ജെയിംസ് അഗസ്റ്റിന്
‘ഈ വഴിത്താരയില്‍
കാല്‍പ്പാട് തീര്‍ത്തു ഞാന്‍
ജീവിതമത്സരം പൂര്‍ത്തിയാക്കി
കര്ത്താവിന് സൗരഭ്യം
നിത്യവിശ്രാന്തിയില്
നുകരട്ടെ ഞാന്‍’
കഴിഞ്ഞ ദിവസം നിര്യാതനായ ഗാനരചയിതാവ് ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. എഴുതിയ അവസാനത്തെ ഗാനത്തിന്റെ ആദ്യവരികളാണിത്. ഈ ഗാനം ലോകത്തോടുള്ള അദ്ദേഹത്തിന്റെ വിടപറയല്‍ ഗീതമായി.
ഫാ.മൈക്കിള്‍ എഴുതിയ നൂറിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ എല്‍ഡ്രിഡ്ജ് ഐസക്സിനെയാണ് ഈ പരേതസ്മരണഗാനത്തിനു സംഗീതം നല്കാന് അദ്ദേഹം ചുമതലപ്പെടുത്തിയത്. വരികള്‍ക്ക് ഈണമിട്ട ശേഷം റെക്സ് മാസ്റ്റര്‍ (റെക്സ് ഐസക്സ്)ഓര്‍ക്കസ്ട്രേഷനും നല്കി റെക്കോര്‍ഡിങ്ങിനു ഒരുങ്ങുന്നതിനിടെയാണ് ഫാ.മൈക്കിള്‍ വിട വാങ്ങിയത്. എല്‍ഡ്രിഡ്ജ് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തയച്ച പാട്ട് കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം, നമുക്കിത് ഉടനെ റെക്കോര്‍ഡ് ചെയ്യണമെന്നും പറഞ്ഞു.
പക്ഷേ, റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വന്നു പാട്ടു കേള്‍ക്കാന്‍ എഴുത്തുകാരനിന്നിവിടെയില്ല.
ഫാ.പനച്ചിക്കലും എല്ഡ്രിഡ്ജുമായുള്ള സംഗീതയാത്ര തുടങ്ങുന്നത് 1982-ലാണ്. അതും അതിപ്രശസ്തമായൊരു പാട്ടിലൂടെ. ഇന്നും നമ്മുടെ തിരുക്കര്‍മങ്ങളില്‍ പാടുന്ന
‘ആകാശം പോലെ വിശാലം
നാഥാ നിന്സ്നേഹമെത്ര അഗാധം
പെറ്റമ്മ പോലും അറിയും മുന്‍പേ
സ്നേഹിച്ചുവല്ലോ ദൈവം
എന്നെ സീമാതീതമനന്തം’
എന്ന ഗാനത്തിലൂടെ തുടങ്ങിയ ആ ആത്മീയബന്ധം അച്ചന്റെ അവസാനഗാനം വരെ, 44 വര്‍ഷം തുടര്‍ന്നു.
പോട്ടയിലെ ധ്യാനകേന്ദ്രത്തില്‍ വിപുലമായ ധ്യാനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കുറച്ചു വചനശുശ്രൂഷാ ഗാനങ്ങളുടെ കസ്സെറ്റ് നിര്‍മിക്കാനായി ഫാ.മൈക്കിള്‍, ഇരുപത്തിനാല് മണിക്കൂറും സംഗീതം നിറഞ്ഞുനില്ക്കുന്ന എല്‍ഡ്രിഡ്ജിന്റെ വീട്ടില്‍ എത്തുകയായിരുന്നു. വചനോത്സവം എന്നാണ് കസ്സെറ്റിനു പേര് നല്‍കിയത്. അതേ പേരില്‍ത്തന്നെ ഒരു മാസികയും അന്ന് അച്ചന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അച്ചനുമായുള്ള ആദ്യകൂടിക്കാഴ്ചയെക്കുറിച്ചും പാട്ടുകളുടെ പിറവിയെക്കുറിച്ചും സംഗീതസംവിധായനായ എല്‍ഡ്രിഡ്ജ് ഐസക്സ് ഓര്‍ക്കുന്നു.
