കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ കോളജ്, എറണാകുളത്തെ സെന്റ് തെരേസാസ് കോളജ്, ആരംഭിച്ച് 23 വര്‍ഷം കഴിഞ്ഞാണ്, 1948 ജൂലൈയില്‍ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്ന്യാസിനീ സമൂഹം പഴയ മൈസൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗളൂര്‍ നഗരത്തില്‍ മൗണ്ട് കാര്‍മല്‍ കോളജ് സ്ഥാപിച്ചത്. വരാപ്പുഴ അതിരൂപതയില്‍ പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആരംഭിക്കാനായി ആലപ്പുഴയില്‍നിന്ന് ആര്‍ച്ച്ബിഷപ് ലെയൊനാര്‍ദോ മെല്ലാനോ എറണാകുളത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന മദ്രാസ് സ്വദേശിനിയായ കര്‍മലീത്താ സന്ന്യാസിനിയും ഇംഗ്ലീഷ് അധ്യാപികയുമായ ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ, 1887-ല്‍ സെന്റ് തെരേസാസ് കോണ്‍വെന്റ് സ്ഥാപിച്ച് രണ്ടാമത്തെ ആഴ്ച കൊച്ചി രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിനും തുടക്കംകുറിച്ചിരുന്നു.
വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശക്തീകരിക്കുക എന്ന മദര്‍ തെരേസയുടെ ദര്‍ശനത്തില്‍ അധിഷ്ഠിതമായാണ് സെന്റ് തെരേസാസ് കോളജ് 1925-ല്‍ എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത്, 1942-ല്‍ ബ്രിട്ടീഷ് സൈന്യം സെന്റ് തെരേസാസ് സമുച്ചയം മിലിട്ടറി ആശുപത്രിയാക്കി രൂപാന്തരപ്പെടുത്തിയപ്പോള്, കാര്‍മലൈറ്റ് സിസ്റ്റേഴ്സിന് എറണാകുളത്തുനിന്ന് തെരേസ്യന്‍ വിദ്യാര്‍ഥിനികളെ തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ബോര്‍ഡിങ് സ്കൂളിലേക്ക് മാറ്റേണ്ടിവന്നു. ഈ ഇടവേളയില്‍ തൃശൂരില്‍ രൂപം കൊണ്ട കാര്‍മല്‍ കോളജിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ബാംഗളൂരിലെ വസന്ത് നഗര്‍ പാലസ് റോഡിലെ മൗണ്ട് കാര്‍മല്‍ കോളജിന്റെ ഉദ്ഭവം.

‘വിദ്യാഭ്യാസത്തിലൂടെ ശക്തീകരണം’ (എംപവറിങ് ത്രൂ എജ്യുക്കേഷന്‍) എന്ന പ്രമാണവാക്യത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് കഴിഞ്ഞ 78 വര്‍ഷമായി സമൂഹത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും വേണ്ടി പരിവര്‍ത്തനാത്മകവും ഗുണനിലവാരമുള്ള, സമഗ്രവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം എന്ന ദൗത്യവുമായി മുന്നേറുന്ന മൗണ്ട് കാര്‍മല്‍ കോളജിന് കൃപയുടെയും നന്ദിയുടെയും ആഘോഷത്തിന്റെയും നിമിഷമാണിതെന്ന് സിഎസ്എസ്ടി സുപ്പീരിയര്‍ ജനറലും മൗണ്ട് കാര്‍മല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റുമായ സിസ്റ്റര്‍ ജോസ് ലിനെറ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പ്രഖ്യാപന വേളയില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച 20 കോളജുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടംപിടിച്ചിട്ടുള്ള മൗണ്ട് കാര്മലിന് 2005-ല്‍ ഓട്ടോണമസ് പദവി ലഭിച്ചു. സ്വയംഭരണാവകാശമുള്ള കോളജ് എന്ന നിലയില്‍ കംപ്യൂട്ടേഷണല്‍ ബയോളജി, പബ്ലിക് പോളിസി, കമ്യൂണിക്കേഷന്‍ സ്റ്റഡീസ്, ഫിന്‍ടെക് ആന്‍ഡ് ഡിജിറ്റല്‍ ഫിനാന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിങ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങി നിരവധി പുതുയുഗ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ മൗണ്ട് കാര്‍മല്‍ അദ്വിതീയ നേതൃത്വം വഹിച്ചിട്ടുണ്ട്. