ശരത് വെണ്‍പാല
അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍. മുക്കാലി ഒടിഞ്ഞുവീഴാന്‍ സമയമായിരിക്കുന്നു. മുന്നണി എന്ന സുരക്ഷിത കവചത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ, ഓരോ പാര്‍ട്ടിയും തങ്ങളുടെ കരുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് തെളിയിക്കട്ടെ.
മുന്മൊഴി
സഹ്യന്റെ തലപ്പൊക്കവും സമുദ്രത്തിന്റെ ആഴവും ഒരു ജനതയ്ക്കു സ്വന്തമായ കേരളത്തിന്റെ മണ്ണില്‍, ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം കാത്തിരിക്കുന്ന കാലം. 2026-ലെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പലവിധ ഊഹങ്ങള്‍ പങ്കുവെക്കുന്നുണ്ട്. മെയ് 4-ന് വോട്ടെണ്ണുമ്പോള്‍ കേരളം എങ്ങോട്ട് തിരിയുമെന്ന് പ്രവചനാതീതമാണ്.
ഭരണത്തുടര്‍ച്ചയുടെ സാധ്യത: എല്‍.ഡി.എഫ് മൂന്നാം ഊഴം പ്രതീക്ഷിക്കുമ്പോഴും ഭരണവിരുദ്ധ വികാരം വലിയ വെല്ലുവിളിയാണ്.
തിരിച്ചുപിടിക്കല്‍: യു.ഡി.എഫ് തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ സംരക്ഷിച്ചാല്‍ ഭരണം തിരിച്ചുപിടിക്കാമെന്ന് കണക്കുകൂട്ടുന്നു.
മൂന്നാം ശക്തി: എന്‍.ഡി.എ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നത് ആരെ ബാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ സീറ്റ് നില.
സംസ്ഥാനത്തെ ശരാശരി പോളിംഗ് 78.23% ആണ്. വടക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് വലിയ അട്ടിമറികള്‍ക്കോ അല്ലെങ്കില്‍ ശക്തമായ ഭരണത്തുടര്‍ച്ചയ്ക്കോ സൂചന നല്കുന്നു.
”രാഷ്ട്രീയമോ ””മത-സാമുദായികമോ”?
എഴുത്തുകാരന് എന്‍.എസ്. മാധവനെപ്പോലുള്ള നിരീക്ഷകര്‍ എല്‍.ഡി.എഫ് 75 സീറ്റും യു.ഡി.എഫ് 65 സീറ്റും നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ പല മണ്ഡലങ്ങളിലും വോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം വളരെ കുറവായതിനാല്‍ ഫലം അപ്രതീക്ഷിതമാകാന്‍ സാധ്യതയുണ്ട്.
സര്‍വേ ഫലങ്ങളുടെ ഊഹകണക്കുകള്‍ പ്രകാരം യു.ഡി.എഫ് എന്ന ഐക്യമുന്നണി 70 മുതല്‍ 78 വരെ സീറ്റുകളും എല്‍ഡിഎഫ് എന്ന ഇടതു മുന്നണിക്ക് 62 മുതല്‍ 70 വരെ സീറ്റുകളും എന്‍ഡിഎ എന്ന മൂന്നാം സഖ്യത്തിനു 3 സീറ്റുകളും സ്വന്തമാക്കും എന്നാണ് പറയപ്പെടുന്നത് തിരഞ്ഞെടുപ്പ് ഫലം കേവലം ഒരു മുന്നണിയുടെ വിജയമോ പരാജയമോ മാത്രമല്ല, മറിച്ച് താഴെ പറയുന്നവയുടെ അളവുകോല്‍ കൂടിയാണ്:
വോട്ട് ബാങ്കുകളുടെ പ്രസക്തി: സാമുദായിക ധ്രുവീകരണം വോട്ടായി മാറിയോ എന്ന് ഫലം വ്യക്തമാക്കും.
ജനകീയ വികാരം: വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണോ അതോ വൈകാരിക വിഷയങ്ങളാണോ ജനങ്ങളെ സ്വാധീനിച്ചതെന്ന് തിരിച്ചറിയാം.
