വീക്ഷണം / കെ ജെ സാബു
മുനമ്പം ഭൂമി പ്രശ്നത്തിൽ സുപ്രധാനമായ ഒരു വിധി പ്രസ്ഥാവനയാണ് ഉണ്ടായിരിക്കുന്നത്.
മുനമ്പം ഭൂമിയുടെ അടിസ്ഥാന അവകാശികൾ ആരാണെന്നും, അവിടെ ഇപ്പോഴുള്ള താമസക്കാർക്ക് നിയമപരമായ സംരക്ഷണം നൽകുവാനും സർക്കാർ സ്വീകരിച്ച നടപടികൾക്ക് വിധി സാധൂകരണം നൽകുന്നുണ്ട്.
2019 ൽ മുസ്ലിം ലീഗ് നേതാവ് ചെയർമാനായുള്ള വഖഫ് ബോർഡ് ഭൂമിക്ക് മേൽ അവകാശം സ്ഥാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയതോടെയാണ് നിലവിൽ പ്രതിസന്ധികൾക്ക് തുടക്കമായത്.
ബോർഡ് ഉത്തരവ് പ്രകാരം എക്സിക്യുട്ടീവ് ആഫീസർ റവന്യു വകുപ്പിന് നൽകിയ കത്തിൽ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് കത്ത് നൽകി.
എന്നാൽ താമസക്കാർക്ക് കരം അടയ്ക്കാനും പോക്ക് വരവ് നടത്താനും സർക്കാർ അനുമതി നൽകി. ഇതിനെതിരെ വഖഫ് സംരക്ഷണ സമിതി എന്നൊരു സംഘടന കോടതിയെ സമീപിക്കുകയും സർക്കാരിനെതിരായ അനുകൂല വിധി വാങ്ങുകയും ചെയ്തു.
12-12-2022 ൽ കേരള നിയമ സഭയിൽ മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ഉന്നയിച്ച ഒരു സബ് മിഷനിൽ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു . സഭയിലെ സീനിയർ അംഗം എന്നനിലയിലാണ് ലീഗ് നേതാവിന് നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കാൻ പ്രതിപക്ഷം അവസരമൊരുക്കിക്കൊടുത്തത് . വഖഫ് ഭൂമി പിടിച്ചെടുക്കണമെന്ന് മജീദ് ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ എം എൽ എമാർ ഡസ്ക്കിലടിച്ചാണ് മജീദിനെ പ്രോത്സാഹിപ്പിച്ചത് .
തുടർന്നാണ് തീരജനത സമര പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. സമരക്കാർ സർക്കാരിനെയും വഖഫ് നിയമങ്ങളെയും ഒക്കെ എതിർത്ത്കൊണ്ടാണ് മുന്നേറിയത്. നിയമ സഭയിലെ സബ്മിഷനിൽ മുഖ്യമന്ത്രി കയ്യേറ്റക്കാരെ സഹായിക്കുന്നുവെന്ന് പറഞ്ഞവരും, മുനമ്പത്ത് വന്ന് സമരത്തിൽ പങ്കെടുത്തിരുന്നു .
1950 ലെ ആധാരം വഴി സിദ്ദിഖ് സേട്ട്, ഫാറൂഖ് കോളേജിന് നൽകിയ ഭൂമിയാണ്, ഫാറൂഖ് കോളേജ് വിറ്റതും, പിന്നീട് വഖഫ് അവകാശവാദം ഉന്നയിച്ചതും.
ഒരു വ്യക്തി ദൈവത്തിനു നൽകിയ ഭൂമി തിരിച്ചു വാങ്ങാൻ പാടില്ലെന്നിരിക്കെ, ആ ഭൂമി ആവശ്യം കഴിഞ്ഞു തനിക്ക് തിരികെ നൽകണമെന്ന സിദ്ദിഖ് സേട്ടിന്റെ വ്യവസ്ഥ പരിശോധിക്കാതെയാണ് വഖഫ് ബോർഡും മറ്റും അവകാശവാദം ഉന്നയിച്ചത്.
