ബിജോ സില്‍വേരി
മുമ്പെങ്ങുമില്ലാത്തവിധം സൈബര്‍ഇടങ്ങളില്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വിമര്‍ശിക്കപ്പെടുന്ന കാലമാണിത്. മാധ്യമ ഇടപെടലുകള്‍ സമൂഹത്തിന്റെ നീതിബോധത്തെയും നിയമപരമായ പ്രക്രിയകളെയും നേരിട്ട് സ്വാധീനിക്കുന്നതിനാല്‍, മാധ്യമ നൈതികതയുടെ പ്രാധാന്യം കൂടുതല്‍ ഗൗരവമേറിയതായി മാറുന്നുണ്ടെന്ന വസ്തുത മനഃപൂര്‍വം മറന്നുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനമെന്നതാണ് ഇതിനു പ്രധാനകാരണമായി തോന്നുന്നത്. വിവരവിനിമയം, അധികാരനിരീക്ഷണം, പൊതുബോധനിര്മാണം എന്നീ ചുമതലകള്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ തന്നെ ശക്തമായ നൈതിക ഉത്തരവാദിത്വവും അവര്‍ക്കുമേല്‍ ചുമത്തപ്പെടുന്നുണ്ട്, അതില്ലാതാക്കാന്‍ നോക്കരുത്.
24 ന്യൂസ് എന്ന പ്രമുഖ ചാനലില്‍ മുന്‍നിര മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം, കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു മാധ്യമ പ്രവര്ത്തകന് ഏറ്റവും മോശമായ ഭാഷയില്‍ വിചാരണ ചെയ്യപ്പെടുന്നു. ഹാഷ്മിയേയും രാഹുലിനേയും പിന്തുണച്ചും ശക്തമായി എതിര്‍ത്തും ധാരാളം പേര് രംഗത്തുണ്ട്. പലപ്പോഴും പ്രതികരണങ്ങളുടെ സഭ്യതാഅതിര്ത്തികള് ഇരുകൂട്ടരും ഭേദിക്കുന്നുമുണ്ട്. വാര്‍ത്തകള്‍ വിശകലനം ചെയ്യുമ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ട്. വാര്‍ത്ത സത്യം പറയുന്നു; അജണ്ട അത് ഏത് ദിശയിലേക്കാണ് നമ്മെ നയിക്കുന്നതെന്ന് തീരുമാനിക്കുന്നു. ഹാഷ്മി രണ്ടാമത്തേതു തിരഞ്ഞെടുത്തു.
കുറ്റകൃത്യവും അതിലെ പ്രതിയും വീണ്ടും വാര്‍ത്തയാകുമ്പോള്‍, റിപ്പോര്‍ട്ടിങ്ങിന്റെ അതിര്‍ത്തികള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുവെന്ന വിമര്‍ശനം ഇതോടെ ശക്തമാകുകയാണ്. കോടതി നടപടികള്‍ പുരോഗമിക്കുന്ന കേസുകളിലോ, പൊതുസമൂഹം ഒരാളെ ഗുരുതര കുറ്റവാളിയായി തിരിച്ചറിഞ്ഞ സാഹചര്യങ്ങളിലോ, മാധ്യമങ്ങള്‍ നടത്തുന്ന ചില അഭിമുഖങ്ങളും പ്രത്യേക അവതരണങ്ങളും വാര്‍ത്തയല്ല, അജണ്ടയാണ് രൂപപ്പെടുത്തുന്നത് എന്ന സംശയത്തിലേക്ക് ജനങ്ങളെ അത് നയിച്ചിരിക്കുന്നു. ഗോവിന്ദച്ചാമിക്കു വേണ്ടി കോടതിയില്‍ ഹാജരായ ആളൂര്‍ വക്കീലിനേക്കാള്‍ വെറുപ്പോടെയാണ് പലരും മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മിക്കു നേരെ വിമര്‍ശനം ചൊരിയുന്നത്.
ഒരു മാധ്യമ അജണ്ട രൂപപ്പെടുന്നത് വാര്‍ത്ത തയ്യാറാക്കുമ്പോള്‍ അല്ല; വാര്‍ത്ത തിരഞ്ഞെടുക്കുന്ന നിമിഷത്തിലാണ്. പ്രതിക്കാണോ ഇരക്കാണോ വേദി നല്‍കേണ്ടത് എന്നിടത്തു തുടങ്ങുന്നു ഈ അജണ്ട നിര്‍മാണം. ആരുടെ വാക്കുകള്‍ക്ക് മുന്‍ഗണന നല്‍കണം, ആരുടെ മൗനം വാര്‍ത്തയാക്കണം ഇവയെല്ലാം തന്നെ അജണ്ടയുടെ ഘട്ടങ്ങളാണ്. ഒരു പ്രതിയെ കേന്ദ്ര കഥാപാത്രമാക്കി ദീര്‍ഘ അഭിമുഖം നല്കിയപ്പോള്, അതിന്റെ സാമൂഹിക പ്രതിഫലനം എന്തായിരിക്കും എന്ന കാര്യം 24 ന്യൂസ് ചാനല്‍ പരിഗണിച്ചതേയില്ല.
