ജെക്കോബി
ബംഗാളിലെ ഏറ്റവും പ്രചാരമുള്ള ബംഗാളി ദിനപത്രമായ ‘ആനന്ദബസാര്‍ പത്രിക’ ഗ്രൂപ്പിന്റെ ‘ദ് ടെലിഗ്രാഫ്’ എന്ന ഇംഗ്ലീഷ് പത്രം മലയാളിയായ ആര്. രാജഗോപാല്‍ പത്രാധിപരായിരുന്ന ഏഴു വര്‍ഷം, മോദി ഭരണകാലത്തെ ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ അപൂര്‍വ ദൃഷ്ടാന്തങ്ങള്‍ അന്വേഷിക്കുന്നവരെ കൊതിപ്പിക്കാന്‍ പോന്ന രാഷ് ട്രീയ വ്യംഗ്യോക്തി നിറഞ്ഞ ഒന്നാം പേജിലെ കാച്ചികുറുക്കിയതും കുറിക്കുകൊള്ളുന്നതുമായ സര്‍ഗാത്മക തലക്കെട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെയും മാധ്യമധര്‍മത്തെയും കുറിച്ചുള്ള തന്റെ നിലപാടുകള്‍ ഉറക്കെപറയുന്ന രാജഗോപാല്‍ ഈ ദിനങ്ങളില്‍ അവിചാരിതമായി വീണ്ടും ദേശീയ ശ്രദ്ധ നേടുന്നത്, ‘പൗരനെന്ന നിലയില്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നു’ എന്ന സ്വകാര്യ കുറിപ്പിന്റെ പേരിലാണ്.
തിരുവനന്തപുരത്തുനിന്ന് 1991-ല്‍ കൊല്‍ക്കത്തയിലെത്തി, ഇടക്കാലത്ത് ഡല്‍ഹിയിലും മുംബൈയിലും മാധ്യമപ്രവര്‍ത്തനം നടത്തി, കഴിഞ്ഞ 30 വര്‍ഷമായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസക്കാരനായ രാജഗോപാലിന്റെ പേര് സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പേരില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടിമാറ്റി. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള പൊലീസ് ക്ലിയറന്‍സ് നല്‍കാനാവില്ലെന്ന് കൊല്‍ക്കത്ത പൊലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്ഗനൈസേഷന് തീര്‍പ്പാക്കിയതോടെ രാജഗോപാലിന് യുഎസിലെ സാന്‍ ഫ്രാന്‍സിസ്കോയിലുള്ള മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പത്തുവര്‍ഷത്തേക്കുള്ള അമേരിക്കന്‍ വിസയുണ്ട് അദ്ദേഹത്തിന്. ബംഗാളിലെ എസ്ഐആര്‍ പ്രക്രിയയില്‍ ‘ലോജിക്കല്‍ ഡിസ്ക്രിപന്‍സി’ എന്ന സാങ്കേതിക നൂലാമാലയില്‍ കുരുക്കി വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 27 ലക്ഷം പേരില്‍ ഒരാള്‍ എന്ന നിലയില്‍ അന്പത്തേഴുകാരനായ താന്‍ അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ ആശങ്കകളെക്കുറിച്ച് രാജഗോപാല്‍ എഴുതിയത് ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മറ്റും ഏറ്റെടുക്കുകയും മുഖ്യമന്ത്രി വി.ഡി സതീശന് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തെഴുതുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നൂറു ദിവസം തടഞ്ഞുവയ്ക്കപ്പെട്ട പാസ്പോര്‍ട്ട് പുതുക്കി നല്കാന് അടിയന്തര നടപടിയുണ്ടായി എന്നത് ആശ്വാസകരമാണ്.
