സിന്, കലാച്ചി’ വിവാദവും കോപ്പിയടിയുടെ അതിരുകളും
ബിജോ സില്‍വേരി
ഒരു എഴുത്തുകാരന്റെ മനസ്സില്‍ എപ്പോഴോ തെളിയുന്ന ഒരു ആശയം മറ്റൊരാളുടെ മനസ്സിലും അതേ സമയത്ത് ജനിക്കാമോ? ഒരേ കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അനുഭവങ്ങള്‍ രണ്ട് സ്രഷ്ടാക്കളെ സമാനമായ കഥകളിലേക്ക് നയിക്കുമോ? അതോ സാഹിത്യത്തില്‍ കാണുന്ന ഇത്തരം സാമ്യങ്ങള്‍ പലപ്പോഴും ബോധപൂര്‍വമായ അനുകരണത്തിന്റെയോ മോഷണത്തിന്റെയോ ഫലമാണോ? മലയാള സാഹിത്യലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഈ ചോദ്യങ്ങളാണ്. ഹരിത സാവിത്രിയുടെ സിന് എന്ന നോവലും കെ.ആര്. മീരയുടെ കലാച്ചി എന്ന നോവലും തമ്മിലുള്ള സാമ്യങ്ങളെ ചൊല്ലിയുള്ള വിവാദം കേവലം രണ്ട് എഴുത്തുകാരുടെ അഭിപ്രായഭിന്നതയല്ല. മൗലികത, സൃഷ്ടിസ്വാതന്ത്ര്യം, സാഹിത്യധാര്മ്മികത, എഴുത്തുകാരന്റെ ഉത്തരവാദിത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളെ വീണ്ടും പൊതുചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് അത്.
സാഹിത്യചരിത്രത്തില്‍ വിവാദങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു നോവലിന്റെ ആശയവും കഥാപശ്ചാത്തലവും മറ്റൊരു നോവലില്‍ പുനരാവിഷ്കരിക്കപ്പെട്ടുവെന്ന ആരോപണം ഉയരുമ്പോള്‍ അത് വെറും സാഹിത്യചര്‍ച്ചയുടെ പരിധിയില്‍ നില്‍ക്കാറില്ല.
വിവാദത്തിന് തീ കൊളുത്തിയത് ഹരിത സാവിത്രിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. ”ലോകമെങ്ങുമുള്ള സാഹിത്യമോഷ്ടാക്കളുടെ ചില നീചതന്ത്രങ്ങള്‍” എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍, പേരെടുത്ത് പറയാതെയെങ്കിലും കെ.ആര്. മീരയുടെ കലാച്ചിയെ ലക്ഷ്യമിട്ടാണ് വിമര്‍ശനമെന്ന് വായനക്കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചര്‍ച്ചകള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു.
ഹരിതയുടെ ആരോപണം ലളിതമാണ്: തന്റെ സിന് എന്ന നോവലിന്റെ അടിസ്ഥാന ആശയവും കഥയുടെ കേന്ദ്രഘടനയും കലാച്ചിയില്‍ ആവര്ത്തിക്കപ്പെട്ടുവെന്നാണ് അവകാശവാദം. കലാച്ചി വായിച്ചപ്പോള്‍ താന്‍ ”ഞെട്ടിപ്പോയി” എന്നാണ് ഹരിത പറയുന്നത്. മറുവശത്ത് കെ.ആര്. മീര ആരോപണം നിഷേധിക്കുന്നു. കലാച്ചിയുടെ ആദ്യഭാഗങ്ങള്‍ 2020-ല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും 2025-ലാണ് അത് പുസ്തകരൂപത്തില്‍ വന്നതെന്നും അവര്‍ പറയുന്നു. അതിനാല്‍ സിന് പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ കലാച്ചിയുടെ ആശയം രൂപംകൊണ്ടിരുന്നുവെന്നാണ് മീരയുടെ നിലപാട്.
സാമ്യം എവിടെയാണ്?