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അഞ്ചുവട്ടം മികവിന്റെ അംഗീകാര മുദ്ര ഈ ഉന്നതപഠനകേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്. സ്കൂള്‍ ഓഫ് നാച്ചുറല്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് കൊമേഴ്സ്, സ്കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയിലൂടെ വിവിധ സ്ട്രീമുകളിലായി 54 ബിരുദ, 18 ബിരുദാനന്തര ബിരുദ, 11 പിഎച്ച്ഡി പ്രോഗ്രാമുകള്‍ ഒരുക്കിയിട്ടുള്ള മൗണ്ട് കാര്മലില് 11,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
140 വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ സേവനമനുഷ്ഠിക്കുകയും ഒരു നൂറ്റാണ്ടായി ഉന്നത വിദ്യാഭ്യാസ രംഗത്ത്, വിശേഷിച്ച് സ്ത്രീശക്തീകരണത്തില് വലിയ തോതില്‍ പങ്കാളിയാകുകയും ചെയ്യുന്ന സിഎസ്എസ്ടി സമൂഹത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് മൗണ്ട് കാര്‍മല്‍ കോളജിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവിയെന്ന് സിഎസ്എസ്ടി സമൂഹത്തിന്റെ ബെംഗളൂരുവിലെ ജനറലേറ്റില്‍ വിദ്യാഭ്യാസത്തിനായുള്ള ജനറല്‍ കൗണ്‍സിലര്‍ ഡോ. ട്രീസ അനുസ്മരിച്ചു. തെരേസ്യന്‍ കര്‍മലീത്താ ആധ്യാത്മിക സിദ്ധിയില്‍ വേരൂന്നിയ വ്യതിരിക്തമായ വിദ്യാഭ്യാസ ദര്‍ശനമാണ് സ്ഥാപനത്തിന്റെ ഉജ്വല മുന്നേറ്റത്തിനു കാരണം. ആ ദര്‍ശനത്തിനുള്ള അംഗീകാരവും സ്ഥിരീകരണവുമാണ് ഡീംഡ് യൂണിവേഴ്സിറ്റി പ്രഖ്യാപനം.
”മെച്ചപ്പെട്ട ഗവേഷണ പ്രോഗ്രാമുകള്‍, അന്താരാഷ്ട്ര സഹകരണം, വിദേശ സര്‍വകലാശാലകളുമായുള്ള ഡ്യൂവല്‍ ഡിഗ്രി, ടൈ്വനിങ് ക്രമീകരണങ്ങള്‍, ഫാക്കല്‍റ്റി-വിദ്യാര്‍ഥി വിനിമയ സംരംഭങ്ങള്‍, ഉയര്‍ന്നുവരുന്ന ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത വ്യവസായ-ബന്ധിത അക്കാദമിക് പ്രോഗ്രാമുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിപുലമായ അവസരങ്ങള്‍ എന്നിങ്ങനെ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവി നിരവധി സാധ്യതകള്‍ തുറന്നിടുകയാണ്,” എറണാകുളം സെന്റ് തെരേസാസ് ഓട്ടോണമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ സിസ്റ്റര്‍ ട്രീസ പറയുന്നു. ”വിദ്യാര്‍ഥികള്‍ക്ക് നല്ലതോതില്‍ ഇന്റര്‍നാഷണല്‍ എക്സ്പോഷര്‍ ലഭിക്കും. കരിയര്‍ സാധ്യതകളും ഗവേഷണ മത്സരക്ഷമതയും വര്‍ധിക്കും. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും കൂടുതല്‍ പ്രസക്തമായ പുതുതലമുറ കോഴ്സുകള്‍ തിരഞ്ഞെടുക്കാനാകും. എല്ലാറ്റിനുമുപരിയായി, അര്‍ഥവത്തായ പ്രവര്‍ത്തനത്തിന് പ്രതിജ്ഞാബദ്ധരായ, സാമൂഹികമായി സംവേദനക്ഷമതയുള്ള വ്യക്തികളാകാന്‍ അവര്‍ സജ്ജരാകും.”
