ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ കത്തോലിക്ക സമുദായ വക്താവുമായ ജോസഫ് ജൂഡുമായുള്ള അഭിമുഖം.
ബിജോ സില്‍വേരി
*ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് നീണ്ട ഇടവേളയ്ക്കു ശേഷം മന്ത്രിസഭ അംഗീകരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ലത്തീന്‍ കത്തോലിക്ക സമുദായവും കെആര്‍എല്‍സിസിയും ഈ ആവശ്യം ദീര്‍ഘകാലമായി ഉന്നയിച്ചു വരികയായിരുന്നു. എത്തരത്തിലാണ് ഇതിനെ കാണുന്നത്?
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട്് സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാര്‍ 2022 നവംബറിലാണ് ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി ഒരു കമ്മീഷനെ നിയോഗിക്കുന്നത്. എന്നാല്‍ 2021 ഫെബ്രുവരിയില്‍ ആണ് കമ്മീഷന്റെ പരിഗണന വിഷയങ്ങള്‍ നിശ്ചയിച്ചു നല്‍കുന്നത്. തുടര്‍ന്ന് കമ്മീഷന്റെ ആവശ്യപ്രകാരം കേരളത്തിലെ ക്രൈസ്തവ സഭാ വിഭാഗങ്ങളും സംഘടനകളും വ്യക്തികളും നിരവധിയായ നിര്‍ദ്ദേശങ്ങളും നിവേദനങ്ങളും കമ്മീഷന് നല്കുകയുണ്ടായി.
കമ്മീഷന് തന്നെ വ്യക്തമാക്കുന്നതനുസരിച്ച് നാലു ലക്ഷത്തി നാല്പത്തയ്യായിരത്തി അഞ്ഞൂറില്പരം നിവേദനങ്ങളാണ് കമ്മീഷന് ലഭിച്ചത്. തുടര്‍ന്ന് കമ്മീഷന് ജില്ലാതലങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും സഭാ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വിദഗ്ധ അഭിപ്രായങ്ങള്‍ തേടുകയും സമഗ്രമായ പഠനത്തിന് വിധേയമാക്കുകയും ചെയ്തു. 2023 മെയ് മാസത്തിലാണ് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. കെആര്‍എല്‍സിസിയും കെഎല്‍സിഎയും ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളും സംഘടനകളും നിരന്തരം സമ്മര്‍ദ്ദം ഉയര്‍ത്തിയ സാഹചര്യത്തിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും 2026 ഫെബ്രുവരി 26ന് റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുന്നതിനു ഉത്തരവും പുറപ്പെടുവിച്ചു.
കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിലും ന്യായീകരിക്കാനാവാത്ത കാലവിളംബം ഉണ്ടായതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ സംസ്ഥാനം നില്ക്കുമ്പോഴാണെങ്കിലും കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിക്കാനും അതുപോലെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും മന്ത്രിസഭ തീരുമാനിച്ചത് ലത്തീന്‍ കത്തോലിക്കാ സമുദായം സ്വാഗതം ചെയ്യുകയാണ്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നതുപോലെയും, കണ്ടെത്തിയിട്ടുള്ളത് പോലെയും ലത്തീന്‍ കത്തോലിക്കാ സമൂഹവും അതിലെ വിവിധ വിഭാഗങ്ങളും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും അതിന്റെ കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശുപാര്‍ശകള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്രത്തോളം കാര്യക്ഷമായി നടപ്പിലാക്കാനാവും എന്നത് സംശയകരമാണ്. എങ്കിലും തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്് ഇത് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിയും എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്.