വായനക്കാരും നിരൂപകരും ചൂണ്ടിക്കാണിക്കുന്ന പ്രധാന സാമ്യം രണ്ട് നോവലുകളുടെയും കേന്ദ്രപ്രമേയത്തിലാണ്. രണ്ടിലും ഒരു യുവതി തന്റെ കാമുകനെ തേടി വിദേശത്തെ സംഘര്‍ഷഭൂമിയിലേക്ക് യാത്രതിരിക്കുന്നു. വ്യക്തിപരമായ പ്രണയാന്വേഷണം യുദ്ധവും രാഷ്ട്രീയവും മനുഷ്യവേദനയും ചേര്‍ന്ന വലിയ പശ്ചാത്തലവുമായി ബന്ധിപ്പിക്കുന്ന കഥാസംവിധാനമാണ് ഇരുനോവലുകളിലുമുള്ളത്. എന്നാല്‍ പശ്ചാത്തലം വ്യത്യസ്തമാണ്. കലാച്ചി കസാഖിസ്ഥാനിലെ കലാച്ചി എന്ന സ്ഥലത്തെ ആസ്പദമാക്കുമ്പോള്‍, സിന് കുര്‍ദിഷ് മേഖലകളിലെ സംഘര്‍ഷങ്ങളെയാണ് പശ്ചാത്തലമാക്കുന്നത്. ഇതുകൊണ്ട് തന്നെ ചര്‍ച്ചയുടെ കേന്ദ്രചോദ്യം ഇതാണ്: ഒരു ആശയസാമ്യം മാത്രം മതിയോ കോപ്പിയടിയെന്ന് വിളിക്കാന്‍? അതോ സാഹിത്യത്തില്‍ സമാന ആശയങ്ങള്‍ സ്വതന്ത്രമായി ജനിക്കാമോ?
ഈ വിവാദത്തില്‍ പ്രധാനമായി ഉയരുന്നത് കാലക്രമത്തിന്റെ ചോദ്യമാണ്. സിന് പ്രസിദ്ധീകരിച്ചത് 2022-ല്‍. 2023-ല്‍ അതിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കലാച്ചി പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത് 2025-ല്‍. എന്നാല്‍ കെ.ആര്. മീരയുടെ വാദമനുസരിച്ച്, കലാച്ചിയുടെ ഉള്ളടക്കം 2020-ല്‍ തന്നെ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇതിനെ ഹരിത സാവിത്രി ചോദ്യം ചെയ്യുന്നു. അതിനൊപ്പം 2020-ല്‍ തന്നെ സിന് നോവലിന് അവതാരിക എഴുതാന്‍ എന്‍. എസ്. മാധവന് അയച്ച ഇ-മെയിലിന്റെ രേഖകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതായത്, ഇപ്പോഴത്തെ ചര്‍ച്ച വെറും സാഹിത്യസാമ്യത്തെക്കുറിച്ചല്ല; ആദ്യം ആരാണ് ഈ കഥാസങ്കല്‍പ്പം വികസിപ്പിച്ചത്? എന്ന ചോദ്യത്തെയും ചുറ്റിപ്പറ്റിയാണ്.
വിവാദം കൂടുതല്‍ ചൂടുപിടിപ്പിച്ചത് നിരൂപകന് പി.കെ. രാജശേഖരന്റെ ഇടപെടലാണ്. കെ.ആര്. മീരയുടെ നോവലിനെ മഹാത്മാ ഗാന്ധിയോടും ഹരിതയുടെ രചനയെ സ്ത്രീ പീഡനകേസില്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനോടും ഉപമിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ പ്രതികരണങ്ങള്‍ക്ക് വഴിവച്ചു. ഇതിനെതിരെ ഹരിത സാവിത്രി ശക്തമായി പ്രതികരിച്ചു. വിഷയത്തെ കുറിച്ച് അറിയുകപോലുമില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തിനെയും കടുത്തഭാഷയിലാണ് ഹരിത വിമര്‍ശിച്ചത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുള്ള വാക്പോര് കൂടുതല്‍ തലങ്ങളിലേക്ക് കടക്കുകയാണ്.