”ഇന്ത്യയ്ക്കായി ബുദ്ധിപരമായി ഊര്‍ജ്ജസ്വലരും, ആധ്യാത്മികതയില്‍ വേരൂന്നിയവരും, വൈകാരികമായി പക്വതയുള്ളവരും, പരിസ്ഥിതി സംവേദനക്ഷമതയുള്ളവരും, സാമൂഹികമായി ഉത്തരവാദിത്തമുള്ളവരും, ധാര്‍മ്മികമായി നേരുള്ളവരും, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരുമായ പൗരരെ രൂപപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പൈതൃകം. നാളെയുടെ മെച്ചപ്പെട്ട ലോകത്തിനായി ആഗോളതലത്തില്‍ ശാക്തീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ ഈ മികവിന്റെ പൈതൃകം സഹായകമാകുന്നു.”
”ഈ ചരിത്ര നിമിഷം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ഭാവിയെ നന്ദിയോടെയും പ്രതീക്ഷയോടെയും നോക്കികാണുന്നു,” കര്‍ണാടക സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഡോ. മന്മോഹന് സിങ് ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സഭാനേതൃത്വം, ഫാക്കല്‍റ്റി, സ്റ്റാഫ്, വിദ്യാര്‍ഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, മുന്‍ ഭരണാധികാരികള്‍ എന്നിവര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ സിസ്റ്റര്‍ ട്രീസ പറയുന്നു. സിഎസ്എസ്ടി സമൂഹത്തിന്റെ കര്‍ണാടക പ്രോവിന്സിന് വികസനത്തിന്റെ സവിശേഷ നാഴികക്കല്ലാണ് ഈ നേട്ടം.
വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശക്തീകരിക്കുക എന്ന സ്ഥാപക ദൗത്യത്തില്‍ വിശ്വസ്തത പുലര്‍ത്തുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ മണ്ഡലത്തിലെ പങ്കാളിത്തം വിപുലീകരിക്കേണ്ടതുണ്ട്. കര്‍മലീത്താ ആധ്യാത്മിക സിദ്ധിയുടെ വരദാനങ്ങളും ദൈവദാസി മദര്‍ തെരേസയുടെ ദര്‍ശനത്തെയും ആവാഹിച്ചുകൊണ്ട് വിജ്ഞാനത്തിലും കാരുണ്യത്തിലും മാനവിക മൂല്യങ്ങളിലും പ്രതിജ്ഞാബദ്ധരായ നേതാക്കളെ സര്‍വകലാശാല തുടര്‍ന്നും രൂപപ്പെടുത്തുമെന്ന് സിസ്റ്റര്‍ ട്രീസ പ്രത്യാശ പ്രകടിപ്പിച്ചു.
ഡീംഡ് യൂണിവേഴ്സിറ്റി എന്ന നിലയില്‍, നിലവിലുള്ള പ്രോഗ്രാമുകള്‍ നവീകരിക്കാനും പുതിയ പാഠ്യപദ്ധതികള്‍ ആവിഷ്കരിക്കാനും വ്യവസായവുമായി ശക്തമായ ബന്ധം സ്ഥാപിക്കാനും, നൈപുണ്യ ഘടകങ്ങള്‍, ഇന്റേണ്‍ഷിപ്, അപ്രന്റിസ്ഷിപ് എന്നിവ ഉള്‍ച്ചേര്‍ത്ത പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനും തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.
വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ബഹുവിഷയ വിദ്യാഭ്യാസം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, ശക്തീകരണം, സമത്വം എന്നീ തത്വങ്ങളാല്‍ നയിക്കപ്പെട്ടും ഭാവിതലമുറകളെ വാര്‍ത്തെടുക്കാനും രാജ്യത്തിന്റെ വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കാനും ദേശീയ വിദ്യാഭ്യാസ നയത്തിലെ മാര്‍ഗദര്‍ശനത്തിലൂടെ ‘വികസിത ഭാരതം 2047’ എന്ന രാഷ് ട്രത്തിന്റെ ലക്ഷ്യത്തിനൊപ്പം നിലകൊള്ളുന്ന സര്‍വകലാശാലയായി മാറുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
സ്ഥാപനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തിയ, അതിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രിന്‍സിപ്പല്‍മാരെ – സിസ്റ്റര്‍ മേരി അന്റോനെറ്റ്, സിസ്റ്റര്‍ ഏഞ്ചല്‍ മേരി, സിസ്റ്റര്‍ ജെസുയിന് മരീ, ഡോ. സിസ്റ്റര്‍ ജെനെവീവ്, ഡോ. സിസ്റ്റര്‍ ജെസുയിന, സിസ്റ്റര്‍ ആല്‍ബിന, ഡോ. സിസ്റ്റര്‍ ജുവാനിറ്റ, ഡോ. സിസ്റ്റര്‍ അര്‍പ്പണ എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. ലക്ഷ്യബോധത്തിനായുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ പ്രഫ. ലേഖ ജോര്‍ജിനെ അനുമോദിക്കുകയും ചെയ്യുന്നു.
ഉള്‍ക്കൊള്ളല്‍, സാമൂഹിക ഉത്തരവാദിത്തം, മികവ് എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ചലനാത്മകവും സമഗ്രവുമായ പഠനാനുഭവം നല്കാന് പുതിയ കോഴ്സുകള്‍ വികസിപ്പിക്കും. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പ്രോഗ്രാമുകള്‍ ആവിഷ്കരിക്കുന്നതിന് വിശദമായ പദ്ധതി രേഖകള്‍ യുജിസിക്കു സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ ബാച്ചിന് ഒരു തടസവും നേരിടാത്തവണ്ണം ക്രെഡിറ്റ് ട്രാന്‍സ്ഫറുകളും മറ്റ് അക്കാദമിക കാര്യങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ദേവനഹള്ളി മേഖലയില്‍ പുതിയൊരു റസിഡന്‍ഷ്യല്‍ ക്യാംപസ് വികസിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചിക്ബെല്ലാപൂര്‍ ഗൗരിബിദനൂരിലെ തോണ്ടേഭാവിയില് ഒരുക്കുന്ന ക്യാംപസില്‍ എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ നിര്‍ദേശമുണ്ട്. ബെംഗളൂരുവിലെ വസന്ത് നഗര്‍ ക്യാംപസില്‍ നിലവിലുള്ള ആര്‍ട്സ്, കൊമേഴ്സ്, മാനേജ്മെന്റ് പ്രോഗ്രാമുകള്‍ തുടര്‍ന്നും നടത്തും.
സുസ്ഥിരമായ ഉയര്‍ന്ന പ്രകടനവും അക്കാദമിക മികവും അടിസ്ഥാനമാക്കി, കേന്ദ്ര ഗവണ്മെന്റ് ഒരു സര്‍വകലാശാലയ്ക്ക് തുല്യമായി പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ മൗണ്ട് കാര്‍മല്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക് സ്വന്തമായി ബിരുദങ്ങള്‍ നല്‍കാനും, പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്യാനും, യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കു കീഴില്‍ ഗണ്യമായ അക്കാദമിക സ്വയംഭരണത്തോടെ പ്രവര്‍ത്തിക്കാനും കഴിയും. നാലു വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകള്‍ അടക്കം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ള അക്കാദമിക പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ഡീംഡ് യൂണിവേഴ്സിറ്റിക്കുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള റെഗുലര്‍ കോളജുകളില്‍ ലഭ്യമല്ലാത്ത സവിശേഷ പ്രോഗ്രാമുകളും വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായുള്ള സഹകരണവും കൈമാറ്റ പരിപാടികളും വ്യവസായത്തിന് അനുയോജ്യമായ പാഠ്യപദ്ധതിയും ധനസഹായമുള്ള പദ്ധതികളിലേക്കുള്ള പ്രവേശനവും വൈവിധ്യമാര്‍ന്ന ഗവേഷണ സംസ്കാരവും ഇതിലൂടെ സാധ്യമാവുകയാണ്.