പ്രമുഖ മാധ്യമ നിരീക്ഷകനായ ഡോ. കെ. ജയചന്ദ്രന് ചൂണ്ടിക്കാട്ടുന്നു:
”മാധ്യമങ്ങള്‍ പറയുന്നതുകൊണ്ടല്ല, പറയാന്‍ തിരഞ്ഞെടുത്തതുകൊണ്ടാണ് അജണ്ട രൂപപ്പെടുന്നത്. ഒരു വിഷയത്തിന് നല്കിയ അമിത പ്രാധാന്യം തന്നെ മറ്റെല്ലാം നിശ്ശബ്ദമാക്കുന്നു.”
അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍, ഉത്തരം തേടുന്നതല്ല; പലപ്പോഴും കഥ നിര്‍മിക്കാനാണ് അവ ഉപയോഗിക്കുന്നത്. ‘നിങ്ങളെ തെറ്റായി മനസ്സിലാക്കിയില്ലേ?’, ‘സമൂഹം നിങ്ങളോട് അന്യായം ചെയ്തില്ലേ?’ എന്നിങ്ങനെ പ്രതിക്ക് സ്വയം വെളുപ്പിക്കാനുളള അവസരം നല്കുന്ന ചോദ്യങ്ങള്‍. ഹാഷ്മിയുടെ അഭിമുഖത്തിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രമേണ ഒരു ഇരയായി പുനര്‍നിര്‍മിക്കപ്പെടുന്നു. ഇവിടെ കുറ്റകൃത്യത്തിന് ഇരയായവര്‍ അദൃശ്യമാകുന്നു; അവരുടെ വേദന വാര്‍ത്തയില്‍ നിന്ന് പുറത്തേക്ക് തള്ളപ്പെടുന്നു.
സാമൂഹ്യശാസ്ത്രജ്ഞനായ പ്രൊഫ. തോമസ് വര്‍ഗീസ് പറയുന്നു:
”ഇത്തരം അഭിമുഖങ്ങളില്‍ ഇരകളില്ല; പ്രതിയേ ഉള്ളൂ. അത് തന്നെ ഒരു രാഷ്ട്രീയ നിലപാടാണ്.” കോടതി വിധിക്ക് മുമ്പേ കുറ്റവാളിയെ ശുദ്ധീകരിക്കുകയോ, സമൂഹബോധത്തെ തിരുത്തുകയോ ചെയ്യുന്ന മാധ്യമ സമീപനം, നീതിന്യായ സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നു. നിയമം തെളിവുകളുടെ ഭാഷയിലാണ് സംസാരിക്കുന്നത്; മാധ്യമം പലപ്പോഴും വികാരങ്ങളുടെ ഭാഷയിലും.
മാധ്യമ അജണ്ടയുടെ ഏറ്റവും വലിയ വിജയം ഒരാളെ ഉടന്‍ കുറ്റവിമുക്തനാക്കുന്നതിലല്ല; സമൂഹത്തില്‍ സംശയം വിതയ്ക്കുന്നതിലാണ്. ‘സത്യം അത്ര ലളിതമല്ല’, ‘ഇരുപക്ഷവും കേള്‍ക്കണം’ എന്ന വാചകങ്ങള്‍ പലപ്പോഴും നീതിയല്ല, ആശയകുഴപ്പമാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ വ്യക്തമായ ശരിയും തെറ്റും മങ്ങിപ്പോകുന്നു. രാഹുലിന്റെ അഭിമുഖം, അദ്ദേഹത്തെ പുറത്താക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പോലും പല പക്ഷങ്ങളേയും സൃഷ്ടിച്ചു എന്നതാണ് വാസ്തവം. രാഹുല്‍ ലക്ഷ്യം വച്ച അജണ്ടയും അതായിരിക്കണം. അയാള്‍ക്ക് പൊതുമണ്ഡലത്തില്‍ തിരിച്ചുവരാനുള്ള ഒരു പഴുത് അതുമാത്രമാണ്.
മാധ്യമ ധര്‍മം
മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. പക്ഷേ, സ്വാതന്ത്ര്യം ഉത്തരവാദിത്വമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍, അത് ശക്തിയല്ലഅധികാരമാണ്. ഒരു പ്രതിയെ മനുഷ്യനായി കാണുന്നത് മാധ്യമ ധര്‍മമാണ്; എന്നാല്‍ മനുഷ്യവല്‍ക്കരണത്തിന്റെ പേരില്‍ കുറ്റത്തെ വെളുപ്പിക്കുന്നത് മാധ്യമ ധര്മത്തിന് വിരുദ്ധവുമാണ്.
ഇവിടെ പ്രധാനമായും ഉയരുന്ന ചോദ്യം ഇതാണ്: മാധ്യമങ്ങളുടെ ദൗത്യം മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതാണോ, അതോ നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതാണോ? ‘മാധ്യമ വിചാരണ’ എന്ന ആശയം, ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്നാണ്. കോടതി വിധിക്ക് മുമ്പേ മാധ്യമങ്ങള്‍ പ്രതിയെ കുറ്റവിമുക്തനാക്കുകയോ, സമൂഹബോധത്തെ തിരുത്തുകയോ ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇത് മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യമായി വാഴ്ത്തപ്പെടുകയും ചെയ്യുന്നുണ്ട്.
