വത്തിക്കാൻ സിറ്റി : മനുഷ്യജീവിതത്തോടുള്ള ബഹുമാനം വളർത്താനും ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ ദാനമാണെന്ന ബോധ്യം സമൂഹത്തിൽ ശക്തിപ്പെടുത്താനുമായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. പാപ്പായുടെ പേരിലുള്ള ‘പ്രാർത്ഥനാശൃംഖല'(The Pope’s Prayer Network) വഴിയാണ് പ്രാർത്ഥനാസന്ദേശം പുറത്തിറക്കിയത്.
മനുഷ്യനെ ദൈവം തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കുകയും പൂർണതയിലേക്കുള്ള ജീവിതത്തിനായി വിളിക്കുകയും ചെയ്തിരിക്കുന്നുവെന്ന് പാപ്പാ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ സ്വാഭാവിക അന്ത്യംവരെ ഓരോ വ്യക്തിയും ദൈവത്തിന്റെ മുഖം പ്രതിഫലിപ്പിക്കുന്ന അമൂല്യ ദാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേകിച്ച് ദുർബലരും രോഗികളും വാർധക്യത്തിലായവരും ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളിലും മനുഷ്യജീവനെ കരുതലോടെയും ആർദ്രതയോടെയും സംരക്ഷിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്ന് പാപ്പ വിശ്വാസികളോട് അഭ്യർഥിച്ചു. മനുഷ്യരോടുള്ള അവഗണന ഹൃദയത്തിൽ കടന്നുവരാതിരിക്കാനും എല്ലായ്പ്പോഴും ജീവന്റെ പക്ഷം തിരഞ്ഞെടുക്കാനുള്ള വിവേകവും ധൈര്യവും ദൈവം നൽകാൻ വേണ്ടി പ്രാർത്ഥിക്കാനും പാപ്പ ഏവരെയും ക്ഷണിച്ചു.
ജീവനെ മാനിക്കുകയും എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സമൂഹമായും സഭയായും വളരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാപ്പ, ക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് ഓരോ മനുഷ്യജീവനെയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള കൃപയ്ക്കായുള്ള പ്രാർത്ഥനയോടെയാണ് ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം സമാപിപ്പിച്ചത്.