സാഹിത്യത്തിലെ കോപ്പിയടി
ബ്രിട്ടീഷ് സാഹിത്യനിരൂപകന്‍ ക്രിസ്റ്റഫര്‍ ബുക്കര്‍, ലോകസാഹിത്യത്തിലെ എല്ലാ കഥകളും ഏഴ് അടിസ്ഥാന ആശയങ്ങളിലേക്ക് ചുരുക്കാമെന്ന് വാദിക്കുന്നുണ്ട് ( ദി സെവന് ബേസിക് പ്ലോട്ട്സ്: വൈ വീ ടെല്‍ സ്റ്റോറീസ്). അതായത് പുതിയ കഥകള്‍ പൂര്‍ണമായും പുതിയ ആശയങ്ങളില്‍ നിന്നല്ല ജനിക്കുന്നത്; പഴയ കഥകളുടെ പുതിയ അവതരണങ്ങളാണ്. അതുകൊണ്ടുതന്നെ സാഹിത്യത്തില്‍ ”സാമ്യം” സ്വാഭാവികമാണ്. എന്നാല്‍ സാമ്യം കടന്ന് കഥാപാത്രങ്ങളുടെയും സംഭവക്രമത്തിന്റെയും പ്രതീകങ്ങളുടെയും ഭാഷയുടെയും തലത്തിലേക്ക് എത്തുമ്പോഴാണ് കോപ്പിയടിയുടെ സംശയം ശക്തമാകുന്നത്.സാഹിത്യത്തിലെ കോപ്പിയടി തെളിയിക്കുക അത്ര എളുപ്പമല്ല. ഒരു ആശയം ഒരാളുടെ മാത്രം സ്വകാര്യസ്വത്താകില്ലല്ലോ. പ്രണയം, യുദ്ധം, കുടിയേറ്റം, നഷ്ടം, പ്രതികാരം തുടങ്ങിയ ആയിരക്കണക്കിന് ആശയങ്ങള്‍ ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഇതിഹാസങ്ങളില്‍ നിന്നും ബൈബിളില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ധാരാളം കൃതികളുണ്ടായിട്ടുണ്ട്. പക്ഷേ, അവ മോഷണത്തിന്റെ പരിധിയില്‍ ആരും ഉള്‍പ്പെടുത്താറില്ല. പക്ഷേ, ആധുനിക സാഹിത്യത്തിലെ കൃതികള്‍ തമ്മില്‍ ചില ഘടകങ്ങള്‍ ഒരുപോലെ വന്നാല്‍ സംശയം ശക്തമാകും: കഥയുടെ അടിസ്ഥാന ഘടന, കഥാപാത്രങ്ങളുടെ രൂപകല്പന, സംഭവങ്ങളുടെ ക്രമം, സംഭാഷണങ്ങളിലെ സാമ്യം, പ്രത്യേക പ്രതീകങ്ങളും രൂപകങ്ങളും. അതിനാല്‍ ഒരു സാഹിത്യകൃതി മറ്റൊന്നിന്റെ ”പ്രചോദനം” ആണോ ”പുനരാവിഷ്കാരം” ആണോ ”മോഷണം” ആണോ എന്നൊക്കെ നിര്‍ണ്ണയിക്കുന്നത് വളരെ സങ്കീര്‍ണമായ കാര്യമാണ്.
സാഹിത്യലോകത്താണെങ്കില് ഇത്തരം വിവാദങ്ങള്‍ പുതുമയുമല്ല. മലയാള സാഹിത്യത്തിലും ഇടയ്ക്കിടെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചിലപ്പോള്‍ വിദേശകൃതികളുടെ അനുകരണത്തെക്കുറിച്ചും ചിലപ്പോള്‍ വിവര്‍ത്തനത്തെ സ്വതന്ത്രരചനയായി അവതരിപ്പിച്ചതിനെക്കുറിച്ചുമാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്. കവിതകളും നോവലുകളും ലേഖനങ്ങളുമെല്ലാം ഇത്തരം ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം സംഭവങ്ങളിലും വ്യക്തമായ നിയമനടപടികളേക്കാള് സാഹിത്യസമൂഹത്തിലെ ചര്‍ച്ചകളാണ് നിര്‍ണായകമായത്. വൈക്കം മുഹമ്മദ് ബഷീറും ഒ.വി. വിജയനും പെരുമ്പടവം ശ്രീധരനും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊക്കെ ഈ മോഷണ വിവാദത്തിന്റെ ചൂടറിഞ്ഞവരാണ്. ‘ഇന്ദുലേഖയും’ ‘മാര്‍ത്താണ്ഡവര്‍മയും’ ഇതേ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യലോകത്തിന് നാണക്കേടുണ്ടാക്കിയ ഒരു സാഹിത്യചോരണ വിവാദവും ഉണ്ടായിട്ടുണ്ട്. 2006-ല്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ എഴുത്തുകാരി കാവ്യ വിശ്വനാഥന്റെ ‘ഹൗ ഓപ്പല്‍ മേത്ത ഗോട്ട് കിസ്ഡ്, ഗോട്ട് വൈല്‍ഡ്, ആന്‍ഡ് ഗോട്ട് എ ലൈഫ്’ എന്ന നോവലില്‍, നിരവധി ഭാഗങ്ങള്‍ മറ്റെഴുത്തുകാരുടെ കൃതികളില്‍ നിന്ന് പകര്‍ത്തിയതായി കണ്ടെത്തി. പ്രസാധകര്‍ക്ക് പുസ്തകം പിന്‍വലിക്കേണ്ടിവന്നു. ഇത് ആധുനിക പ്രസാധനലോകത്തെ ഏറ്റവും വലിയ സാഹിത്യമോഷണ വിവാദങ്ങളിലൊന്നായി മാറി. ക്രൈസ്തവവിശ്വാസ ലോകത്തെ പിടിച്ചുകുലുക്കിയ ഡാണ് ബ്രൗണിന്റെ ദി ഡാവിഞ്ചി കോഡും മോഷണ വിവാദത്തില്‍ പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ ചരിത്രത്തിന്റെ പ്രതീകാത്മക കൃതിയായി കണക്കാക്കപ്പെടുന്ന ‘റൂട്ട്സ്’ പോലും വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെട്ടില്ല. എഴുത്തുകാരന് അലക്സ് ഹേലിക്കെതിരെ മറ്റൊരു എഴുത്തുകാരന് കോപ്പിയടി കേസ് കൊടുത്തു. അദ്ഭുതപ്രതിഭയായ ഹെലന് കെല്ലര്‍ പോലും ബാല്യത്തില്‍ ഒരു കഥ എഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ മറ്റൊരു കഥയുമായി അതിന് സാമ്യമുണ്ടെന്ന ആരോപണം നേരിട്ടിട്ടുണ്ട്. ഇവിടെ നിന്നാണ് ”ക്രിപ്റ്റോമ്നീഷ്യ” എന്ന മനഃശാസ്ത്രപരമായ ആശയം ചര്‍ച്ചയായതെന്നും പറയപ്പെടുന്നു. മുമ്പ് കേട്ടതോ വായിച്ചതോ ആയ സംഭവങ്ങള്‍-കഥകള്‍ സ്വന്തം ആശയമാണെന്ന് അബോധപൂര്‍വം കരുതുന്ന അവസ്ഥ.