കുറ്റകൃത്യ റിപ്പോര്‍ട്ടിംഗില്‍ ഏറ്റവും ഗൗരവമേറിയ വീഴ്ചകളിലൊന്നാണ് ഇരകളുടെ ശബ്ദം നിശ്ശബ്ദമാക്കപ്പെടുന്നത്. പ്രതിയുടെ മാനസികാവസ്ഥയും വ്യക്തിജീവിതവും വിശദമായി അവതരിപ്പിക്കുകയും സാഹചര്യമാണ് അയാളെ കുറ്റവാളിയാക്കിയതെന്നോ, തികച്ചും നിരപരാധിയായ അയാളെ കുടുക്കുകയായിരുന്നുവെന്നോ വരുത്തിതീര്ക്കുകയാണിവിടെ. ഇരകളുടെ വേദനയും സാമൂഹിക ആഘാതവും അരികുവത്കരിക്കപ്പെടുന്നു.
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയായിരിക്കുമ്പോഴും, അത് എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമല്ല. എത്തിക്കല്‍ ജേര്ണലിസമെന്നത് സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്വവും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. സ്വയംനിയന്ത്രണം പരാജയപ്പെടുന്നിടത്ത്, മാധ്യമ വിശ്വാസ്യത തന്നെ പ്രതിസന്ധിയിലാകുന്നു.
വാര്‍ത്താവിശകലനം മാധ്യമങ്ങള്‍ക്ക് ഒരു പരീക്ഷണഭൂമിയാണ്. അവിടെ വസ്തുതകളും വികാരങ്ങളും, സ്വാതന്ത്ര്യവും ഉത്തരവാദിത്വവും, മനുഷ്യാവകാശവും നീതിന്യായവും തമ്മിലുള്ള സമതുലനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വാര്‍ത്തയുടെ നിര്‍മാതാക്കളായി മാത്രം അല്ല, പൊതുബോധത്തിന്റെ ശില്പ്പികളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവാണ് മാധ്യമ നൈതികതയുടെ അടിസ്ഥാനം.
മാധ്യമപ്രവര്‍ത്തകനും ഇരയാകുന്ന
മാധ്യമസംവിധാനം
പൊതുവേ ഒരു വിവാദ അഭിമുഖമോ വാര്‍ത്തയോ പുറത്തുവരുമ്പോള്‍ കുറ്റപ്പെടുത്തല്‍ മുഴുവനായും മാധ്യമപ്രവര്‍ത്തകന്റെ മേല്‍ കേന്ദ്രീകരിക്കപ്പെടുന്ന പ്രവണതയാണ് സമൂഹത്തില്‍ കാണുന്നത്. ഹാഷ്മിയുടെ അനുഭവം ഏറ്റവും മികച്ച ഉദാഹരണമാണ്. എന്നാല്‍ യാഥാര്‍ഥ്യം അത്ര ലളിതമല്ല. ഒരു മാധ്യമപ്രവര്ത്തകന് തന്റെ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ഇത്തരം അഭിമുഖങ്ങള്‍ നടത്തുന്നത്. മാധ്യമസ്ഥാപനങ്ങളുടെ മാനേജ്മെന്റ് തലങ്ങളില്‍ സ്വീകരിക്കുന്ന നയപരവും വ്യാപാരപരവും രാഷ്ട്രീയപരവുമായ തീരുമാനങ്ങളാണ് പലപ്പോഴും ഇത്തരം ഇടപെടലുകളുടെ പശ്ചാത്തലം.
ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമപ്രവര്ത്തകന് സ്വതന്ത്രനായ ഒരു വ്യക്തിയേ അല്ല, മറിച്ച് ഒരു സംവിധാനത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. എഡിറ്റോറിയല്‍ നിര്‍ദേശങ്ങളും പ്രോഗ്രാം ഫോര്‍മാറ്റുകളും ചാനല്‍ താല്പര്യങ്ങളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിധി നിര്‍ണ്ണയിക്കുന്നു. എന്നിട്ടും വിമര്‍ശനത്തിന്റെ മുഴുവന്‍ ഭാരവും മാധ്യമപ്രവര്‍ത്തകന്റെ മേല്‍ മാത്രം ചുമത്തപ്പെടുമ്പോള്‍, യഥാര്‍ത്ഥ ഉത്തരവാദിത്വ കേന്ദ്രങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. അങ്ങനെ, വാര്‍ത്തയുടെ സൃഷ്ടിയില്‍ പങ്കാളിയായ ഒരു മാധ്യമപ്രവര്ത്തകന് തന്നെ അതിന്റെ പ്രത്യാഘാതങ്ങളുടെ ഇരയായി മാറുന്ന അവസ്ഥയാണ് ഇവിടെ രൂപപ്പെടുന്നത്, രൂപപ്പെട്ടത്.

