വത്തിക്കാൻ സിറ്റി: യേശുക്രിസ്തുവിൽ എല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാനും ദൈവരാജ്യത്തിന്റെ നിധി കണ്ടെത്തി അതനുസരിച്ച് ജീവിക്കാനുമാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
റോമിന് സമീപമുള്ള കാസ്തെൽ ഗന്തോൾഫോയിലെ വേനൽക്കാല വസതിയിൽ നിന്ന് ജൂലൈ 26-ന് ലിബർട്ടി ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥന നയിച്ചശേഷം നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.ഞായറാഴ്ചയിലെ സുവിശേഷ ഭാഗമായ മത്തായി 13:44-52 പരാമർശിച്ച പാപ്പാ, ദൈവരാജ്യത്തെ യേശു നിധിയോടും അമൂല്യ രത്നത്തോടും ഉപമിക്കുന്നതിന്റെ അർഥം വിശദീകരിച്ചു. അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ നിധി സ്വന്തമാക്കാൻ എല്ലാം ഉപേക്ഷിക്കുന്നത് നഷ്ടമല്ല, മറിച്ച് യഥാർഥ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.യേശുവിന്റെ അനുഗമനത്തിനുള്ള ക്ഷണം സ്വതന്ത്രമായ തീരുമാനമാണെങ്കിലും അതിന് അടിയന്തരമായ പ്രതികരണം ആവശ്യമാണ്.
ദൈവം മനുഷ്യനോട് അടുത്തിരിക്കുന്നുവെന്നും അവിടുത്തെ കണ്ടെത്തുന്നത് ജീവിതത്തെ ചുരുക്കുകയല്ല, മറിച്ച് കൂടുതൽ വിശാലമാക്കുകയാണെന്നും പാപ്പാ ഓർമിപ്പിച്ചു.ജീവിതത്തിൽ ക്രിസ്തുവിനുവേണ്ടി ഉണ്ടാകുന്ന മാറ്റങ്ങൾ നഷ്ടങ്ങളല്ലെന്നും, മറിച്ച് കൂടുതൽ പ്രത്യാശയിലേക്കും സാധ്യതകളിലേക്കും നയിക്കുന്ന ആത്മീയ വളർച്ചയുടെ അടയാളമാണെന്നും പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. യേശുക്രിസ്തുവിലുള്ള ഐക്യബോധം വളർത്തി ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ സാക്ഷ്യപ്പെടുത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