മൂന്നാം ബദല്‍: പരമ്പരാഗത മുന്നണികളെ മറികടന്ന് ഒരു മൂന്നാം ശക്തി കേരളത്തില്‍ എത്രത്തോളം വേരോടി എന്ന് ഫലം തെളിയിക്കും. 2026 തിരഞ്ഞെടുപ്പിനെ ”രാഷ്ട്രീയം ‘ എന്നതിനേക്കാള്‍ ”മത-സമുദായികം ‘ എന്ന കള്ളി യിലാണ് ചേര്‍ത്ത് വക്കേണ്ടത്
ചുരുക്കത്തില്‍, ഫലം എന്തുതന്നെയായാലും അത് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഭാവിയെയും, ജനാധിപത്യം എത്രത്തോളം ‘അട്ടിമറിക്കപ്പെടാതെ’ നില്ക്കുന്നു എന്നതിനെയും നിര്‍ണ്ണയിക്കുന്ന ഒന്നായിരിക്കും
പാഠം ഒന്ന്: ഒരു ഗതികേട്
കേരളത്തില്‍ മുന്നണി രാഷ്ട്രീയം പിറവിയെടുത്തത് ഗതികേടുകളില്‍ നിന്നായിരുന്നു. 1957-ല്‍ ഇ.എം.എസ്. നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നുവെങ്കിലും, ‘വിമോചന സമര’ത്തിലൂടെ (1958 – 59) ആ സര്‍ക്കാരിനെ അട്ടിമറിച്ചത് ചരിത്രം. കോണ്‍ഗ്രസ്, പി.എസ്.പി, മുസ്ലിം ലീഗ് എന്നിവരും എന്‍.എസ്.എസ്, സഭകള്‍ തുടങ്ങിയ സാമുദായിക സംഘടനകളും ഒന്നിച്ചണിനിരന്ന ആ സമരം, പില്ക്കാല കേരള രാഷ്ട്രീയത്തിലെ ‘മുന്നണി തന്ത്രത്തിന്റെ’ ആദ്യ പാഠമായിരുന്നു.
ഐക്യമുന്നണി പരീക്ഷണം:
1960-ല്‍ കോണ്‍ഗ്രസ്, പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി , മുസ്ലിം ലീഗ് എന്നിവര്‍ ചേര്‍ന്ന ആദ്യത്തെ സഖ്യം അധികാരത്തിലെത്തി.
സപ്തകക്ഷി മുന്നണി
1967-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ്. സര്‍ക്കാരിനെയാണ് ‘സപ്തകക്ഷി മുന്നണി’ എന്ന് വിളിക്കുന്നത്. കോണ്‍ഗ്രസിതര രാഷ്ട്രീയത്തിന്റെ വലിയ പരീക്ഷണമായിരുന്നു ഈ സഖ്യം.
ഈ മുന്നണിയിലുണ്ടായിരുന്ന ഏഴ് ഘടകകക്ഷികള്‍ -സി.പി.ഐ (എം) : മുന്നണിയിലെ ഏറ്റവും വലിയ കക്ഷി,
സി.പി.ഐ : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം രണ്ടു പാര്‍ട്ടികളും ഒന്നിച്ചു മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്, മുസ്ലിം ലീഗ് ആദ്യമായി കേരളത്തില്‍ ഭരണത്തില്‍ പങ്കാളികളായി, എസ്.എസ്.പി – (സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ): സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടി, ആര്.എസ്.പി – (റെവല്യൂഷണറി സോഷ്യാലിസ്റ്റ്പാര്ട്ടി ): ഇടത് പക്ഷത്തുള്ള മറ്റൊരു പ്രധാന കക്ഷി, കെ.എസ്.പി – (കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി ): ചെറിയ സോഷ്യലിസ്റ്റ് ഗ്രൂപ്പ്.
കെ.ടി.പി – (കര്‍ഷക തൊഴിലാളി പാര്‍ട്ടി ): ഫാദര്‍ വടക്കന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി.
ഈ സപ്തകക്ഷി മുന്നണിയാണ് കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ പാകിയത്.അധികകാലം ഈ സഖ്യം മുന്നോട്ട് പോയില്ല.