ഫാറൂഖ് കോളേജ്ഉം മുനമ്പത്തെ താമസക്കാരും തമ്മിൽ സംസാരിച്ചു തീർക്കേണ്ട വിഷയമാണ് മുമ്പത്തെ തർക്കമെന്ന് നിയമ വിദഗ്ദർ ചൂണ്ടികാട്ടിയെങ്കിലും ആരുമത് ചെവിക്കൊണ്ടില്ല. സംഘപരിവാർ കലക്കവെള്ളത്തിൽ മീൻപിടിക്കാനും ശ്രമം നടത്തിയിരുന്നു .
മാത്രമല്ല, സിദ്ദിഖ് സേട്ടിന് എങ്ങിനെ എവിടെ നിന്ന് ഭൂമി കിട്ടി എന്നതും വിവാദമായി.1904 ലെ സെറ്റിൽമെന്റ് രേഖ രജിസ്റ്റർ പ്രകാരം പുഴ പുറമ്പോക്ക് ആയിരുന്നതും, പിന്നീട് അബ്ദുൾ സത്താർ ഹാജി മൂസാ സേട്ട് എന്നയാൾ പാട്ടത്തിനെടുത്തതുമായ ഭൂമിയാണ് 1946 ൽ സിദ്ദിഖ് സേട്ടിന്റെ കയ്യിലെത്തിയത്. ഇത് സംബന്ധിച്ചും ഇപ്പോഴും ദുരൂഹത നില നിൽക്കുന്നുണ്ട്.
പുറമ്പോക്ക് എങ്ങനെ പാട്ട ഭൂമിയായി, വ്യവസ്ഥയ്ക്ക് വിധേയമായി കൃഷി ആവശ്യത്തിന് നൽകിയ ഭൂമി എങ്ങനെ സ്വകാര്യ ഉടമസ്ഥതയിലെത്തി, അബ്ദുൾ സത്താർ ഹാജി മൂസാ സേട്ട് തന്റെ വിൽപ്പത്രത്തിൽ ഉൾപ്പെടുത്താത്ത ഭൂമി എങ്ങനെയാണ് അദ്ദേഹത്തിന്റെ അനന്തര അവകാശികൾ വിൽപ്പന നടത്തിയത് എന്നൊക്കെയുള്ള ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മുനമ്പത്തെ തർക്കത്തിനിടെ പൊന്തി വന്നു.
മേൽ സാഹചര്യത്തിലാണ് ജസ്റ്റീസ് രാമചന്ദ്രൻനായരെ അന്വേഷണ കമ്മീഷനായി സർക്കാർ നിയമിച്ചത് .മുനമ്പം വിഷയത്തിന്റെ നാനാ വശങ്ങൾ കണ്ടെത്തുക, താമസക്കാരുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യത വരുത്തുക തുടങ്ങിയവയൊക്കെ കമ്മീഷന്റെ പരിധിയിൽ ഉണ്ടായിരുന്നു. അതിനെതിരെയാണ് വഖഫ് സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്.
സിംഗിൾ ബഞ്ച് ഹർജിക്കാർക്ക് അനുകൂലമായി വിധി പറഞ്ഞതോടെ കമ്മീഷന്റെ പ്രവർത്തനം തടയപ്പെട്ടു.
സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് കമ്മീഷന്റെ പ്രവർത്തനം തുടരാമെന്ന് കോടതി പറഞ്ഞത്.അതോടൊപ്പം വഖഫ് സംബന്ധിച്ച അവകാശവാദങ്ങളും കോടതി നിരാകരിച്ചു.പറവൂർ സബ് കോടതിയുടെ ഒരു വിധിയും, ആ വിധി ശരിവെച്ച ഹൈക്കോടതി വിധിയുമാണ് ഭൂമിയിൽ വഖഫ് അവകാശമുണ്ടെന്ന് പറയാൻ കാരണമായത്.ആ വിധികൾ കൂടി ഇതോടെ അസ്ഥിരപ്പെടുകയാണ്.