*രാഷ്ട്രീയകക്ഷികള്‍ ഇതിനോട് പൊതുവേ മൗനം പാലിക്കുകയാണല്ലോ
പൊതുതിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ കേരളത്തിലെ പ്രബലമായ മുന്നണികളെല്ലാം ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുകയും ജനങ്ങളുടെ മുന്പില് അവതരിപ്പിക്കുന്ന പ്രകടനപത്രികയില്‍ ഇക്കാര്യത്തിലുള്ള അവരുടെ പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഏതായാലും ജാഗ്രതയോടെ ഉണര്ന്നിരുന്നാല്മാത്രമേ ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നമുക്ക് പ്രയോജനകരമായി തീരുകയുള്ളൂ. കെഎല്‍സിഎ ഇതിനായി ജാഗ്രത സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത് ഉചിതമായ ഒരു നടപടി തന്നെയാണ്.
*ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ നടപ്പാക്കിയെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്ന പലതും നേരത്തെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കി വരുന്നവയാണെന്നു കെആര്‍എല്‍സിസി വ്യക്തമാക്കിയിരുന്നു. അത്തരം പദ്ധതികള്‍ ഏതൊക്കെയാണ്
ജെ ബി കോശി കമ്മീഷന് ശുപാര്‍ശകള്‍ കേരള മന്ത്രിസഭ അംഗീകരിക്കുന്നതിനും പ്രസിദ്ധപ്പെടുത്തുതിനും മുന്‍പേ കമ്മീഷന് ശുപാര്‍ശകളില്‍ 200ലധികം ശുപാര്‍ശകളും നടപ്പിലാക്കിയതായി നിയമസഭയിലും നിയമസഭയ്ക്ക് പുറത്തും മന്ത്രിമാര്‍ അവകാശപ്പെട്ടിരുന്നു. കമ്മീഷന് ശുപാര്‍ശകള്‍ അംഗീകരിച്ചതിനുശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഭാവിഭാഗങ്ങളുമായും നേതാക്കളുമായും നടത്തിയ യോഗത്തില്‍ കമ്മീഷന് ശുപാര്‍ശകളില്‍ ഇതുവരെ നടപ്പിലാക്കിയ ചില നിര്‍ദ്ദേശങ്ങള്‍ എന്ന മട്ടില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ നടപ്പിലാക്കി എന്ന് അവകാശപ്പെടുന്നവ കമ്മീഷന് ശുപാര്‍ശയുടെ ഭാഗമാണോ എന്ന് ഇനിയും വ്യക്തമല്ല.
ഏതായാലും അവയില്‍ ചിലതെല്ലാം സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികളും പരിപാടികളുമാണ്. ഉദാഹരണത്തിന് പ്രതിഭ തീരം എന്ന പദ്ധതി മത്സ്യഫെഡ് നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ്. എന്നാല്‍ വിദ്യാതീരം പദ്ധതിയില്‍ മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കണം എന്നതാണ് കമ്മീഷന്റെ ശുപാര്‍ശ (8.241). കേരള മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ ഗവേഷണ ഫെലോഷിപ്പ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി) വിദ്യാര്‍ഥികള്‍ക്ക് യുജിസി അംഗീകൃത സ്ഥാപനങ്ങളില്‍ മുഴുവന്‍ സമയ പിഎച്ച്ഡി പഠിക്കാന്‍ സഹായം നല്കുന്ന പദ്ധതിയും ജെ ബി കോശി കമ്മീഷന്റെ കണക്കില്പെടുത്തുകയാണ്. ശ്രദ്ധേയമായ എന്തെങ്കിലും നിര്‍ദ്ദേശം നടപ്പാക്കിയതായി മുഖ്യമന്ത്രിയുടെ യോഗത്തിലും വ്യക്തമായില്ല.
*റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്? ലത്തീന്‍ സമൂഹത്തിന് പ്രത്യേകിച്ച് ദളിത് വിഭാഗത്തിന് പ്രയോജനകരമെന്ന് കരുതുന്ന ശുപാര്‍ശകള്‍ ഏതൊക്കെയാണ്?
കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യത്തെ ഭാഗത്തിലെ ഒന്നാം അധ്യായം ആമുഖമാണ്. തുടര്‍ന്ന് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാം അധ്യായവും. തുടര്‍ന്നുള്ള മൂന്ന് മുതല്‍ ഏഴ് വരെയുള്ള അധ്യായങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍, ആംഗ്ലോ ഇന്ത്യര് എന്നീ വിഭാഗങ്ങളുടെ വിഷയങ്ങളും കുട്ടനാട് മേഖല, മലയോര പ്രദേശം, തീരദേശ മേഖല എന്നിവിടങ്ങളിലെ പ്രശ്നങ്ങളുമാണ് വിലയിരുത്തുന്നത്.
രണ്ടാമത്തെ ഭാഗത്താണ് കമ്മീഷന്റെ ശുപാര്‍ശകളുടെ സംഗ്രഹം നല്‍കിയിട്ടുള്ളത്. 284 ശുപാര്‍ശകളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്കൊള്ളിച്ചിട്ടുള്ളത്. ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നീ ശീര്‍ഷകങ്ങളില്‍ തന്നെ ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. ലത്തീന്‍ കത്തോലിക്കര്‍ എന്ന ശീര്‍ഷകത്തിനു കീഴില്‍ തന്നെയാണ് ആംഗ്ലോ ഇന്ത്യര്ക്കായുള്ള ശുപാര്‍ശകളും ചേര്‍ത്തിട്ടുള്ളത്.
ബിരുദ ബിരുദാനന്തര കോഴ്സുകളിലും വിദ്യാഭ്യാസ സംബന്ധമായ പ്രവേശനങ്ങളില്‍ പൊതുവേയും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും ഉള്ള സംവരണം 3% ആക്കി ഉയര്‍ത്തണം. നാടാര്‍ ക്രൈസ്തവര്‍ക്കും (2 ശതമാനം) പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും (1 ശതമാനം) മാത്രമായി സംവരണം പ്രത്യേകമായി ശുപാര്‍ശ ചെയ്യുന്നുണ്ട്. ലത്തീന്‍ കത്തോലിക്കര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക വിദ്യാര്‍ഥി വികസന പരിപാടികള്‍ കൂടുതലായി ആരംഭിക്കണം. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുകളും സ്കോളര്‍ഷിപ്പുകളും സംബന്ധിച്ചു ചില വ്യക്തമായ ശുപാര്‍ശകള്‍ കമ്മീഷന് മുന്നോട്ടുവയ്ക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ലത്തീന്‍- ദളിത് കത്തോലിക്കാ സമുദായങ്ങളുടെ പ്രാതിനിധ്യം കണക്കാക്കുകയും നഷ്ടമായ അവസരങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ എടുക്കണമെന്നും പറയുന്നു. പിഎസ്സി നിയമനങ്ങളിലെ അപാകതകള്‍ പരിഹരിക്കുന്നതിനു ഉചിതമായ ഭേദഗതി നിര്‍ദ്ദേശിക്കുന്നു. ലത്തീന്‍ കത്തോലിക്കാ സമുദായം ദീര്‍ഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് 1947 എന്ന അടിസ്ഥാന വര്‍ഷം നിശ്ചയിച്ചിട്ടുള്ളത് നീക്കം ചെയ്യാന്‍ കമ്മീഷന് ശുപാര്‍ശ ചെയ്യുന്നുണ്ട്.
കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കണം, ലത്തീന്‍ കത്തോലിക്കരായ മലയോര മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്കും കാര്‍ഷിക തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗത്തിന് നല്കുന്ന ആനുകൂല്യങ്ങളും പരിഗണനയും നല്‍കാനുള്ള നടപടിയും കമ്മീഷന്റെ ശുപാര്‍ശകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആരെയെങ്കിലും ഒരു പ്രദേശത്തു നിന്ന് ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസം സാധ്യമായതിനു ശേഷമേ അവരെ ഒഴിപ്പിക്കാവൂ എന്ന സുപ്രധാനമായ ശുപാര്‍ശയും കമ്മീഷന് മുന്നോട്ടുവയ്ക്കുന്നു. അതുപോലെ ചവറ കെഎംഎംഎല്‍ കമ്പനിക്ക് ഭൂമി നല്കിയ കോവില്‍തോട്ടം നിവാസികള്‍ക്ക് തൊഴില്‍, പുനരാധിവാസ പദ്ധതി എന്നിവ നടപ്പിലാക്കണമെന്നും നിര്‍ദേശിക്കുന്നു.
