വത്തിക്കാൻ : തങ്ങളുടെ പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കാനായി ഒത്തുചേർന്ന കൽദായ സഭാ സിനഡിനും, സഭാംഗങ്ങൾക്കും പ്രാർത്ഥനാശംസകൾ നേർന്നും, സമാധാനത്തെ പ്രോത്സാഹിപ്പിച്ചും സമാധാനപൂർവ്വം ജീവിച്ചും മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ. 2013 മുതൽ 2026 മാർച്ച് വരെ കൽദായ സഭയെ നയിച്ച പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ ഒന്നാമന് ശേഷം പുതിയ പാത്രിയർക്കീസിന്റെ തിരഞ്ഞെടുക്കുന്നതിന് ഭാഗമായി ഒരുമിച്ചു ചേർന്ന സഭാ സിനഡിന് ഏപ്രിൽ 10 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് ഏറെ പ്രധാനപ്പെട്ട സഭാതലവന്റെ തിരഞ്ഞെടുപ്പിന്റേതായ ഈ സമയത്ത് കൽദായ സഭാനേതൃത്വത്തെ കണ്ടുമുട്ടാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, സഭയിലെ വൈദികർക്കും സമർപ്പിതർക്കും ലോകമാസകലമുള്ള കൽദായ സഭാംഗങ്ങൾക്കും തന്റെ അഭിവാദ്യങ്ങൾ നേർന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്, പ്രാർത്ഥനാപൂർവ്വം, ക്രിസ്തുവിന്റെ തിരുഹൃദയവുമായി കൂടുതൽ ചേർന്ന് ജീവിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
അപ്പസ്തോലന്മാരുമായും രക്ഷയുടെ ഇടങ്ങളുമായും ബന്ധപ്പെട്ട ഒരു ചരിത്രവും പശ്ചാത്തലവുമാണ് കൽദായസഭയ്ക്കുള്ളതെന്ന് അനുസ്മരിച്ച പാപ്പാ, റോമൻ സാമ്രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറം സുവിശേഷസന്ദേശമെത്തിച്ചതിൽ കൽദായസഭയ്ക്കുള്ള പങ്ക് പ്രത്യേകം പരാമർശിച്ചു. യുദ്ധങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട പീഡനങ്ങളും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളിലൂടെ ഈ സഭ കടന്നുപോയിട്ടുണ്ടെന്നത് പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിച്ചു. എന്നാൽ ഈ പരീക്ഷണഘട്ടങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്റെ പ്രഭയാണ് ചരിത്രത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ബാഗ്ദാദിലെ കൽദായ സഭ പിന്നിട്ടുപോന്ന വഴികൾ അനുസ്മരിച്ച പാപ്പാ, ഇറാക്കിൽനിന്ന് ക്രൈസ്തവർ നടത്തിയ കുടിയേറ്റങ്ങൾ, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് നേരിട്ട നിരവധിയായ ആക്രമണങ്ങൾ, പാത്രിയർക്കീസിന്റെ സ്ഥാനം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ തുടങ്ങിയവ പ്രത്യേകം അനുസ്മരിക്കുകയും, സഭാംഗങ്ങൾക്ക് തന്റെ ഐക്യദാർഢ്യം ഉറപ്പുനൽകുകയും ചെയ്തു.
മനുഷ്യർക്ക് അംഗീകരിക്കാനോ സഹിക്കാനോ സാധിക്കുന്നതിനുമപ്പുറത്തുള്ള സഹനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു ലോകത്ത്, പ്രത്യാശയുടെ അടയാളമായി പ്രവർത്തിക്കാനുള്ള വിളിയാണ് കൽദായ കത്തോലിക്കാസഭാംഗങ്ങൾക്കുള്ളതെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. നിഷ്കളങ്കരക്തം ഒഴുക്കപ്പെടുന്നതിനെതിരെ സംസാരിച്ച പാപ്പാ, ദുർബലരുടെയും കുഞ്ഞുങ്ങളുടെയും, കുടുംബങ്ങളുടെയും ജീവിതം പോലെ പ്രധാനപ്പെട്ട മറ്റൊന്നില്ലെന്നും പ്രസ്താവിച്ചു. സമാധാനത്തിനുവേണ്ടി ക്രിസ്തുവിന്റെ നാമത്തിൽ പ്രവർത്തിക്കാനും ആക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുന്നവരിൽനിന്ന് അകന്നുനിൽക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
