ഇടുക്കി : യുവജനങ്ങൾ ആധുനിക ലോകത്തിനു അഞ്ചാമത്തെ സുവിശേഷമാകണം എന്ന് കെ.സി.ബി.സി പ്രസിഡന്റ് ഫാ.ഡോ. വർഗീസ് ചക്കാലക്കൽ. കെ.സി.ബി.സിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം.ന്റെ സംസ്ഥാന യുവജനദിനാഘോഷം കെ.സി.വൈ.എം. ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ, കൈറോസ് 2026 ഇടുക്കി മുരിക്കാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യുവജന സംഗമത്തിന് കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ മാർ. ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ ഫാ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണവും നടത്തി. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽ നിന്നായി 2500 ൽ അധികം യുവജനങ്ങളും വൈദികരും സന്യസ്തരും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്ത സമ്മേളനത്തിന് മുന്നോടിയായി പതാക, ദീപശിഖ, വി. തോമസ് മൂർ ഛായചിത്ര പ്രയാണങ്ങൾ ഇടുക്കി രൂപതയുടെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച് സമ്മേളന വേദിയിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന യുവജന ദിന സമ്മേളന യോഗത്തിൽ കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ ഡോ. സി. നോർബർട്ട സി.ടി.സി, സമിതി അംഗങ്ങളായ സാം സണ്ണി, ആഗി മരിയ ജോസഫ്, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, ഇടുക്കി രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, പ്രസിഡന്റ് അമൽ ജിജു ജോസഫ്, സംസ്ഥാന ഉപദേശക സമിതി അംഗം സിജോ ഇലന്തൂർ തുടങ്ങിയവർ സംസാരിച്ചു.
യുവജനങ്ങളുടെ കലാ പരിപാടികളും സംഗീത നിശയും അരങ്ങേറിയ സംഗമം ഇടുക്കിയുടെ ഐക്യത്തിന്റെയും ശക്തിയുടെയും നേർക്കാഴ്ചയായി.