എസ്ഐആര്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്കുണ്ടാക്കുന്ന ദുരിതങ്ങളാണ് രാജഗോപാലിന്റെ അനുഭവത്തിലൂടെ വെളിപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ എഡിറ്റേഴ്സ് ഗില്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിഷന് എത്രയും വേഗം അദ്ദേഹത്തിന്റെയും സമാന പ്രശ്നങ്ങള്‍ നേരിടുന്ന മറ്റെല്ലാവരുടെയും വോട്ടവകാശം പുനഃസ്ഥാപിച്ചു നല്‍കണമെന്നും നിര്‍ദേശിച്ചു. എസ്ഐആറിന് ആധാരമായ 2002-ലെ വോട്ടര്‍പട്ടികയുടെ മാപ്പിങ്ങില്‍ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ അച്ഛന് പ്രഫസര്‍ വി. രാമദാസിന്റെയോ പേര് കണ്ടെത്താനായില്ല. സാമ്പത്തികശാസ്ത്ര അധ്യാപകനും കേരളത്തിലെ ഗാന്ധി സ്മാരക നിധി സംസ്ഥാന സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായിരുന്ന അച്ഛന്റെ പേര് വോട്ടര്‍പട്ടികയില്‍ കാണാത്തത് ആശ്ചര്യകരമാണെന്ന് രാജഗോപാല്‍ പറയുന്നു. 2016-ലാണ് അച്ഛന് മരിച്ചത്. ഇക്കണോമിക്സ് അധ്യാപികയായിരുന്ന അമ്മ രാധാദേവി രാജഗോപാലിന് പത്തുവയസുള്ളപ്പോള്‍ മരിച്ചു. മെഷീന് റീഡ് ചെയ്യുന്ന രേഖകളില്‍ ഇംഗ്ലീഷ് പേരിലെ സ്പെല്ലിങ് വ്യത്യാസവും മറ്റു ചില നിസാര പിഴവുകളും കാണിച്ചാണ് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ ലോജിക്കല്‍ ഡിസ്ക്രിപന്‍സി മുദ്രകുത്തി പട്ടികയില്‍ നിന്നു പുറന്തള്ളിയിരിക്കുന്നത്. പ്രത്യേക അഡ്ജുഡിക്കേഷനു വിട്ട കേസുകള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച 19 അപ്പലേറ്റ് ട്രൈബ്യൂണലുകളിലൊന്നില് ബാലിഗഞ്ചില്‍ നിന്ന് രാജഗോപാലും അപ്പീല്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കന്മാരും പൂര്‍വികരും ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തി ട്രൈബ്യൂണലില്‍ സമര്‍പ്പിക്കാനുള്ള ബദ്ധപ്പാടിലാണ് അദ്ദേഹമിപ്പോള്‍.
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, കഴിഞ്ഞ ജൂണില്‍ ഒരു മുന്നൊരുക്കവുമില്ലാതെ തിടുക്കത്തില്‍ തുടക്കമിട്ട എസ്ഐആര്‍ പ്രക്രിയയില്‍ 65 ലക്ഷം പേരുടെ വോട്ടവകാശമാണ് റദ്ദാക്കപ്പെട്ടത്. ബംഗാളില്‍ 94.49 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്നു വെട്ടിമാറ്റി. മരിച്ചവര്‍, മറ്റിടങ്ങളിലേക്ക് കുടിയേറിയവര്‍, ഇരട്ടവോട്ടുള്ളവര്‍ എന്നിവരുടെ കൂട്ടത്തില്‍ 58 ലക്ഷം പേരുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ ലോജിക്കല്‍ ഡിസ്ക്രിപന്സിയിലും അഡ്ജുഡിക്കേഷനിലും പെട്ടു. ബംഗാളിലെയും ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും ജുഡീഷ്യല്‍ ഓഫിസര്‍മാരെയും വിന്യസിച്ചുകൊണ്ട് പോളിങ്ങിനു മുന്‍പായി ദശലക്ഷക്കണക്കിന് എസ്ഐആര്‍ അഡ്ജുഡിക്കേഷന് കേസുകളില്‍ തീര്‍പ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നു കണ്ടപ്പോള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിമാരെ പ്രത്യേകം നിയോഗിച്ചുകൊണ്ട് 19 അപ്പലേറ്റ് ട്രൈബ്യൂണലുകളുണ്ടാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു വര്‍ഷമെടുത്താലും അപ്പീലുകള്‍ തീര്‍പ്പാക്കാനാവില്ലെന്ന നിരീക്ഷണത്തോടെ ഒരു മുന്‍ ചീഫ് ജസ്റ്റിസ് ട്രൈബ്യൂണല്‍ അധ്യക്ഷസ്ഥാനം രാജിവച്ചൊഴിയുകയാണുണ്ടായത്!
ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഇതിനകം തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ 5.83 കോടി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നു പുറന്തള്ളപ്പെട്ടു: വോട്ടര്പട്ടികയിലുണ്ടായിരുന്നവരില് 10.5 ശതമാനം പേര്. കര്‍ണാടക, മഹാരാഷ് ട്ര, ഝാര്‍ഖണ്ഡ്, ഡല്‍ഹി, മേഘാലയ എന്നിവിടങ്ങളില്‍ എസ്ഐആര്‍ ആരംഭിക്കുമ്പോള്‍, എസ്ഐആറുമായി ബന്ധപ്പെട്ട പരാതികളില്‍ സുപ്രീം കോടതിയുടെ നീതിപൂര്‍വകമായ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എസ്ഐആര്‍ മൂന്നാം ഘട്ടം 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടക്കുന്ന ഘട്ടത്തിലാണ്, കോണ്‍ഗ്രസുമായി അകന്നുനില്ക്കുന്ന ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും അടക്കം 23 പാര്‍ട്ടികളുടെ നേതാക്കളും കപില്‍ സിബലും ഒപ്പിട്ട് എസ്ഐആറില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ കുറ്റപത്രം എന്ന നിലയില്‍ കത്ത് സമര്‍പ്പിക്കുന്നത്. എസ്ഐആര്‍ ആയുധമാക്കി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങള്‍ ആ കത്തിലുണ്ട്.
വോട്ടര്‍പട്ടിക ‘ശുദ്ധീകരിക്കുക മാത്രമാണ്’ എസ്ഐആറിന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എസ്ഐആര്‍ നടപടികളുടെ ഭരണഘടനാ സാധുത ശരിവച്ചുകൊണ്ട് 2026 മേയ് 27ന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മിഷന് ആരുടെയും പൗരത്വം തീര്‍പ്പാക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. വോട്ടര്പട്ടികയ്ക്കുള്ള യോഗ്യത നിര്‍ണയിക്കുന്നതില്‍ മാത്രമായി കമ്മിഷന്റെ അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നു. വോട്ടര്‍പട്ടികയില്‍ ഒരാളുടെ പേര് ഇല്ലാതാകുന്നത് ആയാളുടെ പൗരത്വം ഇല്ലാതാക്കുന്നില്ല. പൗരത്വ നിയമപ്രകാരം നിയമപരമായി യോഗ്യതയുള്ള അധികാരിക്ക് മാത്രമേ പൗരത്വം നിര്‍ണയിക്കാന്‍ കഴിയൂ. തര്‍ക്കമുള്ള കേസുകള്‍ കമ്മിഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റഫര്‍ ചെയ്യണം.
എസ്ഐആര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ പൗരര്‍ അല്ലെന്ന യുക്തിയില്‍ അവര്‍ക്ക് റേഷനും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കാനുള്ള നീക്കത്തിലാണ് ബംഗാളിലെയും ബിഹാറിലെയും ബിജെപി ഭരണകൂടങ്ങള്‍. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മരവിപ്പിക്കുമെന്ന് ജൂണ്‍ നാലിന് ബംഗാള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയെങ്കിലും, 23 ലക്ഷം വോട്ടര്‍മാരുടെ അപ്പീലില്‍ ട്രൈബ്യൂണല്‍ തീര്‍പ്പാകും വരെ റേഷന്‍ തുടരുമെന്ന് പിന്നീട് അതില്‍ ഭേദഗതി വരുത്തി. അതേസമയം, സ്ത്രീകള്‍ക്ക് മാസംതോറും 3,000 രൂപ ധനസഹായം നല്കുന്ന പുതിയ അന്നപൂര്‍ണ ഭണ്ഡാര്‍ യോജനയുടെ ആനുകൂല്യം എസ്ഐആര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവര്‍ക്ക് ലഭിക്കില്ലെന്ന് ബംഗാളിലെ വനിതാ ശിശുക്ഷേമ സാമൂഹിക നീതി മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നായ ലക്ഷ്മീ ഭണ്ഡാറിന്റെ പരിഷ്കരിച്ച രൂപമാണിത്. സംസ്ഥാനത്ത് 2.40 കോടി സ്ത്രീകള്‍ക്ക് മാസത്തില്‍ 1,500 രൂപ വീതമാണ് മുന്‍ സര്‍ക്കാര്‍ നല്കിവന്നത്.
