ഹൂസ്റ്റൺ: ജർമ്മനി–ക്യൂറസോ മത്സരത്തിന് ശേഷം ഇരു ടീമുകളിലെയും താരങ്ങൾ കളിക്കളത്തിൽ ഒന്നിച്ചുചേർന്ന് നടത്തിയ പ്രാർത്ഥനയാണ് കായികലോകത്ത് ചർച്ചയാകുന്നത്.
മത്സരങ്ങളുടെയും ജയ-പരാജയങ്ങളുടെയും ഇടയിൽ എല്ലാ പരിഭവങ്ങളും നിരാശകളും വാശികളും മാറ്റിവെച്ച് പ്രാർത്ഥനയിൽ മുഴുകുന്ന സാഹോദര്യത്തിന്റെ വേറിട്ട കാഴ്ചയാണ് ആരാധകർ കണ്ടത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ജർമ്മനി വിജയിച്ച മത്സരത്തിനൊടുവിലായിരുന്നു ഈ ഹൃദയസ്പർശിയായ സംഭവം.
ഈ അപൂർവ നിമിഷത്തെക്കുറിച്ച് ജർമ്മനിയുടെ മിഡ്ഫീൽഡറും ബൊറൂസിയ ഡോർട്മുണ്ട് താരവുമായ ഫെലിക്സ് നമേച്ച പ്രതികരിച്ചു.
“കളിക്കളത്തിൽ ഞങ്ങൾ കടുത്ത എതിരാളികളാണ്. എന്നാൽ കളി കഴിഞ്ഞാൽ ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികളാണ്; സഹോദരങ്ങളെപ്പോലെയാണ്,” നമേച്ച പറഞ്ഞു. ജീവിതത്തിൽ ലഭിച്ച നന്മകൾക്ക് ദൈവത്തോട് നന്ദി പറയാനും, തങ്ങളുടെ കളിയിലൂടെ യേശു മഹത്വപ്പെടണമെന്ന ആഗ്രഹത്തോടെയുമാണ് തങ്ങൾ ഒന്നിച്ച് പ്രാർത്ഥിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ മൈതാനങ്ങളിൽ താരങ്ങൾ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് പുതുമയല്ലെങ്കിലും, രണ്ട് ടീമുകളിലെയും താരങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുന്ന കാഴ്ച അപൂർവമാണ്. “എല്ലാം ദൈവം നൽകിയ അനുഗ്രഹമാണ്,” എന്ന് കഴിഞ്ഞ ദിവസം ഹാട്രിക് പ്രകടനത്തിന് ശേഷം ലയണൽ മെസ്സിയും പ്രതികരിച്ചിരുന്നു.
വിശ്വാസത്തിന്റെ ഒരുമയിലൂടെ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും വലിയ സന്ദേശമാണ് ജർമ്മനി–ക്യൂറസോ താരങ്ങൾ ലോകത്തിന് മുന്നിൽ നൽകുന്നത്.

