ജെയിംസ് അഗസ്റ്റിൻ
ഇന്ത്യയിൽ റേഡിയോ ഉപയോഗിക്കണമെങ്കിൽ ലൈസൻസ് ആവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലൈസൻസ് ഇല്ലാതെ ഉപയോഗിക്കുന്ന റേഡിയോ സർക്കാർ കണ്ടുകെട്ടും. വയർലെസ്സ് ഇൻപെക്ടർമാർ എന്ന പ്രത്യേക ഉദ്യോഗസ്ഥൻ വീടുകളിലെത്തി ലൈസൻസ് എടുത്തിട്ടാണോ റേഡിയോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കും.

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.ലൈസൻസ് ഇല്ലാതെ റേഡിയോ ഉപയോഗിക്കുന്നത് അതീവഗൗരവമായ കുറ്റകൃത്യവും ആയിരുന്നു.
റേഡിയോയുമായി ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കേണ്ടിയിരുന്നൊരു കാലം.
ബ്രോഡ്കാസ്റ്റ് റിസീവർ ലൈസൻസ് (ബി.ആർ.എൽ.) എന്ന ഈ ലൈസൻസ് ഒരു ബാങ്ക് പാസ് ബുക്കിന്റെ രൂപത്തിലായിരുന്നു. ലൈസൻസ് എടുക്കുന്നയാളുടെ പൂർണവിവരങ്ങളും റേഡിയോയുടെ മോഡൽ നമ്പർ,സീരിയൽ നമ്പർ എന്നിവയെല്ലാം ഈ ബുക്കിൽ എഴുതിയിട്ടുണ്ടാകും. ലൈസൻസിൽ ചേർത്തിട്ടുള്ള അഡ്രസ്സിൽ(വീട്ടിൽ) മാത്രമാണ് റേഡിയോ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്. വീട്ടിൽ ഉപയോഗിക്കാൻ മാത്രം അനുവാദമുള്ള റേഡിയോ കടകളിലോ പൊതുസ്ഥലത്തോ കൊണ്ടുപോകാൻ പാടില്ല.പൊതുസ്ഥലങ്ങളിൽ റേഡിയോ കേൾപ്പിക്കാൻ പ്രത്യേക അനുവാദം ഉയർന്ന ഫീസടച്ചാൽ ലഭിക്കുമായിരുന്നു.
പോസ്റ്റ് ഓഫിസിലാണ് ലൈസൻസ് ഫീസ് അടക്കേണ്ടത്. ഫീസ് അടക്കുമ്പോൾ നൽകുന്ന സ്റ്റാമ്പ് ലൈസൻസ് ബുക്കിൽ ഒട്ടിച്ചു വയ്ക്കണം. 1928-ൽ സ്വകാര്യപങ്കാളിത്തത്തോടെ തുടങ്ങിയ റേഡിയോ സംപ്രേഷണങ്ങൾ ഒരുമിപ്പിച്ചു 1930-ലാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് തുടങ്ങുന്നത്. അന്ന് വാർഷിക ഫീസ് പത്തു രൂപയായിരുന്നു. മൂന്നു രുപ കൂടി അടച്ചാൽ ഒരു റേഡിയോ കൂടി അതേ വീട്ടിൽ ഉപയോഗിക്കാം. ഒരു റേഡിയോയുടെ അന്നത്തെ വില 600 രൂപയായിരുന്നു. ആ വിലയ്ക്ക് അന്ന് 32 പവൻ സ്വർണം വാങ്ങാമായിരുന്നു. വിദേശനിർമിത റേഡിയോകൾ മാത്രം വിപണിയിലുണ്ടായിരുന്ന ആ കാലത്തു റേഡിയോ ഒരു അത്യാഡംബരമായിരുന്നു.

