വത്തിക്കാൻ
പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, ക്രിസ്തു ഉയിർത്തെഴുന്നേറ്റു! ഈസ്റ്റർ ആശംസകൾ!
ആശ്ചര്യവും സന്തോഷവും നിറഞ്ഞ ഈ അഭിവാദ്യം ആഴ്ചയിലുടനീളം നമ്മെ അനുഗമിക്കുന്നു. കർത്താവ് നമുക്കായി തയാറാക്കിയ നവമായ ഈ ദിവസം ആഘോഷിക്കുമ്പോൾ, ആരാധനാക്രമം എല്ലാ സൃഷ്ടിയുടെയും രക്ഷയുടെ സമയത്തേക്കുള്ള പ്രവേശനം അനുസ്മരിക്കുന്നു: മരണത്തിന്റെ നിരാശ യേശുവിന്റെ നാമത്തിൽ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടുന്നു.
ഇന്നത്തെ സുവിശേഷം (മത്തായി 28:8-15), രണ്ടു വിവരണങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. ഒന്നുകിൽ ഉയിർത്തെഴുന്നേറ്റവനെ കണ്ടുമുട്ടിയ സ്ത്രീകളുടേത് (9-11), അല്ലെങ്കിൽ നേതാക്കന്മാർ കൈക്കൂലി നൽകിയ കാവൽക്കാരുടേത് (11-14). ആദ്യത്തേത് മരണത്തിന്മേലുള്ള ക്രിസ്തുവിന്റെ വിജയം പ്രഖ്യാപിക്കുന്നു; എന്നാൽ രണ്ടാമത്തേത്, ഏത് സാഹചര്യത്തിലും മരണം എപ്പോഴും വിജയിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അവരുടെ വിവരണത്തിൽ, വാസ്തവത്തിൽ, യേശു ഉയിർത്തെഴുന്നേറ്റില്ല, മറിച്ച് അവന്റെ ശരീരം മോഷ്ടിക്കപ്പെട്ടു. ശൂന്യമായ കല്ലറ എന്ന വസ്തുതയിൽ നിന്ന്, രണ്ട് വ്യാഖ്യാനങ്ങൾ കടന്നുവരുന്നു: ഒന്ന് പുതിയതും നിത്യവുമായ ജീവന്റെ ഉറവിടം, മറ്റൊന്ന് നിശ്ചിതവും നിർണ്ണായകവുമായ മരണം.
ഈ വൈരുദ്ധ്യം ക്രിസ്തീയ സാക്ഷ്യത്തിന്റെ മൂല്യത്തെക്കുറിച്ചും മാനുഷിക ആശയവിനിമയത്തിന്റെ സത്യസന്ധതയെക്കുറിച്ചും ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇന്ന് പൊതുവായി പറയപ്പെടുന്നതുപോലെ, മിക്കപ്പോഴും, വാസ്തവത്തിൽ, സത്യത്തിന്റെ കഥ വ്യാജ വാർത്തകളാൽ മറയ്ക്കപ്പെടുന്നു. ഇത് നുണകളാകാം, അവ്യകത്മായ കാര്യങ്ങളാകാം, അടിസ്ഥാനരഹിതമായ ആരോപണങ്ങളാകാം. എന്നിരുന്നാലും, അത്തരം തടസ്സങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സത്യം മറഞ്ഞിരിക്കുന്നില്ല. മറിച്ച്, ജീവനുള്ളതും പ്രകാശമാനവും, കട്ടിയുള്ള ഇരുട്ടിനെ പ്രകാശിപ്പിക്കുന്നതുമായ നിലയിൽ അവ നമ്മെ തേടിയെത്തുന്നു. ശവകുടീരത്തിനടുത്തെത്തിയ സ്ത്രീകളോട് യേശു പറഞ്ഞതുപോലെ, ഇന്ന് നമ്മോടും പറയുന്നു: “ഭയപ്പെടേണ്ടാ! പോയി പ്രഘോഷിക്കുക” (10).
അങ്ങനെ അവൻ തന്നെ ലോകത്തിൽ സാക്ഷ്യം വഹിക്കേണ്ട സുവാർത്തയായി മാറുന്നു: കർത്താവിന്റെ ഉത്ഥാനം നമ്മുടെ ഉത്ഥാനമാണ്, മനുഷ്യരാശിയുടെ ഉത്ഥാനമാണ്, കാരണം നമുക്കുവേണ്ടി മരിച്ച ഈ മനുഷ്യൻ, നമുക്കുവേണ്ടി തന്റെ ജീവൻ നൽകിയ ദൈവപുത്രനാണ്. എപ്പോഴും ജീവിക്കുന്നതും, സജീവവും, ഭൂതകാലത്തെ വിനാശകരമായ അന്ത്യത്തിൽ നിന്ന് മോചിപ്പിക്കുന്നവനുമായ ഉയിർത്തെഴുന്നേറ്റവനെ പോലെ, ഉത്ഥാനത്തിന്റെ വിളംബരം, നമ്മുടെ ഭാവിയെ കല്ലറയിൽ നിന്ന് വീണ്ടെടുക്കുന്നു.
പ്രിയ സുഹൃത്തുക്കളേ, ചരിത്രത്തെ ദുഷിപ്പിക്കുകയും മനഃസാക്ഷിയെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ദുഷ്ടതയാൽ അടിച്ചമർത്തപ്പെട്ടവരിലേക്ക് ഈ സുവിശേഷം എത്തിച്ചേരുന്നത് എത്ര പ്രധാനമാണ്! യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന ആളുകളെക്കുറിച്ച്, വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെക്കുറിച്ച്, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളെ കുറിച്ചൊക്കെ ഞാൻ ചിന്തിക്കുന്നു. വാക്കിലും പ്രവൃത്തിയിലും ക്രിസ്തുവിന്റെ ഉത്ഥാനം പ്രഘോഷിക്കുക എന്നതിനർത്ഥം, പ്രത്യാശയ്ക്ക് നവമായ ശബ്ദം നൽകുക എന്നാണ്, അല്ലാത്തപക്ഷം അത് അക്രമാസക്തരുടെ കൈകളിൽ ശ്വാസം മുട്ടപ്പെടും. ലോകത്തിൽ സുവാർത്ത പ്രഘോഷിക്കപ്പെടുമ്പോൾ, വാസ്തവത്തിൽ, അത് എല്ലാ നിഴലുകളെയും എല്ലാ യുഗത്തിലും പ്രകാശിപ്പിക്കുന്നു.
ഈസ്റ്റർ തിങ്കളാഴ്ച കർത്താവിനു തന്റെ ജീവൻ സമർപ്പിച്ച, ഫ്രാൻസിസ് പാപ്പായെ പ്രത്യേകമായ ഒരു വാത്സല്യത്തോടെ, നാം ഇന്ന് ഓർക്കുന്നു. വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും പാപ്പായുടെ മഹത്തായ സാക്ഷ്യം നാം ഓർക്കുമ്പോൾ, ജ്ഞാനത്തിന്റെ ഇരിപ്പിടമായ, പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് ചേർന്ന് പ്രാർത്ഥിക്കാം. അങ്ങനെ നാം കൂടുതൽ പ്രകാശമാനരായി, സത്യത്തിന്റെ പ്രഘോഷകരായിത്തീരും.

