കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനലിന്റെ റെയിൽപാത നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസ പ്രശ്നങ്ങൾ വിലയിരുത്താൻ എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ഐഎഎസ് തുതിയൂരിലെ പുനരധിവാസ സൈറ്റ് സന്ദർശിച്ചു.
ഇടപ്പള്ളി നോർത്ത്, സൗത്ത് വില്ലേജുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 56 കുടുംബങ്ങൾക്ക് മൂലംപിള്ളി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കാക്കനാട് വാഴക്കാല വില്ലേജിലെ തുതിയൂർ മുട്ടുങ്കൽ റോഡിന് സമീപം 4.25 ഏക്കർ സ്ഥലത്ത് നാല് സെന്റ് വീതം ഭൂമി അനുവദിച്ചിരുന്നു. എന്നാൽ പട്ടയം ലഭിച്ച് 18 വർഷം പിന്നിട്ടിട്ടും വീടുകൾ നിർമിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയമാണ് ജില്ലാ കളക്ടർ നേരിട്ടെത്തി പരിശോധിച്ചത്.
സന്ദർശനത്തിനിടെ പുനരധിവാസ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും കോഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം എത്രയും വേഗം വിളിച്ചുചേർക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പിള്ളി, അഡ്വ. സി. ആർ. നീലകണ്ഠൻ, കോഡിനേഷൻ കമ്മിറ്റി കൺവീനർ വി. പി. വിൽസൻ, കെ. റെജികുമാർ, ഏലൂർ ഗോപിനാഥ്, കെ. എൻ. സാബു, പി. എം. മൈക്കിൾ, ജോർജ് അമ്പാട്ട്, താഹ, സമദ്, കൗൺസിലർ എം. എസ്. അനിൽ, സീലിയ, ജൂലിയൻ, ജോണി ജോസഫ്, തഹസിൽദാർ പ്രീത, പ്രവീൺ ചാക്കോ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

