വാഷിംഗ്ടൺ ഡി.സി: കത്തോലിക്കാ വിശ്വാസികൾക്കായി സുരക്ഷിതവും വിശ്വാസാധിഷ്ഠിതവുമായ ഡിജിറ്റൽ ശ്രവ്യാനുഭവം ഒരുക്കുന്ന ‘ഫിയോ’ (Fio) എന്ന ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ലോകമെമ്പാടും ശ്രദ്ധ നേടുന്നു. കത്തോലിക്കാ പോഡ്കാസ്റ്റുകൾ, ഭക്തിഗാനങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കമാണ് നിലവിൽ പ്ലാറ്റ്ഫോമിൽ ലഭ്യമായിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്ക് ഫിയോ ഇതിനകം വ്യാപിച്ചുകഴിഞ്ഞു.
2023-ൽ സംഗീതജ്ഞനായ വിൽ ഹിക്കൽ സുഹൃത്തായ പീറ്റർ ബ്യൂണിൻകോൺട്രോ എന്നിവരുമായി ചേർന്നാണ് ഫിയോ ആരംഭിച്ചത്. പൊതുവായ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കത്തോലിക്കാ കലാകാരന്മാർക്ക് മതിയായ പ്രോത്സാഹനവും പ്രതിഫലവും ലഭിക്കുന്നില്ലെന്ന വിലയിരുത്തലാണ് ഈ സംരംഭത്തിന് പിന്നിലെ പ്രധാന പ്രചോദനം. മറ്റ് പ്രമുഖ സ്ട്രീമിംഗ് സേവനങ്ങളെ അപേക്ഷിച്ച് കൂടുതൽ വരുമാനം കലാകാരന്മാർക്ക് ലഭിക്കുന്ന സംവിധാനമാണ് ഫിയോ ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്ലാറ്റ്ഫോമിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. കത്തോലിക്കാ സഭയുടെ വിശ്വാസപഠനങ്ങളുമായി യോജിക്കുന്ന ഉള്ളടക്കങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച ഓഡിയോ ഫയലുകൾക്ക് പ്രവേശനമില്ല. ഓരോ ഉള്ളടക്കവും മാനുവൽ പരിശോധനയ്ക്ക് ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്.
സൗജന്യവും പ്രീമിയവും ഉൾപ്പെടുന്ന രണ്ട് സേവനങ്ങളാണ് ഫിയോ നൽകുന്നത്. സൗജന്യ പതിപ്പിൽ പോലും വിശ്വാസമൂല്യങ്ങൾക്ക് വിരുദ്ധമല്ലാത്ത പരസ്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തുന്നത്. അതിനാൽ കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന കത്തോലിക്കാ ഡിജിറ്റൽ വേദിയെന്ന നിലയിൽ ഫിയോ ശ്രദ്ധേയമാകുകയാണ്.
കത്തോലിക്കാ കലാകാരന്മാർക്കും ശുശ്രൂഷാ സംഘടനകൾക്കും വിശ്വാസാധിഷ്ഠിത സംരംഭങ്ങൾക്കും ഒരുമിച്ചുള്ള ശ്രാവ്യമാധ്യമ വേദിയായി വളരുന്ന ഫിയോ, വരും വർഷങ്ങളിൽ ആഗോള കത്തോലിക്കാ സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

