തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വയോജന വകുപ്പ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്.
വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ തയാറാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫ് നൽകിയ വാഗ്ദാനമായിരുന്നു വയോജന വകുപ്പ്. പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും, വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു.

