.ബിജോ സില്‍വേരി
ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മുതല്‍ റഫറിയിംഗിനെതിരെയുള്ള വിമര്‍ശനങ്ങളും ഹൈഡ്രേഷന് ബ്രേക്കുകളും വരെ, ഈ ലോകകപ്പ് കളിക്കളത്തിന് പുറത്തെ ഒട്ടനവധി വിവാദങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മൂന്ന് രാജ്യങ്ങളിലായി പടര്‍ന്നുപന്തലിച്ച 104 പോരാട്ടങ്ങള്‍, ആറാഴ്ച നീണ്ട കാല്‍പ്പന്തിന്റെ മാസ്മരികത, ഒടുവില്‍ ന്യൂജേഴ്സിയിലെ ആവേശപ്പോരാട്ടത്തില്‍ സ്പെയിന് അര്‍ജന്റീനയെ കീഴടക്കി രണ്ടാം വട്ടം ലോകചാമ്പ്യന് പട്ടമണിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിനാണ് 2026-ല്‍ അമേരിക്കയും കാനഡയും മെക്സിക്കോയും വേദിയായത്. പ്രാഥമികതലം മുതല്‍ ഫൈനല്‍ വരെ വേഗതയും കൃത്യതയാര്‍ന്ന പാസിംഗും കൊണ്ട് എല്ലാ ടീമുകളും കാണികളെ രോമാഞ്ചം കൊള്ളിച്ച ഒരു ടൂര്‍ണമെന്റായിരുന്നു ഇത്. കളിയിലെ വേഗതയും അട്ടിമറികളും കൊണ്ട് യുവാക്കള്‍ നാളത്തെ ഫുട്ബോള്‍ ചരിത്രം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍, പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി വമ്പന്മാര് പലരും കണ്ണീരോടെ മടങ്ങി. കളിക്കളത്തിലെ ആവേശം മാത്രമല്ല, സാങ്കേതികവിദ്യയുടെ തര്‍ക്കങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും കടുത്ത ടിക്കറ്റ് നിരക്കുകളും വരെ ഈ ലോകകപ്പിനെ വിവാദങ്ങളുടെ കളിമുറ്റമാക്കി മാറ്റി.
സ്പെയിനും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലുള്ള ഫൈനല്‍ മത്സരത്തോടെയാണ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ടൂര്‍ണമെന്റിന് സമാപനമായത്. ന്യൂജേഴ്സിയില്‍ നടന്ന കലാശപ്പോരാട്ടത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍, ആറാഴ്ചയോളം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ മൂന്ന് രാജ്യങ്ങളിലായി ആകെ 104 മത്സരങ്ങളാണ് പൂര്‍ത്തിയായത്; ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. അട്ടിമറികളും, നാടകീയമായ തിരിച്ചുവരവുകളും, മനോഹരമായ ഗോളുകളും, സൂപ്പര്‍ താരങ്ങളുടെ മികച്ച പ്രകടനങ്ങളും കൊണ്ട് കളിക്കളത്തില്‍ ആവേശം നിറയ്ക്കാന്‍ ഈ വമ്പന്‍ ടൂര്‍ണമെന്റിന് സാധിച്ചു.പ്രാഥമികതലം മുതല്‍ ഫൈനല്‍ വരെ ആവേശ്വജ്വലമായ മത്സരങ്ങളായിരുന്നു ഇത്തവണത്തെ പ്രത്യേകത. വേഗത, പാസിംഗ് എന്നിവയിലെല്ലാം എല്ലാ ടീമുകളും മികച്ചു നിന്നു. കഴിഞ്ഞ ലോകകപ്പുകളില്‍ പ്രതിരോധം ഒരു അടവായി പല രാജ്യങ്ങളും സ്വീകരിച്ചിരുന്നുവെങ്കില്‍ 2026 ആക്രമണഫുട്ബോളിന്റെ വിവിധ തന്ത്രങ്ങളായിരുന്നു ചെറിയ ടീമുകള്‍ പോലും പുറത്തെടുത്തത്.എന്നാല്‍ കളിക്കളത്തിലെ ആവേശത്തിനൊപ്പം തന്നെ ചില വിവാദങ്ങളും ഇത്തവണ നിഴല്‍ വീഴ്ത്തിയിരുന്നു.