പ്രൊഫ. ഷാജി ജോസഫ്
The Band’s Visit (Israel/87’/2007)
Director: Eran Kolirin
ഇസ്രായേൽ സംവിധായകനായ Eran Kolirin സംവിധാനം ചെയ്ത ‘The Band’s Visit’ ലോകസിനിമയിലെ ഹൃദയസ്പർശിയായ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. യുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും നിറഞ്ഞ മധ്യപൂർവ്വ ദേശത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും, ഈ ചിത്രം രാഷ്ട്രീയം പറയുന്നതിലുപരി മനുഷ്യരെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭാഷയും മതവും രാജ്യാതിർത്തികളും മറികടന്ന് മനുഷ്യർ തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു എന്നും, ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം എങ്ങനെ പരസ്പരം തിരിച്ചറിയുന്നു എന്നും വളരെ ലളിതമായി സിനിമ പറഞ്ഞുതരുന്നു.
സിനിമ ആരംഭിക്കുന്നത് ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നുള്ള ഒരു പോലീസ് വോക്കൽ ബാൻഡ് (Alexandria Ceremonial Police Orchestra) ഇസ്രായേലിലെ ഒരു സാംസ്കാരിക കേന്ദ്രത്തിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്നതോടെയാണ്. അറബ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാനാണ് അവർ എത്തുന്നത്. സംഘത്തെ നയിക്കുന്നത് കടുത്ത അച്ചടക്കമുള്ള, ഗൗരവക്കാരനായ തൗഫീഖ് സഖരിയ ആണ്. അദ്ദേഹത്തോടൊപ്പം വിവിധ പ്രായക്കാരായ സംഗീതജ്ഞരും യാത്ര ചെയ്യുന്നുണ്ട്. ഇസ്രായേലിലെ ‘പെറ്റാ തിക്വ’ (Petah Tiqva) എന്ന നഗരത്തിലേക്കായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ ഭാഷാപരമായ ചെറിയൊരു തെറ്റിദ്ധാരണ കാരണം (അറബിക് ഉച്ചാരണത്തിലെ വ്യത്യാസം കൊണ്ട്) അവർ ചെന്നിറങ്ങുന്നത് ഇസ്രായേൽ മരുഭൂമിയുടെ നടുവിലുള്ള ‘ബെയ്റ്റ് ഹാതിക്വ’ (Beit Hatikva) എന്ന തികച്ചും ഒറ്റപ്പെട്ട, വിരസമായ ഒരു കൊച്ചു ഗ്രാമത്തിലാണ്. അവിടെ അടുത്തൊന്നും ഒരു സാംസ്കാരിക കേന്ദ്രമില്ല, ബസ് സർവീസ് അവസാനിച്ചിരിക്കുന്നു; താമസിക്കാൻ ഹോട്ടലുകളൊന്നുമില്ല, എന്ന് തന്നെയല്ല അടുത്ത ദിവസത്തെ ബസ് വരുന്നത് വരെ അവർക്ക് അവിടെ നിന്നും രക്ഷപ്പെടാനും കഴിയില്ല. നീല യൂണിഫോമും ധരിച്ച്, കയ്യിൽ സംഗീത ഉപകരണങ്ങളുമായി മരുഭൂമിയിലെ ആ കൊച്ചു ടൗണിൽ നിൽക്കുന്ന ഈജിപ്തുകാരായ ആ സംഘത്തിന്റെ അവസ്ഥ ശരിക്കും കൗതുകമുണർത്തുന്നതാണ്.

ഈ അവസ്ഥയിലാണ് അവർ ആ ഗ്രാമത്തിൽ ഒരു ചെറിയ റസ്റ്റോറന്റ് നടത്തുന്ന ദിന (Dina) എന്ന സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീയെ പരിചയപ്പെടുന്നത്. അവിടെ ഹോട്ടലുകളോ ലോഡ്ജുകളോ ഇല്ലാത്തതിനാൽ, വളരെ തുറന്ന മനസ്സുള്ള ദിനയും സുഹൃത്തുക്കളും ഈ വിദേശികളായ സംഗീതജ്ഞരെ അവരുടെ വീടുകളിൽ താമസിപ്പിക്കാൻ തയ്യാറാകുന്നു. ആ ഒറ്റ രാത്രിയിൽ അവർക്കിടയിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളാണ് സിനിമയുടെ കാതൽ.
