കൊച്ചി: അന്താരാഷ്ട്ര തലത്തിൽ കത്തോലിക്ക മാധ്യമരംഗത്തെ മികവിനെ ആദരിക്കുന്ന കാത്തലിക് മീഡിയ അസോസിയേഷൻ (CMA) 2026-ലെ പുരസ്കാരങ്ങളിൽ കെയ്റോസ് ഗ്ലോബലിന് വീണ്ടും ശ്രദ്ധേയ നേട്ടം. പ്രാർഥനയും ആത്മീയതയും വിഭാഗത്തിലെ മാഗസിൻ ഓഫ് ദ ഇയർ പുരസ്കാരത്തിൽ തുടർച്ചയായ രണ്ടാം വർഷവും രണ്ടാം സ്ഥാനമാണ് മാസിക നേടിയത്. കൂടാതെ, വിശുദ്ധരുടെ ജീവിതം ഹൃദയസ്പർശിയായും ആകർഷകമായും അവതരിപ്പിക്കുന്ന ‘ചാന്റിലിയേഴ്സ്’ എന്ന സ്ഥിരം പംക്തി മികച്ച കോളം വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിനും അർഹമായി.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള കത്തോലിക്ക മാധ്യമ സംഘടനയായ കാത്തലിക് മീഡിയ അസോസിയേഷനിൽ നിന്ന് കെയ്റോസ് ഗ്ലോബലിന് ലഭിക്കുന്ന തുടർച്ചയായ നാലാമത്തെ അംഗീകാരമാണിത്.
പുരസ്കാര നേട്ടത്തിന് പിന്നാലെ മറ്റൊരു സുപ്രധാന നാഴികക്കല്ലും കെയ്റോസ് ഗ്ലോബൽ പിന്നിട്ടു. 2018-ൽ പ്രസിദ്ധീകരണം ആരംഭിച്ച മാസികയുടെ 100-ാം പതിപ്പ് ജൂലൈയിൽ പ്രത്യേക സ്മാരക പതിപ്പായി പുറത്തിറങ്ങി.
ജീസസ് യൂത്തിന്റെ മാധ്യമശുശ്രൂഷയായ കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കെയ്റോസ് ഗ്ലോബൽ വിശ്വാസാധിഷ്ഠിതവും പ്രചോദനാത്മകവുമായ ഉള്ളടക്കം, സമകാലിക അവതരണശൈലി, യുവജനങ്ങളുടെയും യുവകുടുംബങ്ങളുടെയും ജീവിതചോദ്യങ്ങൾക്ക് ക്രിസ്തീയ വീക്ഷണത്തിൽ മറുപടി നൽകാനുള്ള പ്രതിബദ്ധത എന്നിവകൊണ്ടാണ് ശ്രദ്ധേയമായത്.
നാലു പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിൽ രൂപംകൊണ്ടതും സഭയുടെ ഔദ്യോഗിക അംഗീകാരം നേടിയതുമായ അന്താരാഷ്ട്ര അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് ഇന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായി 40-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി നാല് പ്രസിദ്ധീകരണങ്ങളാണ് കെയ്റോസ് മീഡിയ പുറത്തിറക്കുന്നത്. കെയ്റോസ് ഗ്ലോബലിന് പുറമെ കെയ്റോസ് ബഡ്സ് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചുവരുന്നു.
തുടർച്ചയായി ലഭിക്കുന്ന ഈ അന്താരാഷ്ട്ര അംഗീകാരം കെയ്റോസ് മീഡിയയുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് ജീസസ് യൂത്തിന്റെ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറായ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കെയ്റോസ് ടീമിലെ മുഴുവൻ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