കൂടുതല്‍ ടീമുകള്‍, കൂടുതല്‍ ആവേശംടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയത് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ആവേശം കുറയ്ക്കുമോ എന്ന ആശങ്ക പരത്തിയിരുന്നു. എന്നാല്‍ കേപ് വെര്‍ഡേ, കോംഗോ, കുറകാവോ തുടങ്ങിയ കുഞ്ഞന്‍ രാജ്യങ്ങള്‍ ഈ ആശങ്കകളെയെല്ലാം കാറ്റില്‍പ്പറത്തി ചരിത്രം കുറിക്കുകയും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ആഫ്രിക്കയുടേയും ഏഷ്യയുടേയും വെല്ലുവിളികള്‍ കാര്യമായി ഉയര്‍ന്നില്ലെങ്കിലും മൊറോക്കോ, കോംഗോ, കേപ് വെര്‍ഡേ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ മികച്ച കളി കാഴ്ചവച്ചു. ആദ്യ മത്സരത്തില്‍ സ്പെയിനെ സമനിലയില്‍ തളച്ച കേപ് വെര്‍ഡേ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുകയും, അര്‍ജന്റീനയെ കടുത്ത പോരാട്ടത്തിലൂടെ വിറപ്പിക്കുകയും ചെയ്തു. അധികസമയത്ത് 3-2 ന് അര്‍ജന്റീന ജയിച്ച ഈ മത്സരം ലോകകപ്പിലെ ഒരു ക്ലാസിക് പോരാട്ടമായിരുന്നു.
കേപ് വെര്ഡേയുടെ 40-കാരനായ ഗോള്‍കീപ്പര്‍ വോസിന്‍ഹ, സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി ഈ ലോകകപ്പിലെ അദ്ഭുതതാരമായി മാറി. കോംഗോ ഗ്രൂപ്പ് ഘട്ടം കടന്ന് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് കീഴടങ്ങിയത്. ഈജിപ്ത്, മെക്സിക്കോ, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ക്രൊയേഷ്യ എന്നിവ കാണികളെ രസിപ്പിക്കുകയും നാളത്തെ ഫുട്ബോള്‍ ചരിത്രം തങ്ങളുടേത് കൂടിയാകുമെന്ന് അടയാളപ്പെടുത്തുകയും ചെയ്തു.ഫിഫ കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്കിയപ്പോള്, ലോകത്തെ ഏറ്റവും വലിയ വേദിയില്‍ തങ്ങള്‍ക്കും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ഈ ചെറിയ ടീമുകള്‍ തെളിയിച്ചു. അതേസമയം ബ്രസീലും പോര്‍ച്ചുഗലും ജര്‍മനിയും ഡെച്ചും (നെതര്‍ലന്‍ഡ്സ്) ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തന്റെ അവസാന ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിക്കാനായില്ല.
നെയ്മര്‍ക്കും ബ്രസീലിനും കണ്ണീരോടെ കളിക്കളം വിടാനായിരുന്നു വിധി. പരിക്കില്‍ നിന്ന് മോചിതനായി വന്ന സ്പെയിനിന്റെ കൗമാര വിസ്മയം ലാമിന് യമാല്‍ ടൂര്‍ണമെന്റില്‍ ഉടനീളം എതിര് ടീമുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞു. യമാലിന്റെ വേഗതയും ഡ്രിബ്ലിംഗ് മികവും അസരോചിത നീക്കങ്ങളും സ്പെയിനിന്റെ കീരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട്, ഹാരി കെയിന്‍, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയ ലോകത്തെ മുന്‍നിര താരങ്ങള്‍ കളം നിറഞ്ഞാടിയതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം ശക്തമായി.