1969-ല്‍ ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് സി.പി.ഐ (എം) പുറത്തുപോവുകയും, സി.പി.ഐയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗും ആര്.എസ്.പിയും ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്റെ കീഴില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇതോടെയാണ് കേരളത്തിലെ മുന്നണി സമവാക്യങ്ങള്‍ മാറിമറിഞ്ഞു അധികാരം നിലനിര്‍ത്താന്‍ വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍ പോലും ഒന്നിക്കുമെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഈ മുന്നണി.
നാറാണത്തിന്റെ മന്ത്
എണ്‍പതുകള്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് എന്നീ രണ്ട് ശാശ്വത മുന്നണികള്‍ രൂപപ്പെടുന്നത്. ഇത് കേരളത്തിന് രാഷ്ട്രീയ സ്ഥിരത നല്‍കിയെങ്കിലും, ജനാധിപത്യത്തെ വെറും ‘അധികാരക്കൈമാറ്റമായി’ മാറ്റിത്തീര്‍ത്തു.
ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റി വന്ന പതിവ് 2021 ലെ ഭരണത്തുടര്‍ച്ചയോടെ എല്‍ഡിഎഫ് ന്റെ കാലില്‍ തന്നെ ആ മന്ത് ഉറപ്പിച്ചു
മുക്കാലിയില്‍ തൂക്കിയ രാഷ്ട്രീയം
കേരളത്തിന്റെ മണ്ണില്‍ പ്രവേശനം ഇല്ലാതിരുന്ന എന്‍ഡിഎ മുന്നണി കൂടി കടന്നു വന്നതോടെ മുന്നണി ഭരണം എന്ന മുക്കാലി പൊളിറ്റിക്സ് ശക്തമായി
നിലവില്‍ കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് മുന്നണികളിലും അണിനിരന്നിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ താഴെ പറയുന്നവയാണ്. 2026-ലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ഈ പാര്‍ട്ടികളാണ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്:
- എല്‍.ഡി.എഫ് ഇടതുപക്ഷ ജനാധിപത്യ മുന്നണി)
സി.പി.ഐ (എം) നേതൃത്വം നല്കുന്ന ഈ മുന്നണിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഘടകകക്ഷികളുള്ളത്.
- സി.പി.ഐ (എം)
- സി.പി.ഐ
- കേരള കോണ്‍ഗ്രസ് (എം) (ജോസ് കെ. മാണി വിഭാഗം)
- ജനതാദള്‍ (സെക്കുലര്‍)
- എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)
- ആര്.എസ്.പി (ലെനിനിസ്റ്റ്)
- ഐ.എന്‍.എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്)
- ജനാധിപത്യ കേരള കോണ്‍ഗ്രസ്
- കോണ്‍ഗ്രസ് (എസ്)
- കേരള കോണ്‍ഗ്രസ് (ബി) (ഗണേഷ് കുമാര്‍ വിഭാഗം)
- യു.ഡി.എഫ് ( ഐക്യ ജനാധിപത്യ മുന്നണി)
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഈ മുന്നണി ഇപ്പോള്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷ ചേരിയാണ്.
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
- മുസ്ലിം ലീഗ്
- കേരള കോണ്‍ഗ്രസ് (പി.ജെ. ജോസഫ് വിഭാഗം)
- ആര്.എസ്.പി (റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി)
- ഫോര്‍വേഡ് ബ്ലോക്ക്
- സി.എം.പി (സി.പി. ജോണ്‍ വിഭാഗം)
- കേരള കോണ്‍ഗ്രസ് (ജേക്കബ്) (അനൂപ് ജേക്കബ് വിഭാഗം)
- എന്‍.ഡി.എ ( നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്)
ബി.ജെ.പി നേതൃത്വം നല്കുന്ന ഈ മുന്നണി മൂന്നാം ശക്തിയായി നിലകൊള്ളുന്നു.
- ബി.ജെ.പി (ഭാരതീയ ജനതാ പാര്‍ട്ടി)
- ഭാരത് ധര്‍മ്മ ജനസേന (തുഷാര്‍ വെള്ളാപ്പള്ളി വിഭാഗം)
- രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി
- ട്വന്റി ട്വന്റി.