സ്വാധീനവും മോഷണവും തമ്മില്‍ സൂക്ഷ്മമായ ഒരു രേഖയുണ്ട്. ആ രേഖ എവിടെയാണ് എന്നത് ഓരോ വിവാദത്തിലും പ്രത്യേകം പരിശോധിക്കേണ്ട വിഷയമാണ്. മുമ്പ് ഇത്തരം വിവാദങ്ങള്‍ സാഹിത്യസമ്മേളനങ്ങളിലോ മാസികകളിലോ മാത്രം ഒതുങ്ങുമായിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങള്‍ അതിന്റെ സ്വഭാവം മാറ്റിയിരിക്കുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നു. കൃതികള്‍ മുഴുവന്‍ വായിക്കാത്തവരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. അഭിപ്രായങ്ങള്‍ പലപ്പോഴും തെളിവുകളെക്കാള്‍ വേഗത്തില്‍ പ്രചരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹിത്യവിവാദങ്ങള് ഒരു ”ഡിജിറ്റല്‍ വിചാരണ”യുടെ രൂപമാണ് കൈക്കൊള്ളുന്നത്.
സിന് – കലാച്ചി വിവാദത്തില്‍ ആരാണ് ശരി, ആരാണ് തെറ്റ് എന്നതിന് ഇപ്പോള്‍ വ്യക്തമായ ഉത്തരമില്ല. രണ്ട് കൃതികളുടെയും സമഗ്രമായ താരതമ്യപഠനവും പ്രസിദ്ധീകരണങ്ങളുടെ കൃത്യമായ കാലക്രമവും പരിശോധിക്കാതെ അന്തിമനിഗമനത്തിലെത്താനാകില്ല. സാഹിത്യത്തിന്റെ ചരിത്രം കാണിക്കുന്നത് ഒരേ കാലഘട്ടത്തില്‍ ഒരേ ആശയങ്ങള്‍ പല എഴുത്തുകാരുടെയും മനസ്സില്‍ സ്വതന്ത്രമായി ഉദിക്കാമെന്നാണ്. അതേസമയം, മറ്റൊരാളുടെ സൃഷ്ടിയെ സ്വന്തം പേരില്‍ അവതരിപ്പിക്കുന്നത് സാഹിത്യധാര്മ്മികതയ്ക്കെതിരായ കുറ്റവുമാണ്.
അതിനാല്‍ സിന്നും കലാച്ചിയും സംബന്ധിച്ച ഇപ്പോഴത്തെ തര്‍ക്കം രണ്ട് എഴുത്തുകാരുടെ വ്യക്തിപരമായ വാക്പോരായി മാത്രം കാണാനാവില്ല. മൗലികത, സൃഷ്ടിസ്വാതന്ത്ര്യം, സാഹിത്യധാര്മ്മികത എന്നിവയെക്കുറിച്ചുള്ള ഒരു വലിയ ചര്‍ച്ചയ്ക്ക് അത് വഴിതുറക്കുകയാണ്. അതുകൊണ്ടുതന്നെ ഈ വിവാദത്തിന്റെ യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍ കോടതികളല്ല, വായനക്കാരായിരിക്കും. കാരണം, സാഹിത്യം നിയമത്തിന്റെ മാത്രം വിഷയമല്ല; അത് വിശ്വാസത്തിന്റെ വിഷയവുമാണ്. ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ അല്ലെങ്കില്‍ അവളുടെ മൗലികതയാണല്ലോ.