10 ഗോളുകളോടെ എംബാപ്പെ സുവര്‍ണപാദുകത്തിന് അര്‍ഹനായി. ലോകകപ്പ് ചരിത്രത്തില്‍ ആകെ 22 ഗോളുകളുടെ റിക്കാര്‍ഡും എംബാപ്പെ സ്വന്തമാക്കി. മെസ്സിക്ക് ഈ ലോകകപ്പില്‍ എട്ടും മൊത്തം 21 ഗോളുകളുമായിരുന്നു ഉണ്ടായിരുന്നത്.വലിയ സാങ്കേതികവിദ്യ, വലിയ പരാതികള്കളി കുറ്റമറ്റതാക്കാനാണ് വി.എ.ആര് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെങ്കിലും ഈ ലോകകപ്പില്‍ വിമര്‍ശനാത്മകമായ പല തീരുമാനങ്ങളിലും വി.എ.ആര് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. ജര്‍മനി, ക്രൊയേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സുപ്രധാന ഗോളുകളാണ് സാങ്കേതികവിദ്യയുടെ ഇടപെടലിലൂടെ റദ്ദാക്കപ്പെട്ടത്. റൗണ്ട് ഓഫ് 16-ല്‍ ഈജിപ്തിനെതിരെ അര്‍ജന്റീന 2-0 ന് പിന്നിട്ടുനിന്ന ശേഷം 3-2 ന് നാടകീയമായി തിരിച്ചുവന്നു ജയിച്ച മത്സരത്തിന് ശേഷം ഈജിപ്ത് കോച്ച് ഹൊസാം ഹസ്സന് കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. സെന്‍സറുകള്‍ ഘടിപ്പിച്ച അത്യാധുനിക പന്ത്, റൗണ്ട് ഓഫ് 32-ല്‍ പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ക്രൊയേഷ്യയുടെ നാടകീയമായ സമനില ഗോള്‍ നഷ്ടപ്പെടുത്തി. ജോസ്കോ ഗ്വാര്‍ഡിയോളിന്റെ ഗോള്‍ ഓഫ്സൈഡ് ആയി പ്രഖ്യാപിക്കുകയായിരുന്നു.ടിക്കറ്റ് നിരക്ക് ആകാശത്തോളം, എങ്കിലും ആരാധകര്‍ ഒഴുകിയെത്തിഫിഫ ഏര്‍പ്പെടുത്തിയ ഡൈനാമിക് പ്രൈസിംഗ് സാധാരണക്കാരായ ആരാധകര്‍ക്ക് ടിക്കറ്റ് അപ്രാപ്യമാക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
ഫിഫയുടേത് ‘ചരിത്രപരമായ വഞ്ചന’യാണെന്ന് ചില വിമര്‍ശകര്‍ ആരോപിച്ചു. ഔദ്യോഗിക ടിക്കറ്റ് നിരക്കുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 140 മുതല്‍ 2,735 യു.എസ് ഡോളര്‍ വരെയായിരുന്നു. ഫൈനലിനാകട്ടെ ഇത് 8,680 ഡോളര്‍ വരെ (അന്നത്തെ വിനിമയ നിരക്കനുസരിച്ച് 8,37,560.54 രൂപ) ഉയര്‍ന്നു. 2022-ലെ ഖത്തര്‍ ലോകകപ്പിലേതിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്, പങ്കെടുക്കുന്ന 48 ദേശീയ ഫെഡറേഷനുകള്‍ക്കായി ഓരോ മത്സരത്തിലും 60 ഡോളറിന്റെ ടിക്കറ്റുകള്‍ ഫിഫ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഫിഫയുടെ റീസെയില്‍ മാര്‍ക്കറ്റിലൂടെ (ടിക്കറ്റ് മറിച്ച് വില്‍ക്കുന്ന ഇടം) യഥാര്‍ത്ഥ വിലയേക്കാള്‍ വന്‍ തുകയ്ക്ക് ടിക്കറ്റുകള്‍ വില്ക്കാന് സാധിക്കുമായിരുന്നു. ടിക്കറ്റ് വില നിയന്ത്രിക്കാന്‍ ഫിഫ തയ്യാറായില്ലെങ്കിലും വില്‍പ്പനയുടെ ഒരു വിഹിതം അവര്‍ കൈപ്പറ്റിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും പ്രമുഖ ടീമുകളോ താരങ്ങളോ ഇല്ലാത്ത മത്സരങ്ങള്‍ക്ക് പോലും കാണികള്‍ വന്‍തോതില്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
