വത്തിക്കാന്‍ സിറ്റി: സഭയുടെ എല്ലാ തലങ്ങളിലും അടിമുടി മാറ്റങ്ങളുടെ സൂചന നല്കി കര്‍ദിനാള്‍മാര്‍ക്ക് ലിയോ 14-ാമന്‍ പാപ്പയുടെ കത്ത്. ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ‘സുവിശേഷത്തിന്റെ സന്തോഷ’ത്തിന്റെ വെളിച്ചത്തില്‍ സഭയുടെ മിഷന് ശൈലിയിലും അജപാലന ശൈലിയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജനുവരിയില്‍ ചേര്‍ന്ന കണ്‍സിസ്റ്ററിയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളുടെ വെളിച്ചത്തിലാണ് പാപ്പയുടെ കത്ത്.
വിശ്വാസികളുടെ കൂട്ടായ്മകള്‍ നിലവിലുള്ള സംവിധാനങ്ങളെ നിലനിര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘പരിപാലന ശൈലി’ യില്‍ നിന്ന് മാറി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മിഷനറി ശൈലി സ്വീകരിക്കണമെന്ന് പാപ്പ തുടര്‍ന്നു. ഇതിനായി ബന്ധങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും മറ്റുള്ളവരെ കേള്‍ക്കാനും അനുധാവനം ചെയ്യുവാനും അവര്‍ക്ക് സൗഖ്യം നല്കുവാനുമുള്ള ഇടങ്ങള്‍ ഒരുക്കുകയും വേണം.
ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി പാപ്പ അയച്ച കത്തില്‍ വിശ്വാസികളുടെ വ്യക്തിപരമായ ജീവിതത്തിലും കൂട്ടായ്മയിലും രൂപതാ തലത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പാപ്പ പറഞ്ഞുവയ്ക്കുന്നു.

