റോം: ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഏപ്രിൽ 26 ഞായറാഴ്ച 8 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നിരവധി കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്മാരും മെത്രാന്മാരും വൈദികരും നവവൈദികരുടെ ബന്ധുക്കളും തിരുപ്പട്ട ശുശ്രൂഷയില്‍ പങ്കെടുക്കും.

തിരുപ്പട്ട സ്വീകരണത്തിന് ഒരുക്കമായി ഇന്നു ഏപ്രിൽ 24 വെള്ളിയാഴ്ച രാത്രി എട്ട് ഡീക്കന്മാരും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ദൈവവിളികൾക്കായുള്ള ജാഗരണ പ്രാർത്ഥനയില്‍ സംബന്ധിക്കും.
ദൈവവചന വായന, വചന വിചിന്തനം, സാക്ഷ്യങ്ങൾ, ആരാധന തുടങ്ങിയവ ജാഗരണ പ്രാര്‍ത്ഥനയുടെ ഭാഗമായി നടക്കും. കഴിഞ്ഞ വര്‍ഷം മെയ് 31 ശനിയാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പതിനൊന്ന് ഡീക്കന്മാർ ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചിരിന്നു.