സുവേന്ദു അധികാരിയുടെ മാതൃക പിന്‍പറ്റി ബിഹാറിലെ ബിജെപി മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും എസ്ഐആറില്‍ പേരുവെട്ടിയ വോട്ടര്‍മാര്‍ ഭക്ഷ്യസുരക്ഷയുടെ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്താകുമെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ ബാങ്ക് പാസ്ബുക്കുകള്‍ റദ്ദാക്കുമെന്നും പ്രഖ്യാപിച്ചു.
ബംഗാളില്‍ 60 ലക്ഷം ആളുകളുടെ റേഷന്‍ എസ്ഐആര്‍ പട്ടികയുമായി ബന്ധപ്പെടുത്തി റദ്ദാക്കുന്നതിനെതിരെ പശ്ചിം ബംഗാ ഖേത്ത് മസ്ദൂര്‍ സമിതി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അടിയന്തരമായി ഇടപെടാതെ, കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കാനാണ് പരമോന്നത കോടതി നിര്‍ദേശിച്ചത്. ഭക്ഷ്യാവകാശം ഉറപ്പാക്കുന്ന രാജ്യത്തെ ഏറ്റവും സമഗ്രമായ നിയമനിര്‍മ്മാണങ്ങളില്‍ ഒന്നാണ് 2013-ലെ ഭക്ഷ്യസുരക്ഷാ നിയമം. അതില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് പൊതുവിതരണ സംവിധാനം. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ പറയുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഘടകമായി ഭക്ഷണത്തിനുള്ള അവകാശത്തെ സുപ്രീം കോടതി നിരവധി കേസുകളില്‍ അംഗീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിന് 18 വയസില്‍ താഴെയുള്ളവര്‍ക്ക് റേഷന്‍ മുടക്കാനാകുമോ?
എസ്ഐആര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ പാസ്പോര്‍ട്ട് പുതുക്കരുതെന്ന് ഇന്ത്യയിലെ ഏതു നിയമത്തിലാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്? ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വിദേശയാത്ര ചെയ്യാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി വിധികളുണ്ട്. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോ എസ്ഐആര്‍ ട്രൈബ്യൂണല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത അവസ്ഥയോ പാസ്പോര്‍ട്ടിന് നിയമപരമായ അയോഗ്യതയായി രാജ്യത്തെ പാസ്പോര്‍ട്ട് നിയമത്തില്‍ പറയുന്നില്ല.
അമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നു നീക്കം ചെയ്തു എന്നതിനാല്‍ നവജാതശിശുവിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല എന്ന ഒരു വാര്‍ത്തയും ഇതിനിടെ കേട്ടു. എസ്ഐആര്‍ പട്ടികയുടെ പേരില്‍ ഏത് ഉദ്യോഗസ്ഥനും എന്ത് അതിക്രമവും അഴിമതിയും കാണിക്കാമെന്ന സ്ഥിതിവിശേഷമാണ് പലയിടത്തും നിലനില്‍ക്കുന്നത്.
ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ബെല്‍ജിയംകാരനായ പ്രമുഖ ക്ഷേമ സാമ്പത്തിക ശാസ്ത്രജ്ഞന് ഷോണ്‍ ഡ്രെസ് എസ്ഐആറിനെ ‘വിചിത്രവും വിശ്വസനീയമല്ലാത്തതും സ്വേച്ഛാധിപത്യപരവുമായ ഒരു വ്യായാമം’ എന്നാണ് വിശേഷിപ്പിച്ചത്. ”ദശലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് അന്യായമായി ഒഴിവാക്കുന്നതിലേക്ക് ഇത് നയിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഈ ഒഴിവാക്കല്‍ പിശകുകള്‍ പൊതുവിതരണ സംവിധാനത്തിലേക്ക് മാറ്റുന്നത് അവരുടെ മുറിവുകളില്‍ ഉപ്പു പുരട്ടുന്നതിന് തുല്യമായിരിക്കും,” ഷോണ്‍ ഡ്രെസ് പറയുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ചുവടുവയ്പാണ് എസ്ഐആര്‍ എന്ന ആശങ്ക ബലപ്പെടുത്തുന്ന സാഹചര്യം നിലനില്ക്കുമ്പോള്, ഇന്ത്യയുടെ പാസ്പോര്‍ട്ട് പ്രാഥമികമായി ഒരു യാത്രാരേഖയാണ്, പൗരത്വത്തിന്റെ നിര്‍ണായകമായ തെളിവല്ല എന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള ഒരു പ്രസ്താവന ‘പാസ്പോര്‍ട്ട് സേവാ ദിവസ്’ ആഘോഷവേളയില്തന്നെ പുറത്തുവരുന്നത് പൗരത്വവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കുമോ! വിദേശ മണ്ണില്‍ ഇന്ത്യക്കാരന്റെ പൗരത്വവും ദേശീയതയും സ്ഥാപിക്കുന്ന രേഖ സ്വന്തം രാജ്യത്ത് പൗരത്വത്തിന്റെ സാക്ഷ്യപ്പെടുത്തലായി അംഗീകരിക്കാനാവില്ല എന്ന വിരുദ്ധോക്തിയിലെ വിവക്ഷയും വ്യാഖ്യാനവും എന്തായാലും, ഇന്ത്യന്‍ പൗരത്വത്തിന്റെ പ്രഖ്യാപിത രേഖ എന്താണ് എന്ന സുപ്രധാന ചോദ്യം അവശേഷിക്കുന്നുണ്ട്.
എസ്ഐആര്‍ തുറന്നുകാട്ടിയത്, മിക്ക ഇന്ത്യക്കാര്‍ക്കും അവരുടെ പൗരത്വം നിര്‍ണയിച്ചു തെളിയിക്കുന്ന ഒരു രേഖ ഇല്ല എന്നതാണ്. ആധാര്‍ തിരിച്ചറിയലും താമസസ്ഥലവും സ്ഥാപിക്കുന്നു; അത് പൗരത്വം സ്ഥാപിക്കുന്നില്ല. വോട്ടര്‍ ഐഡി മുന്‍കൂര്‍ രജിസ്ട്രേഷന് സ്ഥാപിക്കുന്നു; അത് പൗരത്വം സ്ഥാപിക്കുന്നില്ല. വിദേശകാര്യമന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചതുപോലെ, പാസ്പോര്‍ട്ട് യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കുന്നു; കൃത്യമായ നിയമപരമായ അര്‍ഥത്തില്‍ അത് പൗരത്വം സ്ഥാപിക്കുന്നില്ല. പൗരത്വത്തിന്റെ അന്തിമ രേഖയായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) കൊണ്ടുവരാനാകുമോ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്? ബംഗാളിലെ ടിഎംസി വിമതര്‍ക്കൊപ്പം ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരദ് പവാറിന്റെ എന്‍സിപിയെയും പിളര്‍ത്തി കൂടുതല്‍ എംപിമാരെ കൂടെചേര്ത്ത് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബിജെപി നീക്കം എന്‍ആര്‍സി നിയമം പാസാക്കാന്‍ കൂടിയാകണം.
പാസ്പോര്‍ട്ടും എസ്ഐആറും കുട്ടിവായിക്കുന്നതിലെ ആശങ്കകള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയരുന്നത് പഞ്ചാബിലാകും. ഒരാഴ്ച മുന്‍പാണ് അവിടെ എസ്ഐആര്‍ ആരംഭിച്ചത്. പഞ്ചാബില്‍ മൂന്നിലൊരാള്‍ക്ക് പാസ്പോര്‍ട്ടുണ്ട്. എസ്ഐആറില്‍ പേരില്ലാതായാല്‍ പാസ്പോര്‍ട്ട് റദ്ദാക്കപ്പെടുമെന്നുവന്നാല് എന്താകും പഞ്ചാബികളുടെ പ്രതികരണം?
രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്ട്ടുകള് സ്വന്തമാക്കുന്നത് മലയാളികളാണ്. കഴിഞ്ഞ വര്‍ഷം 15.3 ലക്ഷം പാസ്പോര്ട്ടുകള് കേരളത്തില്‍ ഇഷ്യു ചെയ്തു. 2016 – 2026 കാലയളവില്‍ രാജ്യത്ത് വിതരണം ചെയ്ത പാസ്പോര്‍ട്ടുകളില്‍ 11.7% കേരളത്തിലായിരുന്നു. ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?

