ജെക്കോബി
കേരളത്തെ പോര്‍ട്ട് സിറ്റിയും ആഗോള മാരിടൈം ഹബ്ബുമാക്കി മാറ്റുന്നതിന് മുഖ്യമന്ത്രി വി.ഡി സതീശന് പ്രഖ്യാപിക്കുന്ന മിഷന് സമുദ്രയുടെ പുതുയുഗ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നതിനു മുന്‍പ്, കടല്‍ക്ഷോഭവും കടലേറ്റവും തീരശോഷണവും ‘സൂപ്പര്‍ എല്‍ നീനോ’ കാലാവസ്ഥാ വ്യതിയാന പ്രതിഭാസത്തിന്റെ പ്രവചനാതീതമായ ആശങ്കകളുമൊക്കെയായി കേരളതീരം കാലവര്‍ഷക്കെടുതികളുടെ ദുരിതങ്ങള്‍ താണ്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപടേണ്ട നിരവധി പ്രതിസന്ധികള്‍ തീരദേശത്തുണ്ട്. തീരദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിനും കേരളത്തിന്റെ മത്സ്യസമ്പത്തിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും സമുദ്രയാനങ്ങള്‍ക്കും ഭീഷണിയായ ‘സംസ്ഥാന സവിശേഷ ദുരന്തം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കപ്പല്‍ച്ചേതത്തിന്റെ ആഘാതങ്ങള്‍ ഈ മണ്‍സൂണ്‍കാലത്ത് കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തെക്കുറിച്ച് കേരള ഹൈക്കോടതി തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്.ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയ്ക്കു പടിഞ്ഞാറായി 14.6 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ 2025 മേയില്‍ മുങ്ങിയ എംഎസ് സി എല്‍സ 3 എന്ന ലൈബീരിയ രജിസ്ട്രേഷനുള്ള കണ്ടെയ്നര്‍ കപ്പല്‍ 50 മീറ്റര്‍ ആഴത്തില്‍ താഴ്ന്നുകിടപ്പുണ്ട്. വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ചാല്‍ അസറ്റലിന്‍ വാതകമായി ആളികത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന കാല്‍സ്യം കാര്‍ബൈഡ് അടക്കം അപകടകാരിയായ ചരക്കുകളുടെ രാജ്യാന്തര മാരിടൈം പട്ടികയില്‍ പെടുന്ന 13 കണ്ടെയ്നറുകള്‍ ഉള്‍പ്പെടെ 643 കണ്ടെയ്നറുകളുമായി മുങ്ങിയ കപ്പലില്‍ നിന്ന് കടലില്‍ തെറിച്ചുവീണ 72 കണ്ടെയ്നറുകള്‍ കേരളത്തിന്റെ തെക്കന്‍ തീരത്തും തമിഴ്നാട് തീരത്തുമായി ചെന്നടിഞ്ഞു, 96 എണ്ണം കടലിന്റെ അടിത്തട്ടില്‍ ചിതറികിടപ്പുണ്ട്, 475 എണ്ണം കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങികിടക്കുന്നു. 339.2 ടണ്‍ വരുന്ന മാരക രാസവസ്തുക്കളടങ്ങിയ കണ്ടെയ്നര്‍ മണ്‍സൂണ്‍ കാലത്തെ കടല്‍ക്ഷോഭത്തിലോ ശക്തമായ അടിയൊഴുക്കിലോ പെട്ട് തീരത്ത് വന്നടിയാനുള്ള സാധ്യത നിലനില്ക്കുന്നു. കപ്പല്ദുരന്തമുണ്ടായി മൂന്നാം ദിവസം 30 കണ്ടെയ്നറുകള്‍ കൊല്ലത്തും തിരുവനന്തപുരത്തും കടല്ഭിത്തികളില് വന്ന് ആഞ്ഞടിച്ച് തീരത്തെ വീടുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിയിരുന്നു. ഒരു കണ്ടെയ്നറിന്റെ ഭാഗം കോവളത്ത് അശോക ബീച്ചിന് സമീപം പാറപ്പാരുകള്‍ക്ക് ഇടയിലായി അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി.ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലെ ഏറ്റവും വ്യാപകവും ഭീഷണവുമായ മൈക്രോപ്ലാസ്റ്റിക് നര്‍ഡില്‍സ് മലിനീകരണത്തിനാണ് ഈ കണ്ടെയ്നര്‍ കപ്പല്‍ദുരന്തം ഇടവരുത്തിയിരിക്കുന്നത്. തെക്കന്‍ കേരളത്തിലും തമിഴ്നാട്ടില്‍ കന്യാകുമാരി, തിരുനല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, പുതുകോട്ട, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം ഉള്‍പ്പെടെ എട്ടു തീരദേശ ജില്ലകളിലായി 843 കിലോമീറ്റര്‍ തീരത്തും ലക്ഷദ്വീപിലും വെളുത്ത ചെറുമണി പോലുള്ള നര്‍ഡില്‍സ് (പ്ലാസ്റ്റിക് പെല്ലറ്റ്) അടിഞ്ഞുകൂടി. മീന്മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക് നര്‍ഡില്‍ മത്സ്യങ്ങളും ആമകളും കടല്‍പ്പക്ഷികളും എളുപ്പത്തില്‍ വിഴുങ്ങും. അങ്ങനെ ഭക്ഷ്യശൃംഖലയില്‍ പ്രവേശിച്ച് മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ വരെ അവ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. കടല്‍ത്തീരത്തു പരന്ന നര്‍ഡില്‍സ് ശേഖരിക്കാന്‍ നിയോഗിച്ച മറൈന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സര്‍വീസസ് (മെര്‍ക്) കമ്പനി 600 വോളന്റിയര്‍മാരുടെ സഹായത്തോടെ 639 ടണ്‍ നര്‍ഡില്‍സ് നീക്കം ചെയ്തുവെന്നാണ് അവകാശപ്പെട്ടത്. 2025 ജൂണ്‍ 24നും 2026 മാര്‍ച്ച് 17നും ഇടയില്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളില്‍ നിന്ന് ആകെ 398.187 ടണ്‍ പ്ലാസ്റ്റിക് നര്‍ഡില്‍സ് ശേഖരിച്ച് കൊല്ലം തുറമുഖത്തേക്ക് കൊണ്ടുപോയി. എല്‍സ 3 കാര്‍ഗോ മാനിഫെസ്റ്റ് പ്രകാരം കപ്പലില്‍ 1,836.1 ടണ്‍ നര്‍ഡില്‍സ് ഉണ്ടായിരുന്നു. നര്ഡില്സിന്റെ 70 കണ്ടെയ്നറുകള്‍ മുങ്ങിയ കപ്പലിനുള്ളിലുണ്ടെന്നാണ് സൂചന.എല്‍സ 3 മുങ്ങിയത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ വലിയ പാരിസ്ഥിതിക നാശത്തിന് കാരണമായതായി ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ സ്ഥിരീകരിച്ചു. കപ്പല്‍ മുങ്ങിയപ്പോള്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ എണ്ണപ്പാട കണ്ടതായി തീരരക്ഷാസേന റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എന്‍ഐഒ) എന്നിവ നടത്തിയ ആദ്യ ഘട്ട ഫീല്‍ഡ് സര്‍വേയില്‍, കപ്പലില്‍ 367 മെട്രിക് ടണ്‍ ഹെവി ഫ്യൂവല്‍ ഓയില്‍, 84 ടണ്‍ ഡീസല്‍ ഓയില്‍, 55 ടണ്‍ ലൂബ്രിക്കന്റ് ഓയില്‍ എന്നിങ്ങനെ ആകെ 506 ടണ്‍ എണ്ണ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കിയിരുന്നു. ഡയക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡിജിഎസ്) കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് നല്കിയ ഡാറ്റ പ്രകാരം സാല്‍വേജ് ഓപ്പറേഷനിലൂടെ 371.86 ടണ്‍ എണ്ണയാണ് മുങ്ങിയ കപ്പലില്‍ നിന്ന് സുരക്ഷിതമായി നീക്കം ചെയ്യാനായത്. അപ്പോള്‍, 2025 സെപ്റ്റംബറില്‍ കപ്പലില്‍ നിന്നുള്ള എണ്ണ നീക്കം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് ഡിജിഎസ് ഹൈക്കോടതിയില്‍ നല്കിയ സ്ഥിരീകരണത്തിന്റെ മാനദണ്ഡം എന്താണെന്ന് കോടതി ആരാഞ്ഞു.2007-ലെ നെയ്റോബി രാജ്യാന്തര കണ്വെന്ഷന് പ്രകാരം മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം കപ്പല്‍ ഉടമകള്‍ക്കാണ്. കപ്പല്‍ച്ചേതമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും, ഇതിന്റെ ദീര്‍ഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, തീരദേശ സുസ്ഥിരത, നാവിഗേഷന്‍ സുരക്ഷ, ഭാവി അപകടസാധ്യതകള്‍ എന്നിവ സംബന്ധിച്ച് സമഗ്രമായും സ്വതന്ത്രമായും വിലയിരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ലെന്ന് ജസ്റ്റിസ് വി. രാജാ വിജയരാഘവന്, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. മുങ്ങിയ കപ്പല്‍ പരിസ്ഥിതിക്കോ സമുദ്രഗതാഗതത്തിനോ പ്രശ്നമൊന്നും സൃഷ്ടിക്കുന്നില്ല എന്നാണ് എംഎസ് സി നിയോഗിച്ച മറൈന്‍ കണ്‍സള്‍ട്ടന്റിന്റെ നിഗമനം. ഇത് സ്വീകാര്യമാണോ എന്ന് ഡിജിഎസ് വ്യക്തമാക്കണം. പാരിസ്ഥിതിക, നാവിഗേഷന്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും ഇടക്കാല നടപടികള്‍ ആലോചിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ കോടതി സ്വമേധയാ കേസില്‍ കക്ഷിചേര്‍ത്തു.വിഴിഞ്ഞത്ത് അദാനി പോര്‍ട്സിന്റെ പ്രധാന കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ഇടപാടുകാരും ഏറ്റവും വലിയ വാണിജ്യ പങ്കാളികളുമായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എംഎസ് സി) കൊച്ചി, ന്യൂ മാംഗളൂര്, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് തീരദേശ ഫീഡര്‍ സര്‍വീസിന് ഉപയോഗിച്ചുവന്ന 28 വര്‍ഷം പഴക്കമുള്ള ‘എല്‍സ 3’ കപ്പലിന് ഘടനാപരമായും സാങ്കേതികമായും മെക്കാനിക്കല്‍, ഓപ്പറേഷണല്‍ സംവിധാനങ്ങളിലും വലിയ തകരാറുകളുണ്ടായിരുന്നുവെന്നാണ് ഡിജിഎസ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കപ്പലിന്റെ സ്ഥിരതയും ബാലന്‍സുമായി ബന്ധപ്പെട്ട ബാലസ്റ്റ് വാട്ടര്‍ സിസ്റ്റം, ഓട്ടോമേറ്റഡ് ഹീലിങ്, ബില്‍ജ് പമ്പിങ് സംവിധാനങ്ങള്‍ തകരാറിലായിരുന്നു. കപ്പലിന്റെ സ്റ്റാര്ബോര്ഡിലെ (വലത്തുഭാഗം) ചരിവ് മുന്യാത്രകളിലും കണ്ടിരുന്നു. 2016-ല്‍ ഉണ്ടായ കൂട്ടിയിടിയില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടും ആവശ്യമായ പ്രതിവിധികള്‍ ചെയ്തിരുന്നില്ല. നാവികര്‍ക്ക് പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും കുറവുണ്ടായിരുന്നു. റഷ്യക്കാരനായ ഷിപ് മാസ്റ്ററുടെ സഹായിയായി യുക്രെയ്ന്‍കാരനായ പുതിയ ചീഫ് ഓഫിസര്‍ ചുമതലയേറ്റത് അപകടത്തിനു തൊട്ടുമുന്‍പായാണ്.വിഴിഞ്ഞത്ത് കണ്ടെയ്നര്‍ കയറ്റുമ്പോള്‍ തന്നെ കപ്പലിന് അഞ്ച് ഡിഗ്രി ചരിവുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നു. അപകടകരമായ ചരക്കുകള്‍ നിറച്ചവ ഉള്‍പ്പെടെ 643 കണ്ടെയ്നറുകള്‍ അടുക്കിയ കപ്പലിന്റെ സ്ഥിതി സുരക്ഷിതമല്ലെന്ന് കണ്ടിട്ടും വിഴിഞ്ഞത്ത് ആരുംതന്നെ അതിന്റെ യാത്ര തടഞ്ഞില്ല; കൊച്ചിയിലെ മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പിനെ വിവരം അറിയിച്ചതുമില്ല. കൊച്ചിയിലേക്കുള്ള യാത്രക്കിടെ, കൊച്ചി തീരത്തുനിന്ന് 70.3 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കപ്പല്‍ 26 ഡിഗ്രി ചരിഞ്ഞപ്പോള്‍ അടുക്കുകള്‍ തെറ്റി ഡെക്കിലെ കണ്ടെയ്നറുകള്‍ തെന്നിവീഴാന്‍ തുടങ്ങി; 2025 മേയ് 25ന് രാവിലെ കപ്പല്‍ മുങ്ങി. പ്രധാനമന്ത്രി മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമര്‍പ്പിച്ചതിന്റെ പുതുമോടി ആഘോഷങ്ങളുടെ മൂന്നാമത്തെ ആഴ്ചയാണ് കേരളതീരത്തെ ഏറ്റവും വിനാശകരമായ ഈ കപ്പല്ദുരന്തമുണ്ടാകുന്നത്. എംഎസ് സിയുടെ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് കമ്പനി വിഴിഞ്ഞം ടെര്‍മിനലില്‍ 49% ഓഹരി പങ്കാളിത്തമെടുക്കാനൊരുങ്ങുകയും വിഴിഞ്ഞത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്കല്‍ നങ്കൂര പാര്‍ടണറായി എംഎസ് സി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്‍സി 3 ദുരന്തത്തില്‍ പിണറായി സര്‍ക്കാര്‍ ആദ്യം അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതില്‍ വിമുഖത കാണിച്ചു. കൊല്ലത്തെയും തൂത്തുക്കുടിയിലെയും കശുവണ്ടി ഫാക്ടറികള്‍, നഷ്ടപ്പെട്ട ചരക്കിനു നഷ്ടപരിഹാരം തേടി ഹൈക്കോടതിയിലെത്തിയപ്പോള്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന എംഎസ് സിയുടെ മൂന്നു കപ്പലുകള്‍ അറസ്റ്റു ചെയ്യാന്‍ കോടതി ഉത്തരവിട്ടതോടെ ബാങ്ക് ഗാരന്റി ഹാജരാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.വിമര്‍ശകരെ അമ്പരപ്പിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ 9,531.11 കോടി രൂപ നഷ്ടപരിഹാരത്തിനായി അഡ്മിറാല്‍റ്റി കേസ് ഫയല്‍ ചെയ്തു. ഇതില്‍ 8,554.39 കോടി രൂപ പരിസ്ഥിതി നാശനഷ്ടങ്ങള്‍ക്കും, 378.48 കോടി തീരം വൃത്തിയാക്കാനും പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനും, 526.51 കോടി മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ സമൂഹങ്ങള്ക്കുമുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിനുമാണ്! ശാസ്ത്രീയ പഠനരേഖകളൊന്നും ഹാജരാക്കാത്തതിനാല്‍ പരിസ്ഥിതി നാശത്തിന് 8,554.39 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കപ്പലിന്റെ ഉടമകള്‍ നല്‍കേണ്ട സെക്യൂരിറ്റി ഗ്യാരന്റി 1,227.62 കോടി രൂപയായി കേരള ഹൈക്കോടതി വെട്ടിക്കുറച്ചു. തമിഴ്നാട് 1,041.8 കോടി രൂപ നഷ്ടപരിഹാരം തേടുന്നുണ്ട്.അതേസമയം, തങ്ങളുടെ ബാധ്യത പരമാവധി 132 കോടി മാത്രമാണെന്നാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഓഗസ്റ്റ് മാസത്തില്‍ രണ്ടു മലയാളം പത്രങ്ങളില്‍ പരസ്യം ചെയ്തത്. 1958-ലെ മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് വ്യവസ്ഥകള്‍ പ്രകാരം നല്കിയ നോട്ടിസില്‍, സെപ്റ്റംബര്‍ മധ്യത്തോടെ ബന്ധപ്പെട്ടവര്‍ ക്ലെയ്മുകള്‍ സമര്‍പ്പിക്കണമെന്നും പിന്നീട് ഫയല്‍ ചെയ്യുന്ന അപേക്ഷകളൊന്നും പരിഗണിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു. ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനുകള്‍ പ്രകാരമാണ് അവര്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചത്. അപകടം നടന്നതിനുശേഷം കടല്‍വെള്ളത്തിലോ വായുവിന്റെ ഗുണനിലവാരത്തിലോ കാര്യമായ മാറ്റമൊന്നും കണ്ടിട്ടില്ലെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മോണിറ്ററിങ് റിപ്പോര്‍ട്ടുകളാണ് ഷിപ്പിങ് കമ്പനി സത്യവാങ്മൂലത്തില്‍ ഉപയോഗിച്ചത്. എണ്ണപ്പാട നിയന്ത്രണാധീനമായി, നര്‍ഡില്‍സ് തീരത്തുനിന്ന് മാറ്റി, അപകടകാരികളായ ചരക്ക് കണ്ടെയ്നറുകളില്‍ ഭദ്രമായി മുദ്രവച്ചിട്ടുണ്ടെന്നും കമ്പനി വാദിക്കുന്നു.