‘ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഒരിക്കല്‍ പറഞ്ഞു: ‘മുന്നണി ഭരണം വിട്ടുവീഴ്ചകളുടെ കലയാണ്, പക്ഷേ അത് രാജ്യതാല്‍പ്പര്യത്തെ ബലികൊടുത്താവരുത്.’ എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ഈ ‘വിട്ടുവീഴ്ചകള്‍’ വെറും അധികാരക്കച്ചവടമായി പരിണമിച്ചിരിക്കുന്നു. ഓരോ ഘടകകക്ഷിയെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി നയങ്ങള്‍ തിരുത്തപ്പെടുമ്പോള്‍, ബലികൊടുക്കപ്പെടുന്നത് സാധാരണക്കാരന്റെ പ്രതീക്ഷകളും ജനാധിപത്യത്തിന്റെ അന്തസ്സുമാണ്. ഇവിടെയാണ് ഒരു പാര്‍ട്ടിയുടെ വ്യക്തമായ ഭൂരിപക്ഷവും നട്ടെല്ലുള്ള ഭരണവും അനിവാര്യമാകുന്നത്.’
മുന്നണി ഭരണം: ജനാധിപത്യത്തെ തളയ്ക്കുന്ന മുക്കാലി
ആദര്‍ശം v/s അധികാരം: അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രം തത്വങ്ങള്‍ മാറ്റിവെക്കുന്നത് മുന്നണി ഭരണത്തിന്റെ ശാപമാണ്. വാജ്പേയി ഉയര്‍ത്തിപ്പിടിച്ച ‘രാജ്യതാല്‍പ്പര്യം’ എന്ന മാനദണ്ഡം പലപ്പോഴും ഇന്നത്തെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ അപ്രത്യക്ഷമാകുന്നു.
മുന്നണി സംവിധാനം ഇന്ന് കേരളത്തില്‍ ജനാധിപത്യത്തെ മൂന്ന് തലങ്ങളിലായി അട്ടിമറിക്കുന്നു:
ജനാധിപത്യത്തിന്റെ അട്ടിമറിയും ബ്ലാക്ക് മെയിലിംഗും:
ജനങ്ങള്‍ വോട്ട് ചെയ്യുന്നത് ഒരു പാര്‍ട്ടിയുടെ പ്രകടനപത്രിക കണ്ടാണ്. എന്നാല്‍ ഭരണത്തിലേറി കഴിയുമ്പോള്‍ ചെറിയ ഘടകകക്ഷികള്‍ വലിയ മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. തങ്ങളുടെ അന്യായമായ ആവശ്യങ്ങള്‍ നടന്നില്ലെങ്കില്‍ ഭരണത്തെ താഴെയിറക്കുമെന്ന ഭീഷണി ജനവിധിയോടുള്ള പച്ചയായ വെല്ലുവിളിയാണ്. അഞ്ചാം മന്ത്രി വിവാദം നാം കണ്ടതാണ്. മുന്‍പു യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ മന്ത്രി കെ.എം മാണിയെ രാജി വയ്പ്പിക്കാന്‍ സെക്രട്ടറിയേറ്റ് വളഞ്ഞു പിന്നെ അപ്പിയിടാന്‍ ഇടമില്ലാതെ സമരം നിറുത്തിയ എല്‍ഡിഎഫ് പാളയത്തിലേക്ക് മാണിയുടെ മകന് ചേക്കേറുംപോള്‍ അവര്‍ക്ക് വോട്ട് ചെയ്തവര്‍ ലജ്ജിക്കുന്നു. വേണ്ടാത്തിടത്ത് ആല്കൃഷിയുള്ളര്ക്കു നാണമില്ല താനും.
വര്‍ഗീയതയുടെ വളര്‍ത്തമ്മ
വോട്ട് ബാങ്ക് ഉറപ്പിക്കാനായി ഓരോ മുന്നണിയും മത-സാമുദായിക ശക്തികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്നു. സമുദായ നേതാക്കളുടെ തീട്ടൂരങ്ങള്‍ സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കുന്നത് കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്.
മതനിരപേക്ഷമായ നിലപാടുള്ള കോണ്‍ഗ്രസ് മുഖ്യ കക്ഷിയായ യുഡിഎഫ്, പേരില്‍ തന്നെ മതനാമമുള്ള മുസ്ലീം ലീഗിനെ ഘടകകക്ഷിയാക്കുമ്പോള്, കെ.എം ഷാജി പുലമ്പും പോലെ ”മതമാണ് മതമാണ് മതമാണ് ഞങ്ങള്‍ക്ക് വലുത് ”എന്ന് വരുമ്പോള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന സാധാരണ പൗരന് ഓക്കാനം ഉണ്ടാകുന്നു.
