കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സഭാതർക്കം നിലനിൽക്കുന്ന ആറുപള്ളികൾ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ പുളിന്താനം സെയ്ന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെയ്ന്റ് മേരീസ് പള്ളി, മഴുവന്നൂർ സെയ്ന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെയ്ന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെയ്ന്റ് മേരീസ് പള്ളി, ചെറുകുന്നം സെയ്ന്റ് തോമസ് പള്ളി എന്നീ പള്ളികൾ അതത് കളക്ടർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ 2024 ഓഗസ്റ്റ് 30-ലെ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്.
സഭാതർക്കം നിലനിൽക്കുന്ന പാലക്കാട്, എറണാകുളം ജില്ലകളിലായുള്ള ആറുപള്ളികൾ യാക്കോബായ വിഭാഗത്തിൽനിന്ന് ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന് കോടതി ഉത്തരവുകളുണ്ടായിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