‘സി.എ.സി.യില്‍ നിന്നും ഇറങ്ങിയ ദൈവപുത്രന് എന്ന എല്‍.പി.റെക്കോര്‍ഡില്‍ വീണ്ടും കേള്‍ക്കാന്‍ ഞങ്ങള്‍ക്കെല്ലാം ആഗ്രഹമുള്ളൊരു പാട്ടുണ്ട്. ആ ആല്‍ബത്തിലെ പാട്ടുകള്‍ എല്ലാം മനോഹരമായതാണെങ്കിലും വരികളുടെ വശ്യതയാല്‍ ഒരു ഗാനം വേറിട്ടു നിന്നിരുന്നു. നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളേ എന്നു തുടങ്ങുന്ന ഗാനത്തിനു ഈണമിട്ടത് ജോബ് & ജോര്‍ജ് സഖ്യമായിരുന്നു. പാടിയത് യേശുദാസും. ഈ പാട്ടില്‍ ‘സ്നേഹിച്ചു സ്നേഹിച്ചീ കല്‍ക്കരിക്കട്ടയെ വൈഡൂര്യമാക്കിയ ദൈവപുത്രാ’ എന്ന വരികള്‍ അന്നു സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ഞങ്ങളെ എല്ലാവരെയും ഈ പാട്ടെഴുതിയ മൈക്കിള്‍ പനച്ചിക്കലച്ചന്റെ ആരാധകരാക്കി മാറ്റിയിരുന്നു. അച്ചന്റെ വരികള്‍ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ദിവസങ്ങളില്‍ത്തന്നെ എന്റെ വീടിനടുത്തുള്ള വിശുദ്ധ പത്താം പീയൂസ് പള്ളിയില്‍ പനച്ചിക്കലച്ചന് വരുന്നതും ദിവ്യബലിയ്ക്കു ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതും വലിയൊരു നിയോഗത്തിന്റെ തുടക്കമായിരുന്നു എന്നു ഞാനോര്‍ക്കുകയാണ്. അച്ചന്റെ ഒരു പാട്ടിനു ഈണമിടാന്‍ ആഗ്രഹിച്ച എനിക്ക് ഒരു കസ്സെറ്റിലെ എല്ലാ പാട്ടും ചെയ്യാനുള്ള ക്ഷണം ലഭിക്കുന്നു. സി.എ.സി.യിലായിരുന്നു റെക്കോര്‍ഡിങ്. ഫ്രഡ്ഡി പള്ളന്‍,സതീഷ് ബാബു,രാധിക തിലക്,നൈഡീന് എന്നിവരായിരുന്നു പ്രധാന ഗായകര്‍.
ആകാശം പോലെ വിശാലം എന്ന പാട്ട് പാടിയത് സതീഷ് ബാബുവും നൈഡീനും ചേര്‍ന്നായിരുന്നു. അന്നത്തെ റെക്കോര്‍ഡിങ്ങിനു വെറും ഏഴു സംഗീതോപകരണങ്ങള്‍ മാത്രമാണ് വായിച്ചത്. ചെലവ് ചുരുക്കാനായി ഒരു വയലിന് മാത്രമാണ് ഉള്‍പ്പെടുത്താനായത്. ഇതേ ഗാനം നാലു വര്‍ഷം മുന്‍പ് മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലില്‍ എലിസബത്ത് രാജു പാടി റിലീസ് ചെയ്യുകയുണ്ടായി.
ഇതേ ആല്‍ബത്തില്‍ ഒരു കാഴ്ചവയ്പ്പ് ഗാനമുണ്ടായിരുന്നു.
‘കൈക്കുമ്പിളില്‍ കാഴ്ചദ്രവ്യവുമായി
ബലിവേദിയിലേക്കു വരികയല്ലോ
ഒന്ന് നില്ക്കാം ഒരു നിമിഷം
ഹൃദയം പാവനമാണോ?
എന്ന ഗാനം ഇന്നും ദിവ്യബലിയില്‍ പാടുന്നുണ്ട്.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഡോ.കെ.ജെ. യേശുദാസിനു വേണ്ടി ഒരു ആല്‍ബത്തിനു സംഗീതം നല്കാന് എനിക്ക് അവസരം ലഭിച്ചപ്പോള്‍ മൈക്കിള്‍ പനച്ചിക്കല്‍ അച്ചന്റെ വരികളും ഉള്‍പ്പെടുത്താന്‍ എനിക്കു സാധിച്ചു. യേശുദാസ് ആലപിച്ച ‘ശ്യാമാംബരത്തിലെ സൗന്ദര്യമായ് സൂര്യനായ് വന്നുവെന്‍ ജീവിതത്തില്‍’, സുജാത പാടിയ ‘കന്നിക്കുരുന്നിനെ താരാട്ടാന്‍ കന്യാമേരിക്കു കൈ മാത്രം’ എന്നീ പാട്ടുകള്‍ ഈ ആല്‍ബത്തിലേതാണ്.
ഫാ.മൈക്കിള്‍ പനച്ചിക്കല്‍ എഴുതിയ കുരിശിന്റെ വഴിക്ക് സംഗീതം നല്‍കാനും എനിക്ക് ഭാഗ്യമുണ്ടായി. കൊച്ചി രൂപതയ്ക്ക് വേണ്ടി സാന്താ സിസിലിയ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിയ ആല്‍ബത്തില്‍ പത്തു സംഗീതസംവിധായകര്‍ ഓരോ പാട്ടുകള്‍ക്ക് ഈണമിട്ടപ്പോള്‍ എനിക്ക് ലഭിച്ച വരികള്‍ പനച്ചിക്കല്‍ അച്ചന്റേതായിരുന്നു. പ്രഭാതകുസുമം കവിളില്‍ ചൂടിയ എന്നു തുടങ്ങുന്ന ഗാനം പാടിയത് ഡോ. കെ.ജെ.യേശുദാസായിരുന്നു. അച്ചന്റെ അവസാനഗാനം സ്റ്റുഡിയോയില്‍ വച്ച് റെക്കോര്‍ഡ് ചെയ്തു നല്കാന് കഴിഞ്ഞില്ല എന്നത് ഒരു കടമായി എന്നും നില്ക്കും. നന്ദിയോടെ അച്ചന്റെ ദീപ്തമായ ഓര്‍മ്മകള്‍ എന്നും എന്നിലുണ്ടാകും.
ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എഴുതിയതില്‍ ഏറ്റവും പ്രശസ്തമായ ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ’ എന്ന ഗാനത്തിനു സംഗീതം നല്‍കിയത് സണ്ണി സ്റ്റീഫനാണ്. ആലപിച്ചത് രാധികാ തിലകും കുട്ടിയച്ചനുമാണ്.
വിശുദ്ധ ബൈബിളിലെ സങ്കീര്ത്തകനെയും പ്രഭാഷകനെയും സുഭാഷിതകൃത്തിനെയും തന്റെ വരികളിലൂടെ അച്ചന് നമ്മളിലെത്തിക്കാറുണ്ട്.
‘കര്‍ത്താവ് ഭവനം പണിയാതിരുന്നാല്‍
നിഷ്ഫലമാകും പ്രയത്നമെല്ലാം’
‘ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണ് ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന സ്നേഹമാണ് ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന വചനമാണ് ദൈവം
എത്ര വൈകി ദൈവമേ നിന്നെ അറിയുവാന്‍’
എന്നെല്ലാം തന്റെ പാട്ടിലൂടെ അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
ജെന്‍സിയും ബിജു നാരായണും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.
‘തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനെ
തന്നാലും നാഥാ നിന്‍ജീവനെ
നിത്യസഹായകനെ’
എന്ന ഗാനം ഒരിക്കലെങ്കിലും ആലപിക്കാത്ത ക്രൈസ്തവന് മലയാളികള്ക്കിടയിലുണ്ടാകുമോ? സണ്ണി സ്റ്റീഫന്‍ സംഗീതം നല്കിയ ഈ ഗാനം പാടിയത് കുട്ടിയച്ചനാണ്.
‘താരിളം മെയ്യില്‍ മിശിഹാ
രുധിരം ചൊരിഞ്ഞു നിന്നു’
എന്ന ഗാനം യേശുദാസും എസ്. ജാനകിയും പാടിയിട്ടുണ്ട്. സ്വര്‍ഗരാജ്യം എന്ന കസ്സെറ്റിലെ ഈ ഗാനത്തിനും സംഗീതം നല്‍കിയത് സണ്ണി സ്റ്റീഫനാണ്.
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം എന്നു തുടങ്ങുന്ന ഗാനം ടോമിന് തച്ചങ്കരി ഈണമിട്ട ശേഷമാണു ഫാ.പനച്ചിക്കല്‍ എഴുതിയത്. തിരുവചനം എന്ന ആല്‍ബത്തിലെ ഈ ഗാനം എം.ജി.ശ്രീകുമാറാണു പാടിയത്.
നസ്രായന് എന്ന ആല്‍ബത്തിനു വേണ്ടി എഴുതിയ
‘നീരാജനമായുഴിയാം ഞാന്‍
നീറും മനസ്സാണെന്‍ താലം
കരിയാണതിലെ ഉപഹാരം
പകരൂ തീയായ് നിന് സ്നേഹം’
എന്ന ഗാനത്തിനു സംഗീതം നല്‍കിയത് ജെറി അമല്‍ദേവാണ്. കെസ്റ്ററും സംഘവുമാണ് ഈ പാട്ട് പാടിയത്.
‘മേലെ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ’
എന്നു കുഞ്ഞുങ്ങളെക്കൊണ്ടു പാടിപ്പിച്ചതും പനച്ചിക്കല്‍ അച്ചനാണ്.
എം.ജയചന്ദ്രന് സംഗീതം നല്കിയ ഈ ഗാനം പാടിയത് ശ്രേയ ജയദീപാണ്.
അച്ചന്റെ അവസാനത്തെ പാട്ട് തീരുന്നത് ഇങ്ങനെയാണ്,
‘വിശ്വാസം പ്രത്യാശ
സ്നേഹമെന്നീവരം
കൈവിടാതെപ്പോഴും
കാത്തുസൂക്ഷിക്കണം
മരണത്തിന്മേലെ
വിജയം വരിച്ചവന്‍
സ്വര്‍ഗ്ഗത്തില്‍ നമ്മെയും
ചേര്‍ത്തുകൊള്ളും’
സ്റ്റുഡിയോയില്‍ ഈ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പനച്ചിക്കല്‍ അച്ചന് സ്വര്‍ഗത്തിലിരുന്നു കേട്ടാല്‍ മതിയെന്നായിരുന്നു ദൈവഹിതം.