കോര്‍പ്പറേറ്റ് അജണ്ടയും ഉത്തരവാദിത്തമില്ലായ്മയും:
ഓരോ വകുപ്പും ഓരോ പാര്‍ട്ടികള്‍ക്കായി വീതം വെക്കപ്പെടുന്നതോടെ ‘കൂട്ടായ ഉത്തരവാദിത്വം’ അപ്രത്യക്ഷമാകുന്നു. മുന്നണി ഭരണത്തിന്റെ തണലില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതും നാം കാണുന്നു. ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പ്രതിനിധികളെ പണം കൊടുത്തു വാങ്ങി ഭരണം കയ്യാളിയ എന്‍ഡിഎ മുന്നണി അവര്‍ക്കെതിരെ വോട്ട് ചെയ്ത പൗരന്മാരെ മണ്ടന്മാരാക്കിയ പല സംസ്ഥാനങ്ങളും നാം കാണുമ്പോള്‍ ജനാധിപത്യ വിശ്വാസികളുടെ കിളി പോയ അവസ്ഥയാണ.്
ഇതൊക്കെ പറയുമ്പോഴും ‘ജനാധിപത്യം എന്നാല്‍ കേവലം ഒരു ഭൂരിപക്ഷ ഭരണം മാത്രമല്ല, അത് ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്ന ഒന്നാവണം.’ എന്ന അംബേദ്കറിന്റെ നിരീക്ഷണം ചെറിയ കക്ഷികള്‍ക്ക് മുന്നണിയില്‍ ലഭിക്കുന്ന പ്രാധാന്യത്തെ ജനാധിപത്യപരമായി കാണുന്നവര്‍ ഉദ്ധരിക്കാറുമുണ്ട്.
എന്താണെങ്കിലും മുന്നണി രാഷ്ട്രീയം ഭരണനിര്‍വ്വഹണത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ‘മുന്നണി ഭരണത്തിന് അതിന്റേതായ പരിമിതികളുണ്ട് . ചിലപ്പോള്‍ നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ സഖ്യകക്ഷികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാറ്റിവെക്കേണ്ടി വരുന്നു.’ എന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവന പത്തു വര്‍ഷം ഒരു മുന്നണി ഭരണത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയുടെ പരിവേദനമാണ്.
പിന്മൊഴി
ജനഹിതത്തിന്റെ വസന്തം വിരിയേണ്ടത് സുതാര്യമായ ഭരണത്തിലൂടെയാണ്. എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ജനാധിപത്യം എന്നത് നയങ്ങളുടെ പോരാട്ടമല്ല, മറിച്ച് അധികാരത്തിന് വേണ്ടിയുള്ള കസേരകളിയാണ്. ഒരു വശത്ത് വികസനത്തിന്റെ വാഗ്ദാനങ്ങള്‍ മുഴങ്ങുമ്പോള്‍ മറുവശത്ത് ‘മുന്നണി’ എന്ന മൂടുപടത്തിനുള്ളില്‍ ജനാധിപത്യം ശ്വാസം മുട്ടുന്നു. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന, മൂന്ന് കാലുകളില്‍ ആടിനില്‍ക്കുന്ന ‘മുക്കാലി’ പോലെ ഈ ഭരണസംവിധാനം ഇന്ന് മാറിയിരിക്കുന്നു.
അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍. മുക്കാലി ഒടിഞ്ഞുവീഴാന്‍ സമയമായിരിക്കുന്നു. മുന്നണി എന്ന സുരക്ഷിത കവചത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ, ഓരോ പാര്‍ട്ടിയും തങ്ങളുടെ കരുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് തെളിയിക്കട്ടെ. ഒരു മുദ്രാവാക്യം കൂടി ഈ പ്രജ വിളിച്ചോട്ടെ ‘മുക്കാലി ഒടിയട്ടെ, നട്ടെല്ലുള്ള രാഷ്ട്രീയം ഉദിക്കട്ടെ.’