ദിന, തൗഫീഖിനെ കൂട്ടി ടൗണിലേക്ക് ഇറങ്ങുന്നു. ബാൻഡ് മാസ്റ്ററായ തൗഫീഖും ദിനയും തമ്മിലുള്ള സംഭാഷണങ്ങളാണ് സിനിമയുടെ ഏറ്റവും മനോഹരമായ ഭാഗങ്ങളിൽ ഒന്ന്. പുറമേ ഗൗരവവും അകലം പാലിക്കുന്ന സ്വഭാവവുമുള്ള തൗഫീഖിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഏകാന്തതയും വേദനയും ദിന ക്രമേണ മനസ്സിലാക്കുന്നു. ഒരുമിച്ച് സമയം ചിലവഴിക്കുന്ന സമയത്ത് പരസ്പരം വലിപ്പച്ചെറുപ്പമില്ലാതെ സംസാരിക്കുമ്പോൾ അവർ തങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. തൗഫീഖ് തന്റെ മകന്റെ മരണത്തെക്കുറിച്ചും തകർന്ന ദാമ്പത്യത്തെക്കുറിച്ചും പറയുമ്പോൾ, ദിന തന്റെ വിരസമായ ജീവിതത്തെക്കുറിച്ചും പ്രണയങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഒടുവിൽ ഒരു പാർക്കിൽ ഇരിക്കുമ്പോൾ, ഈജിപ്ഷ്യൻ സിനിമകളെയും സംഗീതത്തെയും താൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ദിന തൗഫീഖിനോട് പങ്കുവെക്കുന്നു.
ബാൻഡിലെ പ്ലേബോയ് സ്വഭാവമുള്ള, ചെറുപ്പക്കാരനായ ഖാലെദ് മറ്റൊരു ഇസ്രായേലി യുവാവിനൊപ്പം ഒരു റോളർ-സ്കേറ്റിംഗ് ക്ലബ്ബിലേക്ക് പോകുന്നു. അവിടെ പെൺകുട്ടികളോട് സംസാരിക്കാൻ പേടിയുള്ള, ലജ്ജാലുവായ ഒരു ഇസ്രായേലി ചെറുപ്പക്കാരനെ ഖാലെദ് സഹായിക്കുന്നുണ്ട്. സംഗീതത്തിലൂടെയും ശരീരഭാഷയിലൂടെയും പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്ന് ഖാലെദ് അവന് കാണിച്ചുകൊടുക്കുന്ന രംഗം സിനിമയിലെ ഏറ്റവും മനോഹരമായ ഒന്നാണ്.
മൂന്നാമത്തെ സംഘം ഇസ്രായേലിലെ ഒരു സാധാരണ കുടുംബത്തോടൊപ്പമാണ് അത്താഴം കഴിക്കുന്നത്. അവിടെ ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പിണക്കങ്ങൾക്കും തർക്കങ്ങൾക്കും അവർ സാക്ഷിയാകുന്നു. തുടക്കത്തിൽ വല്ലാത്തൊരു അപരിചിതത്വവും നിശബ്ദതയും ഉണ്ടായിരുന്നെങ്കിലും, ബാൻഡിലെ ഒരു അംഗം താൻ പൂർത്തിയാക്കാത്ത ഒരു സംഗീതശകലം വയലിനിൽ വായിക്കുന്നതോടെ ആ വീടിനുള്ളിലെ അന്തരീക്ഷം മാറുന്നു. ആ സംഗീതം ആ കുടുംബത്തിലെ വഴക്കുകൾ മാറ്റി അവരെ ഒന്നിപ്പിക്കുന്നു.
അടുത്ത ദിവസം രാവിലെ, തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാനുള്ള ബസ് വരുമ്പോൾ അവർ പരസ്പരം യാത്രപറയുന്നു. വലിയ നാടകീയതകളൊന്നുമില്ലാതെ, എന്നാൽ മനസ്സിൽ ഒരു വലിയ ഓർമ്മ ബാക്കിവെച്ചാണ് അവർ പിരിയുന്നത്. സാധാരണയായി ഇസ്രായേലും ഈജിപ്തും തമ്മിലുള്ള ബന്ധം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക യുദ്ധങ്ങളും രാഷ്ട്രീയ തർക്കങ്ങളുമാണ്. എന്നാൽ ഈ സിനിമ രാഷ്ട്രീയം നേരിട്ട് പറയുന്നതേയില്ല. പകരം, സാംസ്കാരികമായ കൈമാറ്റങ്ങളിലൂടെ രാഷ്ട്രീയ അതിർവരമ്പുകൾ എങ്ങനെ ഇല്ലാതാകുന്നു എന്നാണ് കാണിക്കുന്നത്.
സിനിമയുടെ കഥയിൽ വലിയ സംഘർഷങ്ങളോ അപ്രതീക്ഷിത വഴിത്തിരിവുകളോ ഇല്ല. യുദ്ധം, രാഷ്ട്രീയം, ദേശീയത തുടങ്ങിയ വിഷയങ്ങൾ പശ്ചാത്തലത്തിൽ നിലകൊള്ളുന്നുണ്ടെങ്കിലും, സിനിമ അവയെ നേരിട്ട് ചർച്ച ചെയ്യുന്നില്ല. പകരം “അറബ്” എന്നും “ഇസ്രായേലി” എന്നും വിളിക്കപ്പെടുന്നവരുടെ ഉള്ളിലുള്ള മനുഷ്യനെ കാണിച്ചുതരുന്നു. ഒരേ തരത്തിലുള്ള സ്വപ്നങ്ങളും ദുഃഖങ്ങളും ആഗ്രഹങ്ങളും അവർക്കുണ്ടെന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. ഭാഷ അറിയില്ലെങ്കിലും അവർ ഹൃദയം കൊണ്ട് സംസാരിക്കുന്നുണ്ട്. വാക്കുകൾക്ക് സാധിക്കാത്തത് സംഗീതത്തിന് സാധിക്കുമെന്ന് സിനിമ തെളിയിക്കുമ്പോൾ, കലയ്ക്ക് അതിരുകളില്ലെന്ന് പ്രേക്ഷകന് മനസ്സിലാകുന്നു.
