ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ഒന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്രൈസ്തവസഭയുടെ ചരിത്രം ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള അധ്യായങ്ങളിലൊന്നാണ്. ആദ്യകാലത്ത് റോമന്‍ സാമ്രാജ്യത്തില്‍ കടുത്ത മതപീഡനങ്ങള്‍ നേരിട്ട ക്രൈസ്തവര്‍, ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ സാമ്രാജ്യത്തിന്റെ അംഗീകാരം നേടിയെടുക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. മതപരമായ ദൗത്യം, രാഷ്ട്രീയ ശക്തി, സാംസ്കാരിക സ്വാധീനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, കോളനിവത്കരണം എന്നിവയുമായി പല ഘട്ടങ്ങളിലും സഭയുടെ ചരിത്രം ബന്ധപ്പെട്ടുകിടക്കുന്നു.
നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവുണ്ടായതായി കഴിഞ്ഞ അധ്യായത്തില്‍ വ്യക്തമാക്കിയിരുന്നു. സിഇ 313-ല്‍ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തി പ്രഖ്യാപിച്ച മിലാന് ഉത്തരവിലൂടെ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം ലഭിച്ചു. തുടര്‍ന്ന് 325-ല്‍ നടന്ന ഒന്നാം നിക്ക കൗണ്‍സിലിലൂടെ സഭയുടെ വിശ്വാസപരമായ ഐക്യം ഉറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 380-ല്‍ തിയോഡീഷ്യസ് ഒന്നാമന് ക്രൈസ്തവമതത്തെ റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതോടെ സഭ ഒരു പീഡിത സമൂഹത്തില്‍ നിന്ന് സാമ്രാജ്യത്തിന്റെ കേന്ദ്രസ്ഥാപനമായി ഉയര്‍ന്നു.
സിഇ 476-ല്‍ പാശ്ചാത്യ റോമന്‍ സാമ്രാജ്യം തകര്‍ന്നപ്പോള്‍ യൂറോപ്പില്‍ രാഷ്ട്രീയ അസ്ഥിരത വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സഭ സാമൂഹികവും സാംസ്കാരികവുമായ നേതൃത്വ ചുമതല ഏറ്റെടുത്തു. ഈ കാലഘട്ടത്തില്‍ ലെയോ ഒന്നാമന്, ഗ്രിഗറി ഒന്നാമന് തുടങ്ങിയ പാപ്പമാര്‍ സഭയുടെ ഭരണഘടനയും ആത്മീയ നേതൃത്വവും ശക്തിപ്പെടുത്തി. ആശ്രമ പ്രസ്ഥാനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ യൂറോപ്പിലുടനീളം വ്യാപിച്ചു.
എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സഭയും രാജാധികാരവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. സിഇ 800-ല്‍ ചാര്ലമെന് രാജാവിനെ ലെയോ മൂന്നാമന് പാപ്പ, റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയായി കിരീടമണിയിച്ചു. ഇതോടെ യൂറോപ്പിന്റെ രാഷ്ട്രീയവും മതപരവുമായ ജീവിതത്തില്‍ സഭയ്ക്ക് വലിയ സ്വാധീനം ലഭിച്ചു. രാജാക്കന്മാരുടെ ഭരണത്തിന് മതപരമായ നിയമസാധുത നല്കുന്നതില് സഭ നിര്‍ണായക പങ്കുവഹിച്ചു.
പതിനൊന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവലോകം ഒരു വലിയ വിഭജനത്തിന് സാക്ഷിയായി. 1054-ല്‍ നടന്ന മഹാവിഭജനത്തിലൂടെ പാശ്ചാത്യ സഭയായ കത്തോലിക്ക സഭയും പൗരസ്ത്യ സഭയായ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇതോടെ ക്രൈസ്തവലോകം രണ്ട് പ്രധാന പാരമ്പര്യങ്ങളായി വിഭജിക്കപ്പെട്ടു.
അതേ കാലഘട്ടത്തില്‍ തന്നെ കുരിശുയുദ്ധങ്ങള്‍ ആരംഭിച്ചു. 1095-ല്‍ ഊര്‍ബന്‍ രണ്ടാമന് പാപ്പാ വിശുദ്ധനാടുകള്‍ തിരിച്ചുപിടിക്കാനുള്ള ആഹ്വാനം നടത്തി. തുടര്‍ന്ന് രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന കുരിശുയുദ്ധങ്ങള്‍ യൂറോപ്പിന്റെയും മധ്യപൂര്വദേശത്തിന്റെയും ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ചു. വ്യാപാരവും സംസ്കാരവും വളര്‍ന്നെങ്കിലും മതസംഘര്‍ഷങ്ങളും വൈരാഗ്യങ്ങളും വര്‍ധിക്കാന്‍ ഈ സംഭവങ്ങള്‍ കാരണമായി.
മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ സഭ നിരവധി പ്രതിസന്ധികളെ നേരിട്ടു. 1309 മുതല്‍ 1377 വരെ പാപ്പമാര്‍ ഫ്രാന്‍സിലെ അവിയോണ്‍ നഗരത്തില്‍ താമസിച്ച കാലം സഭയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. അവിയോണ്‍ പ്രവാസകാലമെന്നാണ് ഇതറിയപ്പെടുന്നത്. തുടര്‍ന്ന് ഉണ്ടായ പാശ്ചാത്യ വിഭജനകാലത്ത് ഒരേ സമയം ഒന്നിലധികം പാപ്പമാര്‍ പാപ്പാ സ്ഥാനത്തേക്ക് അവകാശവാദവുമായി രംഗത്തെത്തി.
പതിനാറാം നൂറ്റാണ്ടില്‍ ക്രൈസ്തവചരിത്രത്തിലെ മറ്റൊരു നിര്‍ണായക സംഭവമായ നവീകരണ പ്രസ്ഥാനം ആരംഭിച്ചു. 1517-ല്‍ മാര്ട്ടിന് യൂഥര് തന്റെ 95 തീസിസുകള്‍ പ്രസിദ്ധീകരിച്ചതോടെ കത്തോലിക്ക സഭയുടെ ചില ആചാരങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമായി. തുടര്‍ന്ന് ജോണ്‍ കാല്വിന്, ഹുള്ഡ്രിസ് സ്വിംഗ്ളി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രൊട്ടസ്റ്റന്റ് സഭകള്‍ രൂപം കൊണ്ടു. 1534-ല്‍ ഇംഗ്ലണ്ടിലെ ഹെന് റി എട്ടാമന് രാജാവ് കത്തോലിക്ക സഭയില്‍ നിന്ന് വേര്‍പിരിഞ്ഞ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചതും ഈ കാലഘട്ടത്തിലെ പ്രധാന സംഭവമാണ്.
നവീകരണ പ്രസ്ഥാനത്തോടുള്ള പ്രതികരണമായി കത്തോലിക്ക സഭ പ്രതിനവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1545 മുതല്‍ 1563 വരെ നടന്ന ട്രെന്‍ഡ് സൂനഹദോസ് സഭയുടെ ഉപദേശങ്ങളും ഭരണസംവിധാനവും പുനഃസംഘടിപ്പിച്ചു. ഈ കാലഘട്ടത്തില്‍ ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച സൊസൈറ്റി ഓഫ് ജീസസ് (ഈശോ സഭ) ലോകമെമ്പാടുമുള്ള മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്കി.
പതിനാറാം നൂറ്റാണ്ടുമുതല്‍ യൂറോപ്യന്‍ സമുദ്രയാത്രകളും കോളനിവത്കരണവും ശക്തമായതോടെ ക്രൈസ്തവമതം യൂറോപ്പിന് പുറത്തേക്കും വ്യാപിച്ചു. അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് ശക്തികള്‍ കടന്നുചെന്നപ്പോള്‍ മിഷനറിമാരും അവരോടൊപ്പം എത്തി. പലപ്പോഴും കോളനിവത്കരണവും മതപ്രചാരണവും പരസ്പരം ബന്ധപ്പെട്ടിരുന്നു. ചില സാഹചര്യങ്ങളില്‍ മതപ്രചാരണം സാമ്രാജ്യത്വ വ്യാപനത്തെ സഹായിച്ചപ്പോള്‍, ചില മിഷനറിമാര്‍ പ്രാദേശിക ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയ പങ്കുവഹിച്ചു.
ഇന്ത്യയില്‍ 1498-ല്‍ പോര്‍ച്ചുഗീസില്‍ നിന്ന് വാസ്കോ ഡ ഗാമ എത്തിയതോടെ യൂറോപ്യന്‍ സ്വാധീനം വര്‍ധിച്ചു. 1542-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇന്ത്യയിലെത്തി മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. എന്നാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, അതിനും മുമ്പ് തന്നെ സെന്റ് തോമസ് ക്രിസ്ത്യന്‍സ് എന്നറിയപ്പെട്ടിരുന്ന പുരാതന ക്രൈസ്തവ സമൂഹം നിലനിന്നിരുന്നു. അതിനാല്‍ ഇന്ത്യയിലെ ക്രൈസ്തവചരിത്രം യൂറോപ്യന്‍ മിഷന് പ്രവര്‍ത്തനങ്ങളേക്കാള്‍ പഴക്കമുള്ളതാണ്.

