കൊച്ചി • സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ സപ്തതി നിറവിൽ. ആർച്ച് ബിഷപ്പ് ജനിച്ചത് 1956 ഏപ്രിൽ 21 ന് തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്- തസ്യ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി പിറന്ന അദ്ദേഹം 1980 ഡിസംബർ 21നാണ് അന്നത്തെ തൃശൂർ രൂപ താധ്യക്ഷൻ മാർ ജോസഫ് കു ണ്ടുകുളത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്. സപ്തതി ദിനമായ ഇന്നു രാവിലെ സഭാ ആസ്ഥാനത്ത് കുർബാനയർപ്പിക്കും. വൈകിട്ടു ലളിതമായ ചടങ്ങിൽ പിറന്നാൾ ആശംസകളർപ്പിക്കും.
കർദിനാൾ ജോർജ് ആലഞ്ചേരി വിരമിച്ചതിനെത്തുടർന്നാണു സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 11 നായിരുന്നു സ്ഥാനാരോഹണം. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ബിഷപ്പ് തട്ടിൽ തൃശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും ബിഷപ്പ് കുണ്ടുകുളത്തിന്റെ സെക്രട്ടറിയായും മതബോധന കേന്ദ്രം ഡയറക്ടറായും അതിരൂപത ചാൻസലറായും പ്രവർത്തിച്ചു. മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടറായും തൃശൂർ അതിരൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചു.
മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ 2010 ഏപ്രിൽ 10 ന് അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 2014ൽ ഇന്ത്യയിലെ മറ്റൊരു സിറോ മലബാർ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പോസ്തലിക് വിസിറ്റേറ്ററായും 2017 ൽ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാൻസിസ് പാപ്പ തട്ടിൽ പിതാവിനെ നിയമിച്ചു. ഒടുവിൽ, സിറോ മലബാർ സഭയെ നയിക്കുകയെന്ന വലിയ ദൗത്യവും അദ്ദേഹത്തെ തേടിയെത്തി.

