ഹാനോയ്: വിയറ്റ്നാമിന്റെ സഭാചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായി വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടന്നു. ജാപ്പനീസ് സൈനികരുടെ കൈകളാല്‍ രക്തസാക്ഷിത്വം വരിച്ച ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെയാണ് (Trương Bửu Diệp) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
കാന്‍ തോ രൂപതയിലെ തക് സേ ദേവാലയത്തില്‍ നടന്ന ചരിത്രപരമായ ചടങ്ങിന് വത്തിക്കാനിലെ സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രൊ-പ്രിഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ മുഖ്യകാര്‍മികത്വം വഹിച്ചു. വിയറ്റ്നാമിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് മാരെക് സാലെവ്സ്കിയോടൊപ്പം വിയറ്റ്നാം, തായ്ലന്ഡ്, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരും ബിഷപ്പുമാരും പങ്കെടുത്തു. രണ്ടായിരത്തിലധികം വൈദികര്‍ സഹകാര്‍മികരായ ചടങ്ങില്‍ ജൂലൈ 2-ന് എഴുപതിനായിരത്തിലധികം വിശ്വാസികള്‍ സാക്ഷികളായി.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിച്ചതിന് പിന്നാലെ ഫാ. ഡിപ്പിന്റെ ഭീമാകാരമായ ചിത്രം അനാച്ഛാദനം ചെയ്തു. 1930-ല്‍ തക് സേ ഇടവകയുടെ വികാരിയായി ചുമതലയേറ്റ അദ്ദേഹം ദരിദ്രര്‍ക്കും രോഗികള്‍ക്കും സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി സമര്‍പ്പിത ജീവിതമാണ് നയിച്ചത്. കത്തോലിക്കാ വിശ്വാസത്തോടുള്ള അചഞ്ചലമായ സാക്ഷ്യത്തിന്റെ പേരില്‍ ജാപ്പനീസ് സൈനികര്‍ അദ്ദേഹത്തെ വധിക്കുകയായിരുന്നു.
ഏകദേശം 75 ലക്ഷത്തിലധികം കത്തോലിക്കാ വിശ്വാസികളുള്ള വിയറ്റ്നാമില്‍ ഇതിനുമുമ്പ് നിരവധി രക്തസാക്ഷികള്‍ വിശുദ്ധരായും വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ആ പ്രഖ്യാപനങ്ങള്‍ എല്ലാം വത്തിക്കാനിലായിരുന്നു നടന്നത്. വത്തിക്കാനു പുറത്തായി, വിയറ്റ്നാമിന്റെ സ്വന്തം മണ്ണില്‍ ഒരു വിയറ്റ്നാം സ്വദേശിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ആദ്യ സംഭവമെന്ന നിലയില്‍ ഈ ചടങ്ങ് രാജ്യത്തിന്റെ സഭാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് നേടിയത്.

