കൊച്ചി: മരടിൽ വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന് സുരക്ഷിതമായ അഭയവും സ്നേഹപരിപാലനവും ഒരുക്കി അങ്കമാലി എടക്കുന്നിലെ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് (സിഎസ്എൻ) സന്യാസിനികൾ. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ ശിശുഭവനിലേക്ക് മാറ്റിയത്.
ജൂൺ 28-ന് അർധരാത്രിയോടെ അടഞ്ഞുകിടന്ന ഒരു തട്ടുകടയുടെ ബെഞ്ചിലാണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ചോര വാർന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ തന്നെ പോലീസിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ചികിത്സയ്ക്കുശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടർനിയമനടപടികൾക്ക് ശേഷം കുഞ്ഞിനെ ശിശുഭവന്റെ സംരക്ഷണത്തിലേക്ക് കൈമാറുകയായിരുന്നു. ഇവിടെ സന്യാസിനികൾക്കൊപ്പം ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും കുഞ്ഞിന് ലഭ്യമാകും.
ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്കും അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കും സുരക്ഷിതമായ താമസവും ആരോഗ്യപരിപാലനവും സ്നേഹപൂർവമായ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ശിശുഭവന്റെ പ്രധാന ദൗത്യം. കുഞ്ഞിന് സ്ഥിരമായ കുടുംബം കണ്ടെത്തുന്നതിനുള്ള നിയമനടപടികളും ബന്ധപ്പെട്ട വകുപ്പുകൾ വഴി പുരോഗമിക്കുമെന്ന് അധികൃതർ അറിയിച്ചു.