പരിവര്‍ത്തിത ക്രൈസ്തവരുടെ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലഭ്യമാക്കേണ്ടതാണ് എന്നതാണ്. പരിവര്‍ത്തിത ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റു സാമ്പത്തിക ക്ഷേമ പ്രശ്നങ്ങളും പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനായി, പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് വേണ്ടി ഒരു പ്രത്യേക കമ്മീഷനെ നിയോഗിക്കണം എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു ശുപാര്‍ശയാണ്. ദളിത് ക്രൈസ്തവരും നാടാര്‍ ക്രൈസ്തവരും അധികമായി താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള തരത്തില്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതുപോലെതന്നെ ക്രൈസ്തവ സഭകളുടെ മാനേജ്മെന്റ് ക്വാട്ട അനുസരിച്ച് നിയമനങ്ങളോ പ്രവേശനങ്ങളോ നല്കുമ്പോള് നിശ്ചിത ശതമാനം അവര്‍ക്ക് ഒരു സബ് ക്വാട്ട മാനേജ്മെന്റിന്റെ ആവശ്യപ്രകാരം അനുവദിക്കണം എന്നിങ്ങനെ ധാരാളം ശുപാര്‍ശകള്‍ കമ്മീഷന് മുന്നോട്ടുവയ്ക്കുന്നുണ്ട്.
*മദ്രസ അധ്യാപകരുടെ ക്ഷേമനിധിയുടെ മാതൃകയില്‍ ക്രൈസ്തവ സഭകളിലെ മതാധ്യാപകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും കെസിബിസി അത് പിന്തുണക്കുന്നില്ല. ഈ നിലപാട് കൈകൊള്ളുന്നതിനുള്ള സാഹചര്യം എന്താണ്?
ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സണ്ഡേസ്കൂള് അധ്യാപക ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയുണ്ടായി. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട ഒരു നിര്‍ദ്ദേശമോ നടപടിയോ അല്ല എന്നും വളരെ അവധാനതയോടെയും ആവശ്യമായ കൂടിയാലോചനകളിലൂടെയും നടപ്പിലാക്കേണ്ട ഒരു നിര്‍ദ്ദേശമാണ് ഇത് എന്ന നിലപാടാണ് കത്തോലിക്ക സഭ സ്വികരിച്ചത്. കേരളത്തിലെ ക്രൈസ്തവസഭകളില്‍ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാര്ഗ്ഗങ്ങളിലുമാണ് അവലംബിച്ചു വരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയിട്ടുള്ളതായി അറിവില്ല.
കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമര്‍പ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവര്‍ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തില്‍ പൂര്‍ണ്ണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകര്‍ അഥവാ വിശ്വാസ പരിശീലകര്‍. മതപഠനം പൂര്‍ണ്ണമായും സഭയുടെ (അതാത് മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിന്മേല് സര്‍ക്കാര്‍ ചെലവിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലര്‍ത്തുന്നതിനാലും സര്‍ക്കാരിന്റെ സണ്ഡേസ്കൂള് ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല എന്നാണ് സഭ അഭിപ്രായപ്പെട്ടത്.
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പൂര്‍ണ്ണമായും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും അതിന്മേല് ചര്‍ച്ചകള്‍ക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം എന്നും സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ സഭ പ്രതിനിധികള്‍ അഭിപ്രായപെട്ടിരുന്നു. മതാധ്യാപകരെക്കുറിച്ചുള്ള നിര്‍വചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെയും ലഭ്യമാക്കിയിട്ടുമില്ല.
