മെക്സിക്കോ സിറ്റി: മാർച്ച് 8 ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനത്തിനാവുമായി ബന്ധപ്പെട്ട് വിവിധ മാർച്ചുകൾ നടന്നു. ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ കത്തോലിക്കാ പള്ളികളും പൊതു കെട്ടിടങ്ങളും നശിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തി. ഏറ്റവും കൂടുതൽ അക്രമം നടന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ, കോൺസ്റ്റിറ്റ്യൂഷൻ പ്ലാസയിലുള്ള മെട്രോപൊളിറ്റൻ കത്തീഡ്രൽ പ്രതിഷേധക്കാർ ആക്രമിച്ചു.
പള്ളിയെ സംരക്ഷിക്കുന്ന വേലികൾ ഉള്ളതിനാൽ, അവർ സമീപത്തുള്ള ഒരു ട്രാഫിക് ലൈറ്റ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങൾ പങ്കിട്ട ചിത്രങ്ങളിൽ, നിരവധി സ്ത്രീകൾ വേലിയുടെ ഒരു ഭാഗത്ത് ഇടിക്കുന്നത് കാണാം, അതേസമയം പോലീസ് കണ്ണീർ വാതകം പ്രയോഗിച്ച് അവരെ പിരിച്ചുവിടാൻ ശ്രമിച്ചു. മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 80 മൈൽ തെക്കുകിഴക്കായി പ്യൂബ്ലയിൽ, കത്തീഡ്രലിന് മുന്നിലുള്ള വേലിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന മാലാഖ പ്രതിമകൾ നശിപ്പിക്കാൻ പ്രാദേശിക ഫെമിനിസ്റ്റുകൾ ശ്രമിച്ചു. സിറ്റി ഹാളിലും ഗ്രാഫിറ്റിയും നശീകരണ പ്രവർത്തനങ്ങളും നടന്നു.
സമാന സംഭവം മെറിഡയിലും ഉണ്ടായി, അവിടെ ഫെമിനിസ്റ്റുകൾ സെന്റ് ഇൽഡെഫോൺസസ് ഓഫ് യുകാറ്റൻ കത്തീഡ്രലിൽ ഗ്രാഫിറ്റി പതിച്ചിരുന്നു. സന്ദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: “പള്ളി ബഹിഷ്ക്കരിക്കുക.”
മെക്സിക്കോയിലെ സലാപയിൽ, മറ്റ് ഫെമിനിസ്റ്റുകളുടെ സഹായത്തോടെ ഒരു സ്ത്രീ പോലീസിനും എൽ ബീറ്റെറിയോ പള്ളിക്ക് കാവൽ നിൽക്കുന്ന വിശ്വാസികൾക്കും നേരെ പെയിന്റ് എറിഞ്ഞു. പ്രാദേശിക കത്തോലിക്കാ മാധ്യമമായ കാറ്റോലിൻ പറയുന്നതനുസരിച്ച്, അവർ മുഴക്കിയ മുദ്രാവാക്യങ്ങളിൽ “നിങ്ങളുടെ ജപമാലകൾ ഞങ്ങളുടെ അണ്ഡാശയങ്ങളിൽ നിന്ന് നീക്കം ചെയ്യുക”, “പ്രോ-ലൈഫർമാർക്ക് മരണം” എന്നിവ ഉൾപ്പെടുന്നു. സലാപ മൈനർ സെമിനാരിയുടെ ചുവരുകളിൽ ഗ്രാഫിറ്റി പതിച്ചിരുന്നു, ചില ജനാലകൾ നശിപ്പിക്കപ്പെട്ടു.
മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ് അക്രമത്തെ അപലപിക്കുകയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദേവാലയങ്ങൾ നിരവധി ആളുകൾക്ക് പ്രാർത്ഥനയുടെയും ആത്മീയ ആശ്വാസത്തിന്റെയും സ്ഥലങ്ങളാണെന്നും അത്തരം ഇടങ്ങൾക്കെതിരായ അക്രമങ്ങൾക്ക് സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും ബിഷപ്പുമാർ പ്രസ്താവിച്ചു. സ്വവർഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിൽ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാർമ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലെ വനിതാദിനത്തിലും മെക്സിക്കൻ ദേവാലയങ്ങൾ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്.



