വൈപ്പിൻ: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നാളിതുവരെ നടപ്പിലാക്കാതെ ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വൈപ്പിൻ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിക്കുന്നു. കമ്മീഷൻ ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഇടപെടലുകൾ നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്ത പശ്ചാത്തലത്തിലാണ് നിയോജകമണ്ഡലം കമ്മീഷൻ സംഘടിപ്പിക്കുന്നത്.
മാർച്ച് 1 ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് പെരുമ്പിള്ളി ഹോളി ഫാമിലി കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. അതിരൂപത കെഎൽ സി എ പ്രസിഡൻ്റ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിക്കും.
കെ എൽ സി എ സംസ്ഥാന പ്രസിഡൻ്റ് അഡ്വ .ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.എംഎൽഎ മാരായ കെ.എൻ ഉണ്ണികൃഷ്ണൻ, ടി.ജെ വിനോദ്,ലത്തീൻ സമുദായ വക്താവ് ജോസഫ് ജൂഡ്, ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, അതിരൂപത പൊളിറ്റിക്കൽ അഫയേഴ്സ് ചെയർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, BCC ഡയറക്ടർ
ഫാ. യേശുദാസ് പഴമ്പിള്ളി,വൈപ്പിൻ ഫൊറോന ബിസിസി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഓളിപ്പറമ്പിൽ, അതിരൂപതാ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ പൗലോസ്,
വൈപ്പിൻ മേഖലാ പ്രസിഡൻ്റ് ബെനറ്റ് കുറുപ്പശ്ശേരി,ജനപ്രതിനിധികൾ, സമുദായ – സാമൂഹ്യ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പ്രസംഗിക്കും.
കെ എൽ സി എ യുടെ നേതൃത്വത്തിൽ ബിസിസി കളുടെയും, സമുദായ സംഘടനകളുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 17ന് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമർപ്പിച്ചെങ്കിലും ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.
ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ കേരളത്തിലെ ക്രൈസ്തവർക്കായി 284 ശുപാർശകളും 45 ഉപ ശുപാർശകളും കമ്മീഷൻ സർക്കാരിന് സമർപ്പിച്ചതായാണ് ലഭ്യമാകുന്ന അനൗദ്യോഗിക വിവരം. വൈപ്പിൻ തീരദേശ പാത, കായലോരപാത, ഗോശ്രീ സമാന്തര പാലം, പുക്കാട് കണ്ടൈനർ റോഡ് പാലം ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളും കൺവെൻഷനിൽ ഉന്നയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