*ഈ മന്ത്രിസഭയുടെ കാലാവധി തീരാറായിരിക്കുകയാണ്. നടപ്പാക്കാനുള്ള ശുപാര്‍ശകള്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനുള്ള എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ കെആര്‍എല്‍സിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമോ?
കമ്മീഷന് മുന്നോട്ടുവയ്ക്കുന്ന ഗൗരവമേറിയ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ഇപ്പോള്‍ ലഭ്യമായിട്ടുള്ള കാലപരിധി മതിയാകാതെ വരും എന്നാണ് കരുതുന്നത്. പ്രത്യേകമായ പഠനങ്ങളും നിയമസഭയുടെ അംഗീകാരമോ ഇവയില്‍ ചില ശുപാര്‍ശകള്‍ക്ക് വേണ്ടി വരും. കമ്മീഷന് ശുപാര്‍ശകളില്‍ 32 എണ്ണം നടപ്പിലാക്കാനുള്ള അംഗീകാരം മന്ത്രിസഭ നല്‍കിയിട്ടുണ്ട്. ഇവ നടപ്പിലാക്കാനാവശ്യമായ ഉത്തരവുകള്‍ ഈ കാലയളവില്‍ സര്‍ക്കാരിന് പുറത്തിറക്കാനായാല്‍ അത് ഗുണകരമായി തീരും. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇതുവരെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.
കെഎല്‍സിഎ തന്നെ തുടര്‍ന്നും ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദ പ്രക്ഷോഭ പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകും. ലത്തീന്‍ കത്തോലിക്കര്‍, ആംഗ്ലോ ഇന്ത്യര്, ദളിത് ക്രൈസ്തവര്‍ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ പഠനത്തിന് വിധേയമാക്കുകയും മുന്‍ഗണന ക്രമത്തില്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ട് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് കെആര്‍എല്‍സിസി നേതൃത്വം നല്‍കും. ക്രൈസ്തവരെ ബാധിക്കുന്ന പൊതുവിഷയങ്ങള്‍ വിവിധ കത്തോലിക്കാസഭ വിഭാഗങ്ങളുമായും ക്രൈസ്തവ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് യോജിച്ച ഒരു മുന്നേറ്റം സാധ്യമാക്കും. പ്രായോഗികമായി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനും ജാഗ്രതാ പൂര്‍വ്വമായ നടപടികള്‍ കൈക്കൊള്ളാന്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപപ്പെടുത്തുന്നുണ്ട്. കെആര്‍എല്‍സിസി ആവശ്യമായ പിന്തുണയും സഹായവും ഇക്കാര്യത്തില്‍ ഉറപ്പാക്കും.
*തദ്ദേശസംയംഭരണ തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയപാര്ട്ടികളിലായി ലത്തീന്‍ സമൂഹത്തില്‍ ഉള്‍പ്പെട്ട നിരവധി പേര് വിജയികളായിട്ടുണ്ട്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാനുളള കെആര്‍എല്‍സിസിയുടെ തീരുമാനത്തിന്റെ ഭാഗമായി ബോധപൂര്‍വം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണോ? അങ്ങനെയെങ്കില്‍ തുടര്‍ന്നും ഇത്തരം ഇടപെടലുകളുണ്ടാകുമോ?
കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിര്‍ണായകമായ ധാര്‍മിക ഇടപെടലുകള്‍ കേരളത്തിലെ ലത്തീന്‍ സഭയും സമുദായവും നടത്തിയിട്ടുണ്ട്. സാമൂഹിക വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന എല്ലാ അധാര്‍മിക പ്രവര്‍ത്തനങ്ങളെയും പൊളിച്ചെഴുതി കേരളത്തില്‍ നവമായ ഒരു സാമൂഹിക വ്യവസ്ഥിതി നടപ്പിലാക്കാന്‍ ലത്തീന്‍ കത്തോലിക്കാ സഭ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. കേരളത്തില്‍ പണിതുയര്‍ത്തിയ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ആതുര ശുശ്രൂഷ കേന്ദ്രങ്ങളിലൂടെയും സഭയും സമൂഹവും നടത്തിയ ശ്രമങ്ങളും ഇടപെടലുകളും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗം തയൊണ്. രാഷ്ട്രനിര്‍മ്മിതിയിലെ പങ്കാളിത്തത്തിന്റെയും പ്രാതിനിധ്യത്തിന്റെയും വിവിധ വശങ്ങള് ലത്തീന്‍ കത്തോലിക്കാ സമുദായം ഗൗരവമായി വിധത്തില്‍ പരിഗണിച്ചിരുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന പ്രതിസന്ധികളും പ്രായോഗികമായ ഒരു രാഷ്ട്രീയ സമീപനം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ഘടകങ്ങളാണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1948 ഫെബ്രുവരിയില്‍ ആയിരുന്നു പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, ലത്തീന്‍ കത്തോലിക്ക മഹാജന സഭ എന്നീ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം മറ്റു സമുദായ സംഘടനകള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ലത്തീന്‍ കത്തോലിക്ക മഹാ ജനസഭ പൂര്‍ണമായും കോണ്‍ഗ്രസില്‍ ലയിച്ച പോലെയായി തീര്‍ന്നു. അങ്ങനെയാണ് ലത്തീന്‍ കത്തോലിക്കാ സമുദായം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തീരുകയും കോണ്‍ഗ്രസിന്റെ വോട്ട’് ബാങ്ക് ആയി പരിണമിക്കുകയും ചെയ്തത്.
2005 ജൂണ്‍ 17, 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെആര്‍എല്‍സിസി സമ്മേളനം സമുദായത്തെ സംബന്ധിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. ആ സമ്മേളനമാണ് ലത്തീന്‍ സമുദായത്തിന്റെ നിലവിലുള്ള രാഷ്ട്രീയ നയം അംഗീകരിച്ചത്. നാളിതുവരെ സമുദായം കോണ്‍ഗ്രസ് പാര്‍ട്ടിയോട് സ്വീകരിച്ചിട്ടുള്ള നിലപാടിനെ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയായിരുന്നു. ഇടതുപക്ഷത്തേക്കുള്ള ചായ്വ് ആയിട്ടാണ് പല മാധ്യമങ്ങളും ഇതിതെ വ്യാഖ്യാനിച്ചത്. കോണ്‍ഗ്രസിനോടുള്ള ചായ്വ് ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കി എന്നത് ശരിയാണ്. എന്നാല്‍ ഇതിനെ ഇടത്തോട്ടുള്ള ചായ്വായി കണക്കാക്കാനാവില്ല. കോണ്‍ഗ്രസിനോട് സ്ഥായിയായി ചാഞ്ഞിരിക്കാന്‍ തയ്യാറല്ലെന്നും സ്വതന്ത്രമായ രാഷ്ട്രീയ നിലപാടെടുത്തുകൊണ്ട് മുന്നോട്ടുപോകും എന്നും സമുദായം നിലപാടെടുത്തു. ഇത് സാധാരണഗതിയില്‍ വിവക്ഷിക്കുന്ന അവസരവാദ സമദൂര സിദ്ധാന്തമല്ല. മൂല്യാധിഷ്ഠിതവും പ്രശ്നാധിഷ്ഠിതവുമായ രാഷ്ട്രീയ സമീപനം ആയിരുന്നു.
