തിരുവനന്തപുരം : ലത്തീൻ സഭയുമായി ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലത്തെ സഭാ ആസ്ഥാനത്തെത്തിയ മന്ത്രിയെ സഭാ അധികൃതർ സ്വീകരിച്ചു. ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമാണെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടിസ്വീകരിക്കും. മഴക്കാലത്തിനു മുമ്പ് ഇതിനു പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.പൊഴിയുരിൽ തകർന്ന റോഡ് പുനർ നിർമ്മിക്കണമെന്നും സ്ഥലം ജില്ലാ കളക്ടർ സന്ദർശിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ വേണ്ട പ്രാതിനിത്യം ലഭിക്കാത്തതിലുള്ള ആശങ്കയും സഭ മന്ത്രിയെ അറിയിച്ചു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിൽ സഭ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

