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്കി. തന്റെ വസ്ത്രങ്ങളില്‍ ഒന്ന് അലക്സാണ്ട്രിയയിലെ മെത്രാനായ വിശുദ്ധ അത്തനാസിയോസിനും മറ്റൊന്ന് സിറാപിയോന് മെത്രാനും നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ അദ്ദേഹത്തിന്റെ ആഗ്രഹം മറ്റൊന്നായിരുന്നു.”എന്റെ ശരീരം ആരും അറിയാത്ത സ്ഥലത്ത് അടക്കം ചെയ്യുക,” അദ്ദേഹം പറഞ്ഞു.ഈ ആഗ്രഹത്തിന് പിന്നില്‍ ആഴത്തിലുള്ള ആത്മീയദര്ശനമുണ്ടായിരുന്നു. തന്റെ ശവകുടീരം തീര്ഥാടനകേന്ദ്രമാകണമെന്നും തന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി ആരാധന വളരണമെന്നും അദ്ദേഹം ആഗ്രഹിച്ചില്ല. ജീവിതകാലം മുഴുവന്‍ മനുഷ്യരുടെ പ്രശംസയില്നിന്ന് ഒഴിഞ്ഞുനിന്ന അദ്ദേഹം മരണശേഷവും അതേ വിനയം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന് മഹത്വം വേണ്ടിയിരുന്നത് ദൈവത്തിനായിരുന്നു.