ഒരു വിശ്വാസ സമൂഹമെന്ന നിലയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് വിശ്വാസദാര്‍ഢ്യവും ഐക്യവും പ്രകടിപ്പിക്കുവാന്‍ കഴിയുമ്പോഴും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിരവധിയായ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന ഒരു ജനസമൂഹം ആണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. സ്വാതന്ത്യപ്രാപ്തിക്ക് ശേഷം രാഷ്ട്രീയ സാമൂഹീക മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒരു ശക്തിയായി മാറാന്‍ കഴിയാതിരുന്നതിനാല്‍ തന്നെ രാഷ്ട്രീയ സാമൂഹീക മേഖലകളില്‍ ലത്തീന്‍ കത്തോലിക്കരുടെ ന്യായമായ ആവശ്യങ്ങളും താല്പര്യങ്ങളും നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജനാധിപത്യ സംവിധാനങ്ങളിലും ഭരണ നിര്‍വ്വഹണത്തിന്റെ വിവിധ തലങ്ങളിലും അര്‍ഹമായ പ്രാതിനിധ്യവും മതിയായ പങ്കാളിത്തവും ലത്തീന്‍കാര്‍ക്ക് നിഷേധിക്കപ്പെടുന്നു. കൊച്ചി നഗരവും പ്രാന്തപ്രദേശങ്ങളും ലത്തീന്‍സമുദായത്തിന്റെ നിര്‍ണ്ണായക ശക്തികേന്ദ്രങ്ങളാണ്. അതുപോലെ തന്നെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലെ പല ഭാഗത്തും ലത്തീന്‍ കത്തോലിക്കര്‍ കേന്ദ്രീകരിച്ച് വസിക്കുന്ന ഇടങ്ങളാണ്. ലത്തീന്‍ കത്തോലിക്കര്‍ എന്ന ജനസമൂഹം തന്നെ കൊച്ചിയില്‍ രൂപം കൊണ്ട് കേരളത്തിലെങ്ങും തങ്ങളുടെ നിസ്വാര്‍ത്ഥവും ത്യാഗഭരിതവുമായ പ്രേഷിത ചൈതന്യത്താല്‍ പടര്‍ന്നു പന്തലിച്ചതാണ്. ഈ കഴിഞ്ഞ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പുകളില്‍ കേരളത്തിലെ രാഷ്ട്രീയ മുണികള്‍ സമുദായഅംഗങ്ങള്‍ കേന്ദ്രികരിച്ചുന്ന താമസിക്കുന്ന പ്രദേശങ്ങളില്‍ ഉദാരമായ സമീപനം സ്വീകരിക്കുകയും ധാരാളം സമുദായ അംഗങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളായി വിന്യസിക്കുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ധാരാളം സമുദായഅംഗങ്ങള്‍ വിജയം കണ്ടെത്തുകയും ചെയ്തു. കേരളത്തിലുടനീളം 569 സ്ഥാനങ്ങളിലേക്കാണ് സമുദായ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കലും കെആര്‍എല്‍സിസിയോ സമുദായ സംഘടനകളോ തിരഞ്ഞെടുപ്പില്‍ നേരിട്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ല. സമുദായംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും വിജയം കണ്ടെത്തുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഈ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
*വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് സമൂഹത്തിനുളളില്‍ നിന്ന് ശക്തമായ ആവശ്യം ഉയരുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് ഇത്തരമൊരാവശ്യം കെആര്‍എല്‍സിസി ഉന്നയിക്കുമോ?
എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാധിനിത്യവും പങ്കാളിത്തവും നിയമനിര്‍മ്മാണ സംവിധാനങ്ങളിലും അധികാര നിര്‍വഹണത്തിലും ഉറപ്പാക്കപ്പെടുക എന്നത് ജനാധിപത്യത്തിന്റെ ഫലപ്രദമായ നിലനില്‍പ്പിന് അനിവാര്യമാണ്. ഈ അര്‍ത്ഥത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ പ്രധാനമായും അധിവസിക്കുന്ന മേഖലകളില്‍ ലത്തീന്‍ കത്തോലിക്കര്‍ തന്നെ അവരുടെ പ്രതിനിധികളായി വരുന്നത് സാമാന്യനീതിയും സമനീതിയും ഉറപ്പാക്കും എന്നാണ് കരുതുന്നത്. കേരളത്തില്‍ മലയോര പ്രദേശങ്ങളിലും ഇടനാട്ടിലും തീരപ്രദേശങ്ങളിലും ലത്തീന്‍ കത്തോലിക്കരുടെ സാന്നിധ്യം ഉണ്ടെങ്കിലും പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത് തീരപ്രദേശങ്ങളിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളുടെ തീരപ്രദേശത്ത് നിരവധി നിയോജകമണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ് ലത്തീന്‍ കത്തോലിക്കര്‍.
നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം, തിരുവനന്തപുരം, ചവറ, കൊല്ലം, കുണ്ടറ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങള്‍ പരമ്പരാഗതമായി തന്നെ ലത്തീന്‍ കത്തോലിക്കര്‍ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലം മലയോര മേഖലയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഒരു മണ്ഡലം ആണ്. എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തില്‍ 36% ലത്തീന്‍ കത്തോലിക്കര്‍ ആണുള്ളത്. എന്നാല്‍ നാളിതുവരെ ലത്തീന്‍ സമുദായഅംഗമായ ഒരു സ്ഥാനാര്‍ഥിയെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിച്ചിട്ടില്ല.
ആസന്നമായ തിരഞ്ഞെടുപ്പില്‍ ഒരു സമുദായ അംഗത്തെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വരാപ്പുഴ, കൊച്ചി എന്നീ രൂപതാ സംവിധാനങ്ങളിലൂടെ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയുടെ സാമൂഹിക ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്നു. കേരളത്തിന്റെ അധികാര കേന്ദ്രങ്ങളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോള്‍ കൊച്ചി മണ്ഡലവും എറണാകുളം മണ്ഡലവും ലത്തീന്‍ കത്തോലിക്കരുടെ പ്രാതിനിധ്യം ഉറപ്പാക്കപ്പെടേണ്ട മണ്ഡലങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ചില വ്യതിയാനത്തിന്റെ സൂചനകള്‍ ഉയര്‍ന്നു വരുന്നത് ലത്തീന്‍ കത്തോലിക്കരെ സംബന്ധിച്ച് അസ്വീകാര്യം തന്നെയാണ്. ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും ഐക്യജനാധിപത്യ മുന്നണിക്കോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോ ഗുണകരമാവില്ല.
*കെആര്‍എല്‍സിസിയുടെ പ്രഖ്യാപിത നിലപാടായ സമദൂര നയത്തില്‍ നിന്നും വ്യതിചലനമുണ്ടാകമോ? പ്രായോഗിക രാഷ്ട്രീയത്തിന് മുന്‍കൈ നല്‍കുമെന്ന് കെആര്‍എല്‍സിസിയുടെ കഴിഞ്ഞ ജനറല്‍ അസംബ്ലിയില്‍ സൂചനയുണ്ടായിരുന്നല്ലോ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിയോട് അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകുമോ?
കെആര്‍എല്‍സിസിയുടെ പ്രഖ്യാപിത രാഷ്ട്രീയനയത്തിലൂന്നിയ ഒരു രാഷ്ട്രീയ സമീപനം തന്നെയായിരിക്കും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും സമുദായം പിന്തുടരുന്നത്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏതു മുന്നണിയാണോ മുന്നോട്ടു വരുന്നത് അവരോട് സഹകരിക്കാന്‍ സന്നദ്ധരാണ് എന്നാണ് രാഷ്ട്രീയ നയരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ലത്തീന്‍ കത്തോലിക്കാ സമൂഹം നിരന്തരം ഉയിക്കുന്ന പ്രശ്നങ്ങളോടും ആവശ്യങ്ങളോടും വിവിധ രാഷ്ട്രീയ മുണികളുടെയും സര്‍ക്കാരിന്റെയും പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ആസന്നമായ തിരഞ്ഞെടുപ്പില്‍ പ്രായോഗികമായ രാഷ്ട്രീയ സമീപനമായിരിക്കും ലത്തീന്‍ കത്തോലിക്കാ സമുദായം സ്വീകരിക്കുന്നത്.

