വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പ, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ ഫ്രാൻസിസ്കോ പേത്രോ ഉറേഗോയുമായി വത്തിക്കാനിൽ കൂടികാഴ്ച്ച നടത്തി. ആഗോളവും പ്രാദേശികവുമായ വെല്ലുവിളികൾ, സമാധാനശ്രമങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ഗുസ്താവോ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം ഉപതലവൻ മോൺ. ഡാനിയേൽ പാക്കോയുമായും പ്രത്യേക ചർച്ച നടത്തി. വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി.അതോടൊപ്പം, കൊളംബിയയിലെയും തെക്കേ അമേരിക്കയിലെയും സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾ, വിവിധ മേഖലകളിൽ തുടരുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ, അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങളുടെ വെല്ലുവിളി, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ പ്രധാനമായും പരിഗണിക്കപ്പെട്ടതായി വത്തിക്കാൻ അറിയിച്ചു.

