ഇസ്ലാമാബാദ്: രാജ്യത്ത് കുട്ടികൾക്കെതിരായ പീഡനങ്ങളും ചൂഷണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകി 2026-നെ ‘കുട്ടികളുടെ വർഷം’ ആയി ആചരിക്കാൻ പാക്കിസ്ഥാനിലെ ഇസ്ലാമാബാദ്–റാവൽപിണ്ടി അതിരൂപത തീരുമാനിച്ചു.
രൂപതയിലെ എല്ലാ ഇടവകകളിലും സ്കൂളുകളിലും കത്തോലിക്കാ സംഘടനകളിലും കുട്ടികളുടെ അവകാശങ്ങൾ, സുരക്ഷ, വിദ്യാഭ്യാസം, സമഗ്രവികസനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ വർഷം മുഴുവൻ സംഘടിപ്പിക്കുമെന്ന് അതിരൂപത അറിയിച്ചു. പ്രാർത്ഥനാ ശുശ്രൂഷകൾ, ദിവ്യബലി, സെമിനാറുകൾ, പരിശീലന പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.”ഓരോ കുട്ടിയുടെയും അന്തസ്സും സുരക്ഷയും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്വമാണ്.
കുട്ടികൾ ഭയമില്ലാതെ വളരാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം,” എന്ന് അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് അർഷാദ് വ്യക്തമാക്കി.കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്ത് ആയിരക്കണക്കിന് ബാലപീഡന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ സഭയുടെ ഈ സംരംഭം കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള പൊതുബോധം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിനുമുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

