കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ പുസ്തക മേള വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു . എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ ആരംഭിച്ച 5 ദിവസത്തെ ക്രിസ്റ്റോഗ്രാഫ ബുക്ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.
സുപ്രസിദ്ധ ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യ അതിഥിയായിരുന്നു. മുൻ എംപി ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീജിത്ത് മാന്നാനം രചിച്ച ത്രിഭാഷാ ബൈബിൾ ചിത്രകഥ ഡോ. മോളി ഫെലിക്സിന് നൽകിക്കൊണ്ട് ബിഷപ് പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റം, സെൻ്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ ടെസ സി എസ് എസ് ടി
വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, കെഎൽസി എച്ച്എ വൈസ് പ്രസിഡൻ്റ് പ്രൊഫ.ഇഗ്നേഷ്യസ് ഗോൺസാൽവസ്, ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ, കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് 6-ന് ‘ഫ്രാൻസിസ് അസ്സീസ്സിയുടെ പുണ്യവഴികൾ’ എന്ന വിഷയത്തിൽ തിയോഫിനച്ചൻ്റെ നാമകരണത്തിൻ്റെ പോസ്റ്റുലേറ്റർ ഫാ.റോബിൻ ഡാനിയൽ OFM CAP. പ്രഭാഷണം നടത്തി. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ജോൺ ബോസ്കോ അധ്യക്ഷനായിരുന്നു. ആൻ്റണി ലൂയീസ്, നെൽസൺ എട്ടുരുത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജോൺ ഫെർണാണ്ടസ് രചിച്ച് മീന രാജ് സംവിധാനം ചെയ്ത് കൊച്ചി ഐ ടി സ്മാരകവേദി അവതരിപ്പിക്കുന്ന ആനുകാലിക ലഘു നാടകം ‘മത്തായിയുടെ മരണം’ അരങ്ങേറി.
ദിവസവും രാവിലെ 10.30മുതൽ രാത്രി 8മണിവരെ നടത്തപ്പെടുന്ന പുസ്തകോ ത്സവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ ക്രൈസ്തവ മൂല്യമുള്ള അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കും സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് (മെയ് 21-ന്) വൈകിട്ട് 4-ന് ഡോ.സിസ്റ്റർ സൂസി കിണറ്റിങ്കൽ രചിച്ച ‘True Architects of Renaissance in Kerala’ എന്ന ചരിത്ര പുസ്തകം ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കരയ്ക്ക് നൽകിക്കൊണ്ട് ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി പ്രകാശനം ചെയ്യും. ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി ആശംസകൾ നേരും. വൈകിട്ട് ആറിന് നടക്കുന്ന പുസ്തകം, വായന, കൂട്ട് എന്ന സർഗസംവാദത്തിൽ ഫാ. വിൻസൻ്റ് വാരിയത്ത്, ഫാ. കപ്പിസ്റ്റാൻ ലോപ്പസ്, ഫാ. ഷിൻ്റോ നിലാക്കീറ് എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് ഫാ. ജോസഫ് തട്ടാരശ്ശേരി ആൻഡ് ടീം അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ.
മെയ് 22 വൈകിട്ട് ആറിന് ‘മലയാളഭാഷയും സാഹിത്യവും: ക്രൈസ്തവ സംഭാവനകൾ’ സർഗ്ഗസംവാദത്തിൽ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഫാ. ഗാസ്പർ കടവിപ്പറമ്പിൽ, ഫാ. ജോർജ് തേനാടിക്കുളം എസ് ജെ എന്നിവർ പങ്കെടുക്കും. മോൺ. റോക്കി റോബി കളത്തിൽ മോഡറേറ്റർ ആയിരിക്കും. വൈകിട്ട് 7 30ന് കേരള ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ നിർമ്മിച്ച ‘അർണോസ് പാതിരി’ ഡോക്യുമെൻററി പ്രദർശനം അരങ്ങേറും. ഷൈജു കേളന്തറ ആശംസകൾ നേരും.
മെയ് 23 ശനി വൈകിട്ട് 7.45-ന് മുണ്ടംവേലി സെൻറ് ജേക്കബ് പരിചമുട്ടുകളി സംഘം അവതരിപ്പിക്കുന്ന പരിചമുട്ടുകളി അരങ്ങേറും. ക്രിസ്റ്റഫർ മാളിയേക്കൽ ആമുഖപ്രഭാഷണം നടത്തും. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ ആശംസകൾ നേരും.
സമാപന ദിവസമായ മെയ് 24-നു ഞായർ ഉച്ചയ്ക്ക് 2 30-ന് കെഎൽസിഎ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ചവിട്ടു നാടക സെമിനാർ ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. കെഎൽസിഎച്ച്എ പ്രസിഡൻറ് ഡോ. ചാൾസ് ഡയസ് ആശംസകൾ നേരും. പത്രപ്രവർത്തകനായ ജിജോ ജോൺ പുത്തേഴത്ത് മോഡറേറ്റർ ആയിരിക്കും. കേളി രാമചന്ദ്രൻ, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാർഥി ശ്രേയ പാർവതി എന്നിവർ വിഷയം അവതരിപ്പിക്കും. വൈകിട്ട് 6 30-ന് സമാപന സമ്മേളനം കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറിപ്പശ്ശേരി ഉദ്ഘാടനം ചെയ്യും. സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി റവ.ഡോ. പീറ്റർ കൊച്ചുവീട്ടിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, സെൻ്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസ് മാനേജർ ഡോ. ആൻറണി തോപ്പിൽ, ഡോ.ചാൾസ് ഡയസ്, ഡോ.ഗ്രിഗറി പോൾ എന്നിവർ സംസാരിക്കും. തുടർന്ന് കൊച്ചിൻ സിഎസി അവതരിപ്പിക്കുന്ന ക്രൈസ്തവഗാനാഞ്ജലിയോടെ പുസ്തകോത്സവത്തിന് തിരശ്ശീല വീഴുമെന്ന് ഡയറക്ടർ മോൺ.റോക്കി റോബി കളത്തിൽ, പ്രസിഡൻ്റ് ഡോ.ചാൾസ് ഡയസ്, ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ, പബ്ലിസിറ്റി കൺവീനർ സിബി ജോയ് എന്നിവർ അറിയിച്ചു.
ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂർ ഉൾപ്പെടെ നിരവധി പ്രസാദകരുടെ പുസ്തകങ്ങൾ മേളയിലുണ്ട്. പുരാതന ഹീബ്രു ബൈബിൾ, സിറിയൻ ലിറ്റർജിക്കൽ പുസ്തകം , സത്യവേദചരിത്രം, തുടങ്ങിയ 50 ഓളം പുരാതന ഗ്രന്ഥങ്ങൾ പ്രദർശനം സന്ദർശിക്കുന്നവർക്ക് കാണാൻ സാധിക്കും.