ചിത്രത്തിന്റെ സാംസ്കാരിക പശ്ചാത്തലവും ഏറെ ശ്രദ്ധേയമാണ്. ഈജിപ്ഷ്യൻ സംഗീതജ്ഞരും ഇസ്രായേലി ഗ്രാമവാസികളും തമ്മിലുള്ള കൂടിക്കാഴ്ച മധ്യപൂർവദേശത്തിന്റെ സങ്കീർണമായ ചരിത്രത്തെ സൂചിപ്പിക്കുന്നു. ഭാഷയും, ഭക്ഷണരീതികളും, ജീവിതശൈലികളും വ്യത്യസ്തമാണ്. എങ്കിലും സംഗീതം, ഓർമ്മകൾ, കുടുംബബന്ധങ്ങൾ, ഏകാന്തത എന്നിവ എല്ലാവർക്കും പൊതുവായ അനുഭവങ്ങളാണെന്ന് സിനിമ കാണിക്കുന്നു. അതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക സന്ദേശം.
സംവിധായകൻ വളരെ ലളിതമായ രീതിയിലാണ് കഥ പറയുന്നത്. അനാവശ്യമായ നാടകീയതയോ വികാരപ്രകടനങ്ങളോ ഇല്ല. ചെറിയ നോട്ടങ്ങൾ, നിശബ്ദതകൾ, ഇടവേളകൾ എന്നിവയിലൂടെ കഥാപാത്രങ്ങളുടെ മനോഭാവങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ സിനിമ യാഥാർത്ഥ്യത്തോട് വളരെ അടുത്തുനിൽക്കുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയുടെ ജീവൻ. തൗഫീഖ് ആയി വന്ന സസ്സൺ ഗബായിയും (Sasson Gabai), ദിനയായി വന്ന റോണിറ്റ് എൽകാബെറ്റ്സും (Ronit Elkabetz) തങ്ങളുടെ കണ്ണുകളിലൂടെയും നിശബ്ദതയിലൂടെയും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ശക്തിയാണ്. മരുഭൂമിയോട് ചേർന്ന ചെറിയ പട്ടണത്തിന്റെ ശൂന്യതയും ഏകാന്തതയും ക്യാമറ മനോഹരമായി പകർത്തുന്നു. വിശാലമായ ഫ്രെയിമുകളിൽ മനുഷ്യർ ചെറുതായി കാണപ്പെടുമ്പോൾ അവരുടെ ഉള്ളിലെ ഒറ്റപ്പെടലും പ്രകടമാകുന്നു.
സംഗീതത്തെക്കുറിച്ച് പ്രത്യേകമായി പറയേണ്ടതുണ്ട്. ബാൻഡ് അംഗങ്ങൾ സംഗീതജ്ഞരാണെങ്കിലും സിനിമ മുഴുവൻ സംഗീതപ്രകടനങ്ങൾ കൊണ്ട് നിറഞ്ഞിട്ടില്ല. പകരം സംഗീതം കഥാപാത്രങ്ങളുടെ വികാരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നിശബ്ദ സാന്നിധ്യമായി പ്രവർത്തിക്കുന്നു. ചിലപ്പോൾ ഒരു ചെറിയ സംഗീതശകലമോ, ഓർമ്മകളെ ഉണർത്തുന്ന ഒരു സ്വരമോ മാത്രം മതിയാകുന്നു കഥയുടെ വികാരതലം ഉയർത്താൻ.
‘The Band’s Visit’ ഒരു ചെറിയ കഥ പറയുന്ന വലിയ സിനിമയാണ്. മനുഷ്യർ തമ്മിലുള്ള സൗഹൃദം, ഏകാന്തത, സാംസ്കാരിക അതിർത്തികൾ മറികടക്കുന്ന ബന്ധങ്ങൾ എന്നിവയെ അതീവ ലാളിത്യത്തോടെയും സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്ന ചിത്രമാണിത്. മനുഷ്യർ തമ്മിൽ സ്നേഹിക്കാൻ വലിയ കാരണങ്ങളോ ഒരേ ഭാഷയോ സംസ്കാരമോ ഒന്നും വേണ്ട, പരസ്പരം മനസ്സിലാക്കാനുള്ള ഒരു ചെറിയ മനസ്സ് മാത്രം മതി എന്ന് ഈ ചിത്രം നമ്മളെ ഓർമ്മിപ്പിക്കുന്നു.