ഗ്വാഡലഹാരയില്‍ നടന്ന ദക്ഷിണ കൊറിയ-ചെക്ക് റിപ്പബ്ലിക് മത്സരത്തില്‍ തുടക്കത്തില്‍ ചില സീറ്റുകള്‍ ഒഴിഞ്ഞുകിടന്നെങ്കിലും, പിന്നീട് നടന്ന ഒട്ടുമിക്ക മത്സരങ്ങളിലും സ്റ്റേഡിയങ്ങള്‍ നിറഞ്ഞുകവിഞ്ഞു.ഹൈഡ്രേഷന് ബ്രേക്കുകള്‍ മത്സരത്തിന്റെ ഓരോ പകുതിയുടെയും മധ്യത്തില്‍ ഫിഫ ഏര്‍പ്പെടുത്തിയ പുതിയ ‘ഹൈഡ്രേഷന് ബ്രേക്കുകള്‍’ സ്റ്റേഡിയത്തിനുള്ളിലെ കാണികളുടെ വലിയ കൂവലുകള്‍ക്ക് കാരണമായി. മുന്‍ കളിക്കാരും നിരീക്ഷകരും ഇതിനെ വിമര്‍ശിച്ചു. വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ കളിക്കാരെ സഹായിക്കാനാണ് ‘ഹൈഡ്രേഷന് ബ്രേക്കുകള്‍’ കൊണ്ടുവന്നതെങ്കിലും, കാലാവസ്ഥയോ വേദിയോ നോക്കാതെ എല്ലാ മത്സരങ്ങളിലും ഇത് നിര്‍ബന്ധമാക്കാന്‍ ഫിഫ നിര്‍ദ്ദേശിച്ചിരുന്നു. കോച്ചുമാര്‍ ഈ സമയം തന്ത്രങ്ങള്‍ ഉപദേശിക്കാനുള്ള ‘ടൈം ഔട്ട്’ ആയി ഉപയോഗിച്ചപ്പോള്‍, ചാനലുകാര് ഇത് പരസ്യങ്ങള്‍ നല്‍കാനുള്ള അവസരമാക്കി മാറ്റി. ഭാവി ലോകകപ്പുകളില്‍ ഇത് തുടരുമോ എന്ന് വ്യക്തമല്ലെങ്കിലും, യുകെയും അയര്‍ലന്‍ഡും ചേര്‍ന്ന് നടത്തുന്ന 2028-ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇത്തരം ബ്രേക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു.
യുദ്ധങ്ങള്‍ക്കിടയിലും ഇറാന്റെ പങ്കാളിത്തംലോകകപ്പില് രാഷ്ട്രീയവും കായികരംഗവും പരസ്പരം ഇടകലരുന്നത് പുതിയ കാര്യമല്ല. ഇത്തവണ ഏറ്റവും വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് ഇറാന്റെ പങ്കാളിത്തത്തെച്ചൊല്ലിയായിരുന്നു. മധ്യപൂര്‍വ ദേശത്തെ യുദ്ധം കാരണം ലോകകപ്പില്‍ ഇറാന് ടീം പങ്കെടുക്കുമോ എന്ന് കടുത്ത സംശയമുണ്ടായിരുന്നു. ഒടുവില്‍ അവരുടെ ബേസ് ക്യാമ്പ് അരിസോണയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റിയ ശേഷമാണ് അവര്‍ക്ക് പങ്കെടുക്കാനായത്. എന്നാല്‍ വിസ പ്രശ്നങ്ങള്‍ കാരണം അവരുടെ പങ്കാളിത്തം പ്രതിസന്ധിയിലായി; ഇറാന്റെ പ്രതിനിധി സംഘത്തിലെ പലര്‍ക്കും അമേരിക്ക വിസ നിഷേധിച്ചു. ഓരോ മത്സരത്തിന് ശേഷവും ഉടന്‍ തന്നെ അമേരിക്ക വിട്ടുപോകണമെന്നത് ഉള്‍പ്പെടെയുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചും ഇറാന് പരാതിപ്പെട്ടു. ഇറാന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോള്‍, യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന് പ്രതികരിച്ചത്, ‘അവര്‍ പുറത്തായതിലും ഇനി തിരിച്ചുവരാത്തതിലും എനിക്ക് സന്തോഷമേയുള്ളൂ’ എന്നാണ്.