അതിസമ്പന്നരും പ്രഭുക്കന്മാരുമൊക്കെയായിരുന്നു ആദ്യകാലത്തു ഇന്ത്യയിൽ റേഡിയോ വാങ്ങിയിരുന്നത്.
ഇന്നു കാണുന്നതു പോലെയുള്ള ചെറിയ മോഡലുകൾ ആയിരുന്നില്ല അന്നു ലഭ്യമായിരുന്നത്. പലകയിൽ തീർത്ത പെട്ടി പോലുള്ള വലിയ റേഡിയോകളാണ് അന്ന് വിദേശത്തു നിന്നും ഇറക്കുമതി ചെയ്തിരുന്നത്. വാൽവ് റേഡിയോകൾ എന്നറിയപ്പെട്ടിരുന്ന ആ റേഡിയോകൾ ഇന്നും സൂക്ഷിക്കുന്നവരും ഉപയോഗിക്കുന്നവരും കേരളത്തിലുണ്ട്.
പിന്നീട് ട്രാൻസിസ്റ്റർ റേഡിയോകൾ വന്നതോടെ റേഡിയോയുടെ വലുപ്പം കുറയുകയും പോക്കറ്റ് റേഡിയോകൾ പോലും വിപണിയിലെത്തുകയും ചെയ്തു.
ഇന്ത്യയിൽ റേഡിയോ നിർമാണം ആരംഭിച്ചതോടെയാണ് സാധാരണക്കാരനും റേഡിയോ വാങ്ങാൻ സാഹചര്യം ഉണ്ടാകുന്നത്.
ഉടമ റേഡിയോ കൈമാറ്റം ചെയ്യുമ്പോൾ അധികാരികളെ അറിയിക്കണം. പുതിയ ഉടമയുടെ പേരുവിവരം കൃത്യമായി രേഖപ്പെടുത്തി ലൈസൻസ് അയാളുടെ പേരിലേക്ക് മാറ്റണം.
ആദ്യം വാർഷിക ഫീസ് പത്തു രൂപയായിരുന്നത് കുറേക്കാലം അങ്ങനെ തന്നെ തുടർന്നു.
1970- കളിൽ 15 ആയും 1981-ൽ 30 ആയും ഫീസ് ഉയർത്തി. 1984-ലെ രാജീവ് ഗാന്ധി സർക്കാർ ഇന്ത്യയിൽ റേഡിയോ സേവനം തികച്ചും സൗജന്യമാക്കി.അപ്പോഴേക്കും ഇന്ത്യൻ സൈന്യങ്ങളുടെയും പോലീസിന്റെയും വയർലെസ്സ് സംവിധാനങ്ങൾ ആധുനിക സാങ്കേതിക വൈദഗ്ധ്യം നേടിയിരുന്നു. റേഡിയോ സംപ്രേഷണത്തിന് പരസ്യങ്ങൾ ലഭിക്കുന്ന സാഹചര്യവും ഉണ്ടായി.റേഡിയോ നിലയങ്ങൾക്ക് പരസ്യങ്ങൾ വഴി വലിയ സാമ്പത്തിക വരുമാനം ലഭിച്ചു തുടങ്ങിയിരുന്നു.

റേഡിയോ ഉണ്ടായിരുന്ന വീടുകളിൽ വാർത്തയും ചലച്ചിത്രഗാനങ്ങളും കേൾക്കാൻ അയൽവാസികൾ ഒത്തു കൂടിയിരുന്ന കാലം. ഒന്നോ രണ്ടോ സ്റ്റേഷനുകളിൽ നിന്നുള്ള സംപ്രേഷണം മാത്രം ലഭിക്കും.ചിലപ്പോൾ ശക്തമായ മഴയോ മറ്റോ വന്നാൽ സംപ്രേഷണം മുടങ്ങുകയും ചെയ്യും. ഇന്ന് ഉള്ളംകൈയിൽ ഒതുങ്ങുന്ന മൊബൈൽ ഫോണിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും എണ്ണമറ്റ റേഡിയോ-ടി.വി. ചാനലുകൾ ലഭിക്കുമ്പോൾ,ഒരു റേഡിയോ സ്റ്റേഷൻ സംപ്രേഷണം കിട്ടുന്നതിനു ഫീസടച്ചിരുന്നൊരു തലമുറ ഇവിടെ ഉണ്ടായിരുന്നു എന്നോർക്കണം.