ഫിലിപ്പീന്‍സുകാരായ 20 പേരും, രണ്ട് യുക്രെയ്ന്‍കാരും ഒരു റഷ്യക്കാരനും ഒരു ജോര്‍ജിയക്കാരനുമാണ് കപ്പല്ദുരന്തത്തില് നിന്നു രക്ഷപ്പെട്ട ജീവനക്കാര്‍. ക്യാപ്റ്റനും കപ്പല്ജീവനക്കാര്ക്കുമെതിരെ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം, രാജ്യം വിട്ടുപോകാതിരിക്കാന്‍ അവരുടെ പാസ്പോര്‍ട്ട് തടഞ്ഞുവച്ചിരുന്നു. 17 നാവികരെ മടങ്ങിപോകാന്‍ ഡിജിഎസ് 2025 ഓഗസ്റ്റില്‍ 15ന് അനുവദിച്ചു. അവശേഷിച്ച ഏഴ് ഓഫിസര്‍മാരില്‍ മൂന്നുപേരെ ചില ഉപാധികളോടെ വിട്ടയക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈമാസം ഉത്തരവിട്ടു. മാസ്റ്റര്‍, ചീഫ് ഓഫിസര്‍, ചീഫ് എന്‍ജിനിയര്‍, സെക്കന്‍ഡ് എന്‍ജിനിയര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ തോപ്പുംപടി മജിസ്ട്രേട്ട് കോടതിക്ക് തീര്പ്പുകല്പിക്കാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കയാണ്. നഷ്ടപരിഹാര കേസില്‍ പ്രധാന സാക്ഷികളാകേണ്ട ക്യാപ്റ്റനെയും മറ്റ് ഓഫിസര്‍മാരെയും രാജ്യം വിടാന്‍ അനുവദിച്ചാല്‍ അത് ജുഡീഷ്യല്‍ പ്രക്രിയയെ ബാധിക്കുമെന്ന് ഡിജിഎസ് വാദിക്കുന്നു.ചാകരയുമായി ബന്ധപ്പെട്ട ‘മലബാര്‍ അപ്സ്വല്ലിങ്’ മേഖലയും ലോകത്തിലെ വിഖ്യാത സമുദ്രമത്സ്യ പ്രജനനകേന്ദ്രങ്ങളിലൊന്നായ കൊല്ലം പരപ്പും ഉള്‍പ്പെടുന്ന തീരത്തെ മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും കടുത്ത പ്രതിസന്ധി സൃഷ്ടിച്ച എല്‍സ 3 കപ്പല്‍ച്ചേതത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിക്കപ്പെടുകയും മത്സ്യവിപണി അവതാളത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കും ഇടക്കാല ആശ്വാസമായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 1,000 രൂപ വീതവും ഓരോ കുടുംബത്തിന് ആറു കിലോ അരി വീതം സൗജന്യ റേഷനും അനുവദിക്കുകയുണ്ടായി. 10.55 കോടി രൂപയാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന് വരുമാന നഷ്ടത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സഹായധനം. അഡ്മിറാലിറ്റി കേസില്‍ മത്സ്യത്തൊഴിലാളി വിഹിതം നിശ്ചയിക്കാനുള്ള മാനദണ്ഡം എന്താകും?ശ്രീലങ്കാ തീരത്ത് 2021 മേയില്‍ 1,680 ടണ്‍ നര്‍ഡില്‍സും രാസവസ്തുക്കളും ഉള്‍പ്പെടെ 1,486 കണ്ടെയ്നറുകള്‍ കയറ്റിയ സിംഗപ്പൂര്‍ ഷിപ്പിങ് കമ്പനിയുടെ എം.വി എക്സ്പ്രസ് പേള്‍ ചരക്കുകപ്പലിലുണ്ടായ സ്ഫോടനവും തീപ്പിടുത്തവും ലോകത്തിലെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നര്‍ഡില്‍സ് ചോര്‍ച്ചയ്ക്ക് ഇടവരുത്തിയ കേസില്‍ ശ്രീലങ്ക സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പ്രാഥമിക നഷ്ടപരിഹാരമായി 100 കോടി യുഎസ് ഡോളര്‍ (8,885 കോടി രൂപ) വിധിക്കുകയും, നര്‍ഡില്‍സ് മൂലം പരിസ്ഥിതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു നഷ്ടപരിഹാര കമ്മീഷനെയും വിദഗ്ദ്ധരുടെ ഒരു പുനഃസ്ഥാപന സമിതിയെയും നിയോഗിക്കുകയും ചെയ്തത് കേരളത്തിന് വഴികാട്ടിയാകണം.